എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെയുള്ള പീഡന പരാതിയെ കുറിച്ചുള്ള വാര്‍ത്ത മനോരമ ന്യൂസ് വളച്ചൊടിച്ച് നല്‍കിയോ? എന്താണ് വസ്‌തുത എന്ന് അറിയാം…

രാഷ്ട്രീയം | Politics

വിവരണം

പെരുമ്പാവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയാണ് ഇപ്പോള്‍ മുഖ്യധാര മാധ്യമങ്ങളിലെയും സമൂഹമാധ്യമത്തിലെയും പ്രധാന ചര്‍ച്ചാ വിഷയം. അതെ സമയം മനോരമ ന്യൂസ് കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെയുള്ള പരാതി സംബന്ധിച്ച് വാര്‍ത്ത നല്‍കിയത് വിചിത്രമായ രീതിയിലാണെന്ന് ആരോപിച്ച് മനോരമ ന്യൂസിന്‍റെ പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലൈംഗിക പീഡനം, സിപിഎം നേതാവിന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ കേസ് എന്ന തലക്കെട്ട് നല്‍കി തിരുവനന്തപുരം 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം നേതാവ് സാജു പോളിന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആള്‍ക്കെതിരെ പീഡന കേസ്.. എന്ന് മനോരമ ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ ഒരു സ്ക്രീന്‍ഷോട്ടാണ് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഷഫീക് ഇബ്രാഹിം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 38ല്‍ അധികം റിയാക്ഷനുകളും 27ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയെ കുറിച്ച് മനോരമ നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് തന്നെയാണോ ഇത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം മനോരമ ന്യൂസ് വെബ്‌സൈറ്റില്‍ കീ വേര്‍ഡ് ഉപയോഗിച്ച് ഇത്തരമൊരു വാര്‍ത്ത മനോരമ ന്യൂസ് നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം മനോരമ ന്യൂസ് പ്രതിനിധിയുമായി ഫോണില്‍ ബന്ധപ്പെട്ട് സ്ക്രീന്‍ഷോട്ടിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ നല്‍കിയ മറുപടി ഇപ്രകാരമാണ്-

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയെ കുറിച്ച് കൃത്യമായ വാര്‍ത്തയാണ് മനോരമ ന്യൂസ് ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇതെ കുറിച്ച ചര്‍ച്ചയും ചാനലില്‍ സംഘടിപ്പിച്ചിരുന്നു. മനോരമ ന്യൂസിന്‍റെ ലോഗോ ഉപയോഗിച്ച് പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതാണ്. മനോരമ ന്യൂസ് എംഎല്‍യ്‌ക്കെതിരെയുള്ള വാര്‍ത്ത ഇത്തരത്തില്‍ വളച്ചൊടിച്ച് നല്‍കിയിട്ടില്ലെന്നും പ്രചരണം വ്യാജമാണെന്നും മനോരമ ന്യൂസ് പ്രതിനിധി പറഞ്ഞു.

നിഗമനം

മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജമായി നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണെന്ന് മനോരമ ന്യൂസ് പ്രതിനിധി തന്നെ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെയുള്ള പീഡന പരാതിയെ കുറിച്ചുള്ള വാര്‍ത്ത മനോരമ ന്യൂസ് വളച്ചൊടിച്ച് നല്‍കിയോ? എന്താണ് വസ്‌തുത എന്ന് അറിയാം…

Fact Check By: Dewin Carlos 

Result: False