അയോദ്ധ്യ ക്ഷേത്ര നിർമ്മാണം തുടങ്ങിയാൽ ആത്മഹത്യ ചെയ്യുമെന്ന് കപിൽ സിബൽ ഒരിടത്തും പറഞ്ഞിട്ടില്ല…

ദേശീയം രാഷ്ട്രീയം | Politics

വിവരണം

ഏറെ വിവാദങ്ങൾക്കു സംഘർഷങ്ങൾക്കും ഒടുവിൽ വരുന്ന ഓഗസ്റ്റ് അഞ്ചിന് അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമാകുകയാണ്. നാല്‍പ്പത് കിലോ തൂക്കം വരുന്ന വെള്ളിയുടെ ഇഷ്ടിക കല്ലിട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുക എന്നാണ് വാർത്തകൾ. 

ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. അയോദ്ധ്യ ക്ഷേത്ര നിർമ്മാണം തുടങ്ങിയാൽ ആത്മഹത്യ ചെയ്യുമെന്ന് കപിൽ സിബൽ. ഇതാണ് വാർത്ത. ഒപ്പം കപിൽ സിബലിന്‍റെ ചിത്രവും നൽകിയിട്ടുണ്ട്.

കൂട്ടിന് ആരുമില്ലാത്തതുകൊണ്ട് മധുപാലും ആത്മഹത്യ ചെയ്യാതിരിക്കുകയാണ്.
അവനെ കൂടി കൂട്ടുമോ…? എന്ന വിവരണവും പോസ്റ്റിനു നല്കിയിട്ടുണ്ട്.

archived linkFB post

എന്നാല്‍ പോസ്റ്റിലെ വാര്‍ത്ത തെറ്റാണ്. യാഥാര്‍ഥ്യം എന്താണെന്ന് നോക്കാം

വസ്തുതാ വിശകലനം 

ഞങ്ങള്‍ വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ തിരഞ്ഞപ്പോള്‍ ഇതൊരു വ്യാജ പ്രചരണം മാത്രമാണെന്ന് വ്യക്തമായി. പുഷ്പേന്ദ്ര കുല്‍ക്ഷേത്ര  എന്ന ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്നും ജൂലൈ 20 മുതല്‍ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. ഹിന്ദിയിലുള്ള പോസ്റ്റിന്‍റെ പരിഭാഷ ഇങ്ങനെയാണ്: “രാമക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിക്കുമ്പോൾ ആത്മഹത്യ ചെയ്യുമെന്ന് കപിൽ സിബൽ ഒരിക്കൽ പറഞ്ഞു.” 

ഇതിന്‍റെ ചുവടു പിടിച്ച് നിരവധിപ്പേര്‍ ട്വിറ്ററില്‍ വാര്‍ത്ത പങ്കുവച്ചു. പലരും ഇത്തരം വാര്‍ത്തകളുടെ സ്ക്രീന്‍ഷോട്ടുകളാണ് പങ്കുവച്ചത്. വാസ്തവമാറിയാതെ പങ്കുവച്ചവരും ഇതില്‍ ഉള്‍പ്പെടും. ഈ വ്യാജ പ്രചരണത്തിന് ആധാരമായതെന്താണ് എന്ന്‍ അന്വേഷിച്ചപ്പോള്‍ 2018 ഒക്ടോബര്‍ 30 നു ലൈവ് ഹിന്ദുസ്ഥാന്‍ എന്ന മാധ്യമം യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു വീഡിയോ ലഭ്യമായി. രാമക്ഷേത്ര നിര്‍മ്മാണത്തെ പറ്റി കപില്‍ സിബല്‍ നടത്തിയ ഒരു പ്രസ്താവനയാണ് വാര്‍ത്തയിലുള്ളത്. 

archived link

“എപ്പോള്‍ വാദം കേള്‍ക്കണമെന്നും വിധി പറയണമെന്നും കോടതിയാണ് തീരുമാനിക്കുക. കോണ്‍ ഗ്രസ്സിനോ ബിജെപിക്കോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊ ഇതിന്‍റെ മേല്‍ തീരുമാനമെടുക്കാന്‍ അധികാരമില്ല. നിയമ നിര്‍മ്മാണം നടത്തണമെങ്കില്‍ നടത്തിക്കോളൂ. കോണ്‍ഗ്രസ്സ് പാര്‍ട്ടി തടയില്ല. തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപി ഇത് ഉയര്‍ത്തി കാട്ടുകയാണ്. 2014 ല്‍ തെരെഞ്ഞെടുപ്പ് ജയിച്ചു കഴിഞ്ഞപ്പോള്‍ മുതല്‍  ഇക്കൂട്ടര്‍ ഉറങ്ങുകയായിരുന്നോ..? 2018ലാണോ രാമക്ഷേത്രം നിര്‍മ്മിക്കുന്ന കാര്യം വീണ്ടും ഓര്‍ത്തത്…? എങ്ങനെയും അധികാരം നേടുക എന്നത് മാത്രമാണു ഇവരുടെ ലക്ഷ്യം. ഇങ്ങനെയുള്ള വാദ്ഗാനങ്ങള്‍ കൊണ്ട് പൊതുജനങ്ങള്‍ക്ക് എന്താണ് ഗുണം..? പൊതുജനത്തിനു പ്രാഥമികമായി വേണ്ടത് ആഹാരവും വസ്ത്രവുമൊക്കെയാണ്. ഇന്ധനവിലയും നിത്യോപയോഗ സാധന വിലയും കൂടുകയാണ്. ഇവര്‍ക്ക് രാജ്യം ഭരിക്കാനറിയില്ല.” ഇതാണ് കപില്‍ സിബല്‍ പറഞ്ഞതിന്‍റെ പരിഭാഷ. 

രാം മന്ദിർ-ബാബറി കേസില്‍ എത്തി കക്ഷിയുടെ വക്കീലായിരുന്നു കപില്‍ സിബല്‍. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ കേസ് മാറ്റിവയ്ക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹിയറിംഗിനിടെ സമർപ്പിച്ചിരുന്നു

സുപ്രീംകോടതി ഇത് നിരസിക്കുകയും വിഷയം 2018 ഫെബ്രുവരി 8 ന് വാദം കേൾക്കുകയും ചെയ്തു. 

archived link

കൂടാതെ രാമക്ഷേത്രത്തെ പറ്റി കപില്‍ സിബല്‍ 2017 ല്‍ നടത്തിയ ഒരു പ്രസ്താവനയുടെ വീഡിയോയാണ് മുകളില്‍ നല്‍കിയിട്ടുള്ളത്.  “മോദിജിയുടെ അഭ്യര്‍ഥന പ്രകാരമല്ല, ഭഗവാന്‍റെ അഭ്യര്‍ഥന മാനിച്ചാണ് ക്ഷേത്രം പണിയേണ്ടത്” എന്നാണ് അദ്ദേഹം അതില്‍ പരാമര്‍ശം നടത്തുന്നത്. രാമക്ഷേത്ര നിര്‍മ്മാണത്തെ പറ്റി പരാമര്‍ശം നടത്തിയ ഒരിടത്തും കപില്‍ സിബല്‍ നിര്‍മ്മാണം നടന്നാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ടില്ല. കപില്‍ സിബലിനെതിരെ ഇതേ ആരോപണം 2017 മുതല്‍ പ്രചരിക്കുന്നതാണ്. 

തനിക്കെതിരെയുള്ള വ്യാജ പ്രചരണത്തെ പറ്റി കപില്‍ സിബല്‍ പ്രതികരിച്ചതായി ഇതുവരെ കണ്ടില്ല. 

എങ്കിലും ഇതൊരു വ്യാജ പ്രചരണമാണെന്ന് വ്യക്തമായിട്ടുണ്ട്. 

നിഗമനം

പോസ്റ്റില്‍ നല്കിയിരിക്കുന്ന വാദം പൂര്‍ണ്ണമായും തെറ്റാണ്. രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് കപില്‍ സിബല്‍ ഇതുവരെ ഒരിടത്തും പ്രസ്താവിച്ചിട്ടില്ല. ഇതരത്തില്‍ നടത്തുന്നതെല്ലാം വ്യാജ പ്രചാരണങ്ങള്‍ മാത്രമാണ്. ആള്‍ട്ട് ന്യൂസ്  ഇതീ വാര്‍ത്തയുടെ മുകളില്‍ വസ്തുതാ അന്വേഷണം നടത്തിയിരുന്നു. അവരും വ്യാജ പരാമര്‍ശമാണിത് എന്ന നിഗമനത്തിലാണ് എത്തി ചേര്‍ന്നത്. 

Avatar

Title:അയോദ്ധ്യ ക്ഷേത്ര നിർമ്മാണം തുടങ്ങിയാൽ ആത്മഹത്യ ചെയ്യുമെന്ന് കപിൽ സിബൽ ഒരിടത്തും പറഞ്ഞിട്ടില്ല…

Fact Check By: Vasuki S 

Result: False