
വിവരണം
പേര് നല്‍കിയില്ലെങ്കിലും വേണ്ടില്ല.. പഴങ്കഥകള്‍ പറഞ്ഞ് അപമാനിക്കാതിരിക്കു.. ഗോള്‍വാക്കര്‍ വിഷയത്തില്‍ സുരേന്ദ്രന്‍.. എന്ന തലക്കെട്ട് നല്‍കിയ 24 ന്യൂസ് വെബ്‌ഡെസ്‌ക് എന്ന ബൈലിന്‍ നല്‍കിയ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മലയാളത്തിലെ പ്രമുഖ ദൃശ്യമാധ്യമമായ 24 ന്യൂസിന്‍റെ വെബ്‌ഡെസ്‌ക് നല്‍കിയ വാര്‍ത്തയാണിതെന്ന പേരിലാണ് പ്രചരണം. തിരുവനന്തപുരം രാജീവ്ഗാന്ധി ബയോടെക്‌നോളജി സെന്‍ററിന്‍റെ രണ്ടാമത്തെ ക്യാംപസിന് ആര്‍എസ്എസ് നേതാവ് ഗോള്‍വാക്കറിന്‍റെ പേര് നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചതിനെ കുറിച്ചുള്ള വിമര്‍ശനങ്ങളും ചൂടേറിയ ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതെ തുടര്‍ന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇത്തരമൊരു പ്രതികരണം നടത്തിയതെന്നാണ് പോസ്റ്റില്‍ ഉന്നയിക്കുന്ന അവകാശവാദം. അഡ്വ. വൈശാഖന്‍ എന്‍.വി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 258ല്‍ അധികം റിയാക്ഷനുകളും 38ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ കെ.സുരേന്ദ്രന്‍ ഗോള്‍വാക്കര്‍ വിഷയത്തില്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? 24 ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് തന്നെയാണോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്? വസ്‌തുത പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ 24 ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ 24 ന്യൂസിന്‍റെ ഫെയ്‌സ്ബുക്ക് പേജ് ഞങ്ങള്‍ പരിശോധിച്ചു. എന്നാല്‍ ഇത്തരമൊരു വാര്‍ത്ത 24 നല്‍കിയിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് വെബ്‌സൈറ്റിലും കീ വേര്‍ഡ് ഉപയോഗിച്ച് പരിശോധിച്ചെങ്കിലും യാതൊരു വിവരങ്ങളും ലഭിച്ചില്ല. മറ്റ് മാധ്യമങ്ങളും ഇത്തരത്തിലൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്ന് അറിയാന്‍ ഗൂഗിളില്‍ കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്ത് വാര്‍ത്തകള്‍ പരിശോധിച്ചെങ്കിലും സുരേന്ദ്രന്‍ ഗോള്‍വാക്കര്‍ വിഷയത്തില്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതായി മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മനസിലാക്കാന്‍ കഴിഞ്ഞു.
24 ന്യൂസ് വെബ്‌ഡെസ്‌കിന്‍റെ പേരിലുള്ള സ്ക്രീന്‍ഷോട്ട് ആയതുകൊണ്ട് തന്നെ 24 ന്യൂസ് വെബ്‌ഡെസ്‌കുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ നല്‍കിയ മറുപടി ഇപ്രകാരമാണ്-
24 ന്യൂസ് ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടില്ല. 24 ന്യൂസ് വെബ്‌ഡെസക് നവംബര്‍ 29ന് കെ.സുരേന്ദ്രന്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് നടത്തിയ പ്രസ്താവനയെ കുറിച്ച് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്ത് തെറ്റായ തലക്കെട്ട് നല്‍കി വ്യാജ പ്രചരണം നടത്തുന്നതാണിത്. പിണറായി രാജിവെച്ച് മുഖ്യമന്ത്രി കസേര എന്നെ എല്‍പ്പിക്കു.. സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് കെ.സുരേന്ദ്രന്‍ ..എന്ന തലക്കെട്ട് നല്‍കി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്താണ് വ്യാജ പ്രചരണത്തിനായി ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും 24 ന്യൂസ് വെബ്‌ഡെസ്‌കില്‍ നിന്നും വിശദീകരണം നല്‍കി.
24 ന്യൂസ് വെബ്‌ഡെസ്ക് ബൈലൈനില്‍ നല്‍കിയ യഥാര്‍ത്ഥ
വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

നിഗമനം
24 ന്യൂസ് കെ.സുരേന്ദ്രന്‍റെ പ്രസ്താവനയെ കുറിച്ച് നല്‍കിയ മറ്റൊരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്ത് തലക്കെട്ട് മാറ്റിയ ശേഷം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. 24 ന്യൂസ് വെബ്‌ഡെസ്‌ക് അധികൃതര്‍ തന്നെ സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:‘ഗോള്‍വാക്കറിന്‍റെ പേര് നല്‍കിയില്ലെങ്കിലും പഴങ്കഥകള്‍ പറഞ്ഞ് അപമാനിക്കാരുതെന്ന്’ കെ.സുരേന്ദ്രന്‍ പ്രസ്താവന നടത്തിയോ? പ്രചരണം വ്യാജമാണ്.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
