FACT CHECK: ഗാസ് വില വര്‍ദ്ധനയെ അനുകൂലിച്ച് ശോഭാ സുരേന്ദ്രന്‍ പ്രസ്താവന നടത്തി എന്ന് വ്യാജ സ്ക്രീന്‍ഷോട്ടുപയോഗിച്ച് വ്യാജ പ്രചരണം…

പ്രാദേശികം രാഷ്ട്രീയം

പ്രചരണം 

ബിജെപിയിലെ പ്രമുഖ വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ ചെറിയ ഒരു  ഇടവേളക്കുശേഷം വീണ്ടും രാഷ്ട്രീയത്തിൽ സജീവമായിട്ടുണ്ട്.  ഈ സന്ദര്‍ഭത്തില്‍  ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട് ഒരു വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. 

ഗ്യാസ് വിലവർധനയെ കുറിച്ച് ശോഭാ സുരേന്ദ്രൻ നടത്തിയ ഒരു പ്രസ്താവനയുടെ രൂപത്തിലാണ് പ്രചരണം. കേന്ദ്രത്തില്‍ യുപിഎ സർക്കാരിന്‍റെ കാലത്തുണ്ടായ ഗ്യാസ് വില വർധനവിനെതിരെ ശോഭ സുരേന്ദ്രൻ സമരങ്ങളിൽ പങ്കെടുത്തിരുന്നു. ഇതിനെതിരെ അവർ പ്രസ്താവനകളും ഇറക്കിയിരുന്നു. ഇപ്പോൾ ഗ്യാസ് വില അടിക്കടി വർധിപ്പിച്ചതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇതിനൊപ്പമാണ് ശോഭാ സുരേന്ദ്രന്‍റെ പ്രസ്താവനയും പ്രചരിക്കുന്നത്. 

റിപ്പോർട്ടർ ടിവിയുടെ ലോഗോയുടെ സ്ക്രീൻ ഷോട്ടിൽ ‘റെക്കോർഡർ’ എന്ന് പേര് പതിപ്പിച്ചശേഷം അതിന്‍റെ  സ്ക്രീൻഷോട്ട് ആണ് പ്രചരിക്കുന്നത്.  അതിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെ: ഗ്യാസ് വില വർദ്ധനവ് സാധാരണക്കാർക്ക് യാതൊരു പ്രയാസവും വരുത്തുന്നില്ല ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നത് ഹൈ സൊസൈറ്റി കുടുംബങ്ങൾ- ശോഭാസുരേന്ദ്രൻ.  അടിക്കുറിപ്പായി “സമ്പന്ന വർഗ്ഗത്തിന്റെ ആഡംബര അടയാളങ്ങളിൽ പെട്ട ഗ്യാസും ഏ സി യുമൊന്നും സാധാരണക്കാരന്റെ പ്രശ്നമല്ല; കോടികളുടെ ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്ന മലയാളികളാണ് വെറും നൂറു രൂപ പെട്രോളിന് വില നൽകുന്നതിൽ അസ്വസ്ഥരാവുന്നത്:ശോഭാസുരേന്ദ്രൻ” എന്ന വാചകങ്ങളും ഉണ്ട്. ശോഭാസുരേന്ദ്രൻ ഒരു വേദിയിൽ പ്രസംഗിക്കുന്നതിന്‍റെ ചിത്രവും ഈ സ്ക്രീൻ ഷോട്ടിൽ നൽകിയിട്ടുണ്ട്.

archived linkFB post

എന്നാൽ ഞങ്ങൾ ഇങ്ങനെ ഒരു വാർത്തയെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഇത് ഒരു വ്യാജ പ്രചരണം ആണെന്ന് തെളിഞ്ഞു. പ്രചരണവും അതിൻറെ വിശദാംശങ്ങളും പങ്കുവെക്കാം.

വസ്തുത ഇങ്ങനെ  

ഞങ്ങൾ മാധ്യമങ്ങളിൽ തിരഞ്ഞെങ്കിലും ശോഭാസുരേന്ദ്രൻ ഇത്തരത്തിൽ എന്തെങ്കിലും പരാമർശം നടത്തിയതായി കാണാൻ കഴിഞ്ഞില്ല. ഇടവേളയ്ക്ക് ശേഷം രാഷ്ട്രീയത്തില്‍ സജീവമായ ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പതിവായി നല്‍കുന്നുണ്ട്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അവർ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കാറുണ്ട്. അതിനാൽ അവരുടെ ഫേസ്ബുക്ക് പേജിൽ നോക്കിയപ്പോൾ ഇത്തരത്തിൽ യാതൊന്നും അവർ നൽകിയതായി കാണാൻ കഴിഞ്ഞില്ല.  

അതിനാൽ പ്രചാരണത്തെ കുറിച്ച് അറിയാന്‍ ഞങ്ങൾ ശോഭാ സുരേന്ദ്രനുമായി സംസാരിച്ചു.  ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ഇത് വെറും വ്യാജപ്രചാരണം മാത്രമാണെന്നും അവർ വ്യക്തമാക്കി. കൂടാതെ റിപ്പോർട്ടർ ചാനൽ വാര്‍ത്താ വിഭാഗത്തില്‍ മാധ്യമ പ്രവര്‍ത്തകയായ  നിഷയോട് ഞങ്ങൾ ഈ വാർത്തയെ കുറിച്ച് ചോദിച്ചപ്പോൾ അവരുടെ ലോഗോ ദുരുപയോഗം ചെയ്ത ഒരു വ്യാജ വാർത്ത മാത്രമാണെന്നും റിപ്പോർട്ടർ ചാനലിന് ഈ വാർത്തയുമായി യാതൊരു ബന്ധമോ ഉത്തരവാദിത്വമോ ഇല്ല എന്നും  വ്യക്തമാക്കി

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും ഇതൊരു വ്യാജ വാർത്തയാണ് എന്ന വ്യക്തമായിട്ടുണ്ട് 

നിഗമനം 

ഗ്യാസ് വില വർദ്ധനവ് സാധാരണക്കാർക്ക് യാതൊരു പ്രയാസവും വരുത്തുന്നില്ല എന്ന മട്ടിൽ യാതൊരു പ്രസ്താവനയും ശോഭാസുരേന്ദ്രൻ നടത്തിയിട്ടില്ല.  ഇത്തരത്തിൽ പ്രചരിക്കുന്ന വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട്  വ്യാജമാണ്.

Avatar

Title:ഗാസ് വില വര്‍ദ്ധനയെ അനുകൂലിച്ച് ശോഭാ സുരേന്ദ്രന്‍ പ്രസ്താവന നടത്തി എന്ന് വ്യാജ സ്ക്രീന്‍ഷോട്ടുപയോഗിച്ച് വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •