‘ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കൈത്താങ്ങായി സിപിഎം വെസ്റ്റ് ബംഗാൾ 50 കോടി’ എന്ന വാർത്ത സത്യമോ..?

രാഷ്ട്രീയം

വിവരണം 

അലി കൊണ്ടോട്ടി‎‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ‎POLITICS-KERALA മാന്യമായ രാഷ്ട്രീയ ചര്‍ച്ചയ്ക്കൊരിടം എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന്  ഇതുവരെ 2000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. 

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ് : “ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കൈത്താങ്ങായി സിപിഎം വെസ്റ്റ് ബംഗാൾ 50 കോടി” എന്ന വാചകവും ഒപ്പം വെസ്റ്റ് ബംഗാൾ സിപിഎം നേതാവ് ബിമൻ ബസുവിന്‍റെ ചിത്രവും നൽകിയിട്ടുണ്ട്. പോസ്റ്റിന്  അടിക്കുറിപ്പായി “മൂരികൾ ഇന്ന് ഇവിടെ 

കുരു പൊട്ടി ചാകും” എന്ന വാചകവുമുണ്ട്.

archived linkFB post

പോസ്റ്റിൽ പറയുന്നത് ഇത്തവണത്തെ പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളത്തിന്‌ വെസ്റ്റ് ബംഗാൾ സിപിഎം യൂണിറ്റ് 50  കോടി രൂപ ധനസഹായം നൽകും എന്നതാണ്. കേരളത്തിൽ കഴിഞ്ഞ തവണയുണ്ടായ വെള്ളപ്പൊക്കത്തിൽ നിന്ന് ഭൂരിഭാഗം പേരും കരകയറുന്നതിന് മുമ്പുതന്നെയാണ് അപ്രതീക്ഷിതമായി അടുത്ത പ്രളയമെത്തിയത്. അതിനാൽ കൂടുതൽ ധനസഹായം സർക്കാരിന് ലഭിച്ചെങ്കിൽ  മാത്രമേ പരമാവധിപ്പേർക്ക് സഹായം എത്തിക്കാൻ കഴിയൂ. അതിനായി സുമനസ്സുകൾ സഹായിക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. 

നിരവധി ധനസഹായങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിക്കൊണ്ടിരിക്കുന്നതായും വാർത്തകളുണ്ട്.വെസ്റ്റ് ബംഗാളിൽ നിന്നും ഇത്രയും വലിയ തുക സിപിഎം സംഭാവന നൽകിയോ..? നമുക്ക് വാർത്തയുടെ വിശദാംശങ്ങൾ അന്വേഷിക്കാം 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിൽ ഈ വാർത്തയുടെ സ്രോതസ്സ് ഒന്നുംതന്നെ വെളിപ്പെടുത്തിയിട്ടില്ല. അതായത് വാർത്ത ഏതെങ്കിലും മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നോ..?  അല്ലെങ്കിൽ പാർട്ടി നേതൃത്വം വാർത്താ കുറിപ്പ് പുറപ്പെടുവിച്ചോ..? അതുമല്ലെങ്കിൽ അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പ്രസ്താവനയായി പ്രസിദ്ധീകരിച്ചോ എന്നൊന്നും യാതൊരു സൂചനകളുമില്ല.

തുടർന്ന് ഞങ്ങൾ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഓൺലൈനിൽ വാർത്ത തിരഞ്ഞു. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത ഒരു മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടില്ല. 2018 ലെ പ്രളയശേഷം പശ്ചിമ ബംഗാൾ ഗവണ്മെന്റ് 10 കോടി കേരളത്തിന്‌ നൽകുന്നതായി വാർത്തകൾ വന്നിരുന്നു. 

archived linkindiatoday

ഇതല്ലാതെ 2019 ലെ പ്രളയ ദുരിതാശ്വാസമായി എന്തെങ്കിലും തുക വെസ്റ്റ് ബംഗാളിൽ നിന്ന് സർക്കാരോ മറ്റു സംഘടനകളോ നൽകുന്നതായി വാർത്തകളില്ല.

ഒരിടത്തു നിന്നും വാർത്തയുടെ വിശദാംശങ്ങൾ ലഭ്യമാകാത്തതിനാൽ ഞങ്ങൾ ആദ്യം കേരളത്തിലെ സിപിഎം പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയുടെ ഓഫീസിൽ ബന്ധപ്പെട്ടു. കോട്ടയത്ത് സീനിയർ സബ് എഡിറ്ററായ ഷൈജു ഞങ്ങളുടെ  പ്രതിനിധിയെ അറിയിച്ചത് ഇത്തരത്തിൽ ഒരു അറിയിപ്പ് ഇതുവരെ മാധ്യമ ഓഫീസിൽ ലഭിച്ചിട്ടില്ല എന്നതാണ്. “ഇത്രയും വലിയ ഒരു തുക പശ്ചിമ ബംഗാൾ സിപിഎം ഓഫീസിൽ നിന്നും ലഭിച്ചാൽ അത് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വാർത്തയായി മാറേണ്ടതാണ്. ഇത് ഒരു വ്യാജ പ്രചരണമാകാനാണ് സാധ്യത. “

തുടർന്ന് ഞങ്ങൾ സംസ്ഥാന  മുഖ്യമന്തിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫായ സുനീഷ് പറഞ്ഞത്  ഇത്തരത്തിൽ ഒരു അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ്. “ഇത് തെറ്റിദ്ധാരണ സൃഷ്ടിക്കാൻ മനഃപൂർവമുള്ള പ്രചരണമാണ്. ഇങ്ങനെയൊരു സഹായം പശ്ചിമ ബംഗാളിൽ നിന്നും പാർട്ടി പ്രഖ്യാപിച്ചിട്ടില്ല. ഞങ്ങളുടെ ഓഫീസിൽ ഇങ്ങനെയൊരു അറിയിപ്പ് ലഭിച്ചിട്ടുമില്ല.”

കൂടാതെ ഞങ്ങൾ വെസ്റ്റ് ബംഗാൾ സിപിഎമ്മിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ച് നോക്കി.പാർട്ടിയുടെ തീരുമാനങ്ങളും നിലപാടുകളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ പ്രസ്തുത പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയിലേക്ക് യാതൊരു സൂചനകളും ലഭ്യമല്ല.

ഞങ്ങള്‍ക്ക് അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ് എന്നാണ്. വെസ്റ്റ് ബംഗാൾ സിപിഎം കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി 50 കോടി രൂപ നൽകുമെന്ന് പറഞ്ഞിട്ടില്ല. ഈ വാർത്ത ഈ പോസ്റ്റിലല്ലാതെ മറ്റൊരിടത്തും കാണാനില്ല.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്.വെസ്റ്റ് ബംഗാൾ സിപിഎം കേരളത്തിലെ ഇത്തവണത്തെ പ്രളയ ദുരിതാശ്വാസത്തിനായി 50 കോടി രൂപ നൽകും എന്ന് പ്രഖ്യാപിക്കുകയോ നൽകുകയോ ചെയ്തിട്ടില്ല. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്നു മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു 

Avatar

Title:‘ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കൈത്താങ്ങായി സിപിഎം വെസ്റ്റ് ബംഗാൾ 50 കോടി’ എന്ന വാർത്ത സത്യമോ..?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •