
വിവരണം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ ഐശ്വര്യ കേരള യാത്ര നടത്തുകയാണ്. ഓരോ ജില്ലയിലും യാത്രയ്ക്ക് ലഭിക്കുന്ന സ്വീകരണ വേളകളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതും ഭരണം ലഭിച്ചാല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പ്രഖ്യാപനങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടയില്‍ ഈയിടെ പ്രചരിച്ചു തുടങ്ങിയ ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. മുന്‍ കേന്ദ്ര മന്ത്രി എ കെ ആന്റണിയുടെ ചിത്രവും ഒപ്പം “ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്, അല്ലാതെ ശബരിമലയല്ല; ചെന്നിത്തലയുടെ നിലവിലെ രീതി കോണ്‍ഗ്രസിന്‍റെ അന്തസ്സ് കെടുത്തുന്നത്: എ കെ ആന്‍റണി” എന്ന വാചകങ്ങളുമാണ് പോസ്റ്റിലുള്ളത്. 24 ന്യൂസ് ചാനല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന മട്ടില്‍ അവരുടെ ലോഗോയും പോസ്റ്റില്‍ ദൃശ്യമാണ്.

ഫാക്റ്റ് ക്രെസണ്ടോ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു. ഇതൊരു വ്യാജ പ്രചരണം മാത്രമാണെന്ന് കണ്ടെത്തുകയും ചെയ്തു. വിശദാംശങ്ങള്‍ പങ്കുവയ്ക്കാം
വസ്തുതാ വിശകലനം
ഞങ്ങള്‍ ആദ്യം ഈ വാര്‍ത്ത 24 ന്യൂസ് ചാനലിന്‍റെ ഓണ്‍ലൈന്‍ പതിപ്പില്‍ അന്വേഷിച്ചു. എന്നാല്‍ അതില്‍ ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കാണാന്‍ കഴിഞ്ഞില്ല. മറ്റുള്ള മാധ്യമങ്ങളില്‍ ആരും ഇങ്ങനെയൊരു വാര്‍ത്ത നല്‍കിയിട്ടില്ല. അതിനാല്‍ ഞങ്ങള്‍ 24 ന്യൂസ് ചാനലിന്‍റെ വാര്‍ത്താ വിഭാഗവുമായി ബന്ധപ്പെട്ടു. വാര്‍ത്ത വിഭാഗത്തിന്‍റെ ചുമതലയുള്ള ഉണ്ണികൃഷ്ണന്‍ അറിയിച്ചത് ഇത് വെറും വ്യാജ സ്ക്രീന്‍ഷോട്ട് ആണെന്നാണ്. “ഞങ്ങള്‍ ഉപയോഗിക്കുന്ന ഫോണ്ട് ഇതല്ല. ഇത് ഞങ്ങളുടെ ലോഗോ ആരോ ദുരുപയോഗപ്പെടുത്തി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനാണ് ചാനലിന്‍റെ തീരുമാനം.”
കൂടാതെ എ. കെ. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ചു. ഇത് വെറും വ്യാജ പ്രചരണമാണെന്നും എ കെ ആന്‍റണി ഇത്തരത്തില്‍ യാതൊരു പരാമര്‍ശങ്ങളും നടത്തിയിട്ടില്ല എന്നും അനില്‍ പ്രതികരിച്ചു.
ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് തെറ്റായ വാര്‍ത്തയാണ് എന്ന് വ്യക്തമായിട്ടുണ്ട്
നിഗമനം
പോസ്റ്റിലൂടെ നടത്തുന്നത് വ്യാജ പ്രചാരണമാണ്. 24 ന്യൂസ് ചാനലിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ട് ഉണ്ടാക്കി വ്യാജ വാര്‍ത്ത പ്രചരിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ യാതൊരു പരാമര്‍ശവും എ. കെ. ആന്‍റണി നടത്തിയിട്ടില്ല.

Title:രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് എ കെ ആന്‍റണി പരാമര്‍ശം നടത്തിയെന്ന് വാദിക്കുന്ന 24 ന്യൂസ് ചാനല്‍ സ്ക്രീന്‍ ഷോട്ടിന്‍റെ സത്യമറിയൂ…
Fact Check By: Vasuki SResult: False
