
വിവരണം
സാമൂഹിക മാധ്യമങ്ങളിലൂടെ വാർത്തകൾ വിശ്വാസ്യതയുടെ പ്രചരിപ്പിക്കാനായി ചാനൽ സ്ക്രീൻഷോട്ടുകളും പത്ര വാർത്തകളുടെ കട്ടിങ്ങുകളും ഉപയോഗിക്കുക പതിവാണ്. എന്നാൽ ഇത്തരത്തിൽ വ്യാജ പ്രചാരങ്ങളും നടത്തുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കൃത്രിമമായി തയ്യാറാക്കിയ ചാനൽ സ്ക്രീൻഷോട്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ പ്രചരിച്ച ചില സ്ക്രീൻഷോട്ടുകളെ പറ്റി ഞങ്ങൾ അന്വേഷണം നടത്തുകയും വ്യാജ പ്രചാരണമാണെന്നു കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
കേരളത്തിൽ അടുത്തിടെ വിവാദമായ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടും ഇത്തരത്തിൽ ചില വ്യാജ സ്ക്രീൻഷോട്ടുകൾ പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ പെട്ട ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്.

സ്വപ്ന സുരേഷ് ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ സിപിഎം നേതാക്കളിടെ ഒത്താശയോടെ… എന്ന വാർത്തയാണ് സ്ക്രീൻഷോട്ടിലുള്ളത്. കൂടാതെ ബിഗ് ബ്രേക്കിങ് ന്യൂസ് എന്നും കാണാം. കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനെയും നാലാം പ്രതിയായ സന്ദീപ് നായരെയും ശനിയാഴ്ച ബാംഗ്ലൂരിലെ ഒളിത്താവളത്തില്‍ നിന്നും പിടികൂടിയിരുന്നു.
എന്നാൽ ഈ പോസ്റ്റിലെ സ്ക്രീൻഷോട്ട് വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
യാഥാർഥ്യം ഇങ്ങനെയാണ്
ഞങ്ങൾ ഈ സ്ക്രീൻഷോട്ടിനെ കുറിച്ച് കൂടുതലറിയാനായി ചാനൽ അധികൃതരുമായി തന്നെ ബന്ധപ്പെട്ടു. ഈ സ്കീൻഷോട്ട് വ്യാജമാണെന്നും ഇത്തരത്തിലൊരു വാർത്ത നൽകിയിട്ടില്ലെന്നും ചാനലിന്‍റെ കൊച്ചി ബ്യുറോ ചീഫ് എൻ ശ്രീനാഥ് ഞങ്ങളെ അറിയിച്ചു. ചാനലിന്‍റെ സ്ക്രീന്ഷോട്ടുപയോഗിച്ചുള്ള വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടികൾക്ക് ഒരുങ്ങുകയാണെന്നും അറിയിച്ചു.

കൂടാതെ ന്യൂസ് 18 ചാനലിലെ വാർത്താ അവതാരകൻ സനീഷ് തന്റെ ഫേസ്‌ബുക്ക് പേജിൽ ചാനലിന്‍റെ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ ഒരു പോസ്റ്റ് നൽകിയിട്ടുണ്ട്. വ്യാജ സ്ക്രീൻഷോട്ടിൽ സനീഷിന്‍റെ ചിത്രവും നൽകിയിട്ടുണ്ട്.
പോസ്റ്റിൽ നൽകിയിരിക്കുന്നത് വ്യാജ സ്ക്രീൻഷോട്ടാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ന്യൂസ് 18 ചാനൽ ഇത്തരത്തിലൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല. ചാനലിന്‍റെ വ്യാജ സ്ക്രീൻഷോട്ടാണ് വ്യാജ പ്രചാരണത്തിനുപയോഗിക്കുന്നത്. വസ്തുത അറിയാതെ ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വായനക്കാരോട് അപേക്ഷിക്കുന്നു

Title:ന്യൂസ് 18 ചാനലിന്‍റെ വ്യാജ സ്ക്രീൻഷോട്ട് വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നു
Fact Check By: Vasuki SResult: False
