മഞ്ചേരി ബൈപ്പാസ് അടുത്ത മാസം ഉദ്ഘാടനം ചെയ്യുമോ…?

ദേശീയം സാമൂഹികം

വിവരണം

കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും “പിണറായി ഡാ ???

ജനകീയ മുഖ്യൻ ഡാ ❤”എന്ന അടിക്കുറിപ്പുമായി 2019  മെയ് 3  മുതൽ ഒരു ദീർഘദൂര റോഡിന്‍റെ ചിത്രവും “ലീഗിനെക്കൊണ്ട് ചെയ്യാൻ പറ്റാത്തത് ചെയ്തു കാണിച്ചു പിണറായി. ഇത് സൗദിയോ ഒമാനോ ദുബായിയോ ഒന്നുമല്ല.അടുത്തമാസം ഉദ്ഘാടനം ചെയ്യുന്ന മഞ്ചേരി ബൈപ്പാസ്. ഇത് കേരളത്തിന്റെ ജനനായകൻ പിണറായിയുടെ കേരളം.എൽഡിഎഫ് വരും എല്ലാം ശരിയാകും. ലാൽസലാം സഖാവേ ഷെയർ ചെയ്യൂ..” എന്ന വിവരണവും ചേർത്ത് പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പോസ്റ്റിന് ഏകദേശം 2000 ഷെയറുകൾ ലഭിച്ചിട്ടുണ്ട്.

archived link FB post

കേരളത്തിലെ പല റോഡുകളും ബൈപ്പാസുകളും  ലോകോത്തര നിലവാരത്തിൽ പൊതുജനങ്ങൾക്ക് സമർപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ആ വിഭാഗത്തിൽ പെട്ട ബൈപ്പാസാണോ ചിത്രത്തിൽ നൽകിയിയിട്ടുള്ളത്..? ഇത് മഞ്ചേരിയിലേത് തന്നെയാണോ… അതോ വ്യാജ പ്രചാരണമാണോ… നമുക്ക് അറിയാൻ ശ്രമിക്കാം.

വസ്തുതാ പരിശോധന

ഞങ്ങൾ ചിത്രം google reverse image ഉപയോഗിച്ചു പരിശോധിച്ചു. അതിന്‍റെ സ്ക്രീൻഷോട്ട് താഴെ കൊടുത്തിരിക്കുന്നു.

അന്വേഷണ ഫലങ്ങളിൽ അതേ  ചിത്രം തന്നെ ഞങ്ങൾക്ക് ലഭിച്ചിരുന്നു. അവിടെ നിന്നും ലഭിച്ച ലിങ്കുകളിലെ വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ ചിത്രത്തിൻറെ യാഥാർഥ്യം വ്യക്തമായി. ഇത് ദുബായിയിൽ നിന്നും ഒമാനിലേക്കുള്ള സഞ്ചാരം സുഗമമാക്കാൻ ഒമാൻ ഗതാഗത-വിനിമയ മന്ത്രാലയം 265  കി.മി. ദൂരത്തിൽ പണികഴിപ്പിച്ച ആറുവരിപ്പാതയുടെ ചിത്രമാണ്.2018 മേയിൽ രാഷ്ട്രത്തിന് സമർപ്പിച്ച  അൽ ബാറ്റിനാ എക്‌സ്പ്രസ്സ് വേ എന്ന് പേരിട്ടിരിക്കുന്ന റോഡ് ഹൽബാൻ മുതൽ ഖത്ത് മത്ത് മലാഹാ വരെ നീളുന്നതാണെന്ന് വാർത്തയിൽ പറയുന്നു. 2018 മെയ് 7 ന് പാത രാഷ്ട്രത്തിനു സമർപ്പിക്കുമെന്ന് ഒമാൻ ഗതാഗത-വിനിമയ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ച വാർത്ത താഴെ കൊടുക്കുന്നു.

archived link Twitter

വാർത്ത ഒമാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിന്റെ സ്ക്രീൻഷോട്ടും ലിങ്കുകളും താഴെ കൊടുക്കുന്നു.

archived link
khaleejtimes
archived link
timesofoman
archived link
venturesonsite

പരിശോധനയിൽ ഒരു കാര്യം ഉറപ്പായി . ചിത്രത്തിൽ നൽകിയിരിക്കുന്ന റോഡ് മഞ്ചേരി ബൈപ്പാസിന്റെതല്ല. ദുബായിൽ നിന്നും ഒമാനിലേക്ക് നിർമ്മിച്ച അൽ ബാറ്റിനാ എക്‌സ്പ്രസ്സ് വേയുടേതാണ്.

ഇനി മഞ്ചേരി ബൈപ്പാസിന്റെ ചിത്രം ലഭ്യമാണോ എന്ന് നമുക്ക് പരിശോധിച്ചു നോക്കാം.

ഇത് മഞ്ചേരി ബൈപ്പാസിനെക്കുറിച്ച് google maps ൽ തിരഞ്ഞതിന്‍റെസ്ക്രീൻഷോട്ടാണ്. മഞ്ചേരി ബൈപ്പാസ് എന്ന പേരിൽ ചിത്രങ്ങളോ വാർത്തകളോ ലഭ്യമല്ല.  ഇതിൽ മൂന്ന് ബൈപ്പാസുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. 1. രാജീവ് ഗാന്ധി ബൈപ്പാസ് 2. സിഎച്ച് ബൈപ്പാസ് 3. IGBT ബൈപാസ്. ഇവ വർഷങ്ങൾക്കു  മുമ്പേ  കമ്മീഷൻ ചെയ്തവയാണ്.മഞ്ചേരി ബൈപ്പാസ്  എന്ന പേരിൽ റോഡുകൾ നിലവിലില്ല. നിർമാണത്തിലുള്ളതായി രേഖകളുമില്ല.  അടുത്ത മാസം മഞ്ചേരിയിൽ ബൈപ്പാസുകൾ ഉദ്ഘാടനം ചെയ്യുന്നതായി മാധ്യമ വാർത്തകളോ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അറിയിപ്പുകളോ ഇല്ല. നിലവിൽ   ആലപ്പുഴയിൽ ബൈപ്പാസ് 98 ശതമാനം പണി പൂർത്തിയായെന്ന്  വാർത്തയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഔദ്യോഗികമായി അദ്ദേഹത്തിൻറെ ട്വിറ്റർ  പേജിൽ പങ്കുവച്ചിട്ടുണ്ട്.

archived link Twitter

വിശകലനത്തിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. പോസ്റ്റിലുള്ളത് വ്യാജമായ പ്രചരണമാണ്.

നിഗമനം

പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് പൂർണമായും വ്യാജമായ വാർത്തയാണ്. പോസ്റ്റിൽ നൽകിയിട്ടുള്ളത് ദുബായിൽ നിന്നും ഒമാനിലേക്ക് പോകുന്ന എക്‌സ്പ്രസ്സ് വേയുടെ ചിത്രമാണ്. മഞ്ചേരി ബൈപ്പാസ് എന്ന പേരിൽ കേരളത്തിൽ  പാത അടുത്തമാസം ഉദ്ഘാടനം ചെയ്യുമെന്ന വാർത്തയ്ക്ക്  യാതൊരു അടിസ്ഥാനവുമില്ല. പൂർണമായും തെറ്റായ പ്രചാരണമുള്ള ഈ പോസ്റ്റ് പങ്കുവെയ്ക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക.

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:മഞ്ചേരി ബൈപ്പാസ് അടുത്ത മാസം ഉദ്ഘാടനം ചെയ്യുമോ…?

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •