ചൂട് വെള്ളം കുടിച്ചാലും വെയിലത്ത് നിന്നാലും കൊറോണ വൈറസ് നശിക്കുമോ? സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പേരിലെ പ്രചരണം വ്യാജം.

Coronavirus സാമൂഹികം

വിവരണം

കൊറോണ വൈറസ് നമുക്കുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാന്‍ കഴിയും? എന്ന പേരില്‍ ഒരു വാട്‌സാപ്പ് വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്റ്റാന്‍ഫോര്‍ഡ് യൂണിയവേഴ്‌സിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. അപര്‍ണ്ണ മള്‍ബറി എന്ന വിദേശ വനിത മലയാളത്തില്‍ ഇത്തരത്തിലുള്ള നാല് മാര്‍ഗ നിര്‍ദേശങ്ങള്‍ പറയുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വാ‍ട്‌സാപ്പിലും മറ്റും പ്രചരിക്കുന്നത്. 10 സെക്കന്‍ഡ് നേരം ശ്വാസം എടുത്ത് പുറത്തേക്ക് വിടാതെ നോക്കുമ്പോള്‍ ചുമയോ മറ്റെന്തെങ്കിലും അസ്വസ്ഥതകളോ തോന്നുന്നില്ലെങ്കില്‍ അതിന് അര്‍ഥം വൈറസ് ശരീരത്തില്‍ പ്രവേശിച്ചിട്ടില്ലെന്നാണ്, ജലദോഷത്തിനൊപ്പം കഫക്കെട്ടും മറ്റുമുണ്ടെങ്കില്‍ കൊറോണയാവാന്‍ സാധ്യതയില്ല. കോറോണയുടെ ലക്ഷണം ഡ്രൈ കഫ് മാത്രമാണ്, ഒരോ 15 മിനിറ്റിലും വെള്ളം കുടിച്ചാല്‍ കൊറോണ വൈറസ് വയറിലെ ആസിഡില്‍ കലര്‍ന്ന് നശിച്ചു പോകും, ചൂടം വെള്ളം കുടിക്കുകയും വെയിലെത്ത് നില്‍ക്കുകയും ചെയ്താല്‍ വൈറസ് നശിക്കും എന്നിങ്ങനെയുള്ള നാല് മാര്‍ഗ നിര്‍ദേശങ്ങളാണ് വീഡിയോയില്‍ പ്രചരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ-

എന്നാല്‍ വീഡിയോയില്‍ പറയുന്ന നാല് മാര്‍ഗ നിര്‍ദേശങ്ങള്‍ ഫലപ്രദമാണോ? സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഇത്തരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പേരില്‍ പ്രചരിക്കുന്ന നാല് മാര്‍ഗ നിര്‍ദേശങ്ങളെ കുറിച്ചുള്ള യാഥാര്‍ഥ്യം അറിയാന്‍ ‍‍ഞങ്ങളുടെ പ്രതനിധി മാന്നാര്‍ ഗവ. സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.സാബു സുഗതനുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെയാണ്.

നാല് മാര്‍ഗനിര്‍ദേശങ്ങളും തികച്ചും വസ്‌തുത വിരുദ്ധവും ആശാസ്ത്രീയവുമാണ്. കൊറോണ വൈറസ് ശരീരത്തില്‍ പ്രശേച്ച ശേഷം അതിന്‍റെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങുന്നത് 14 മുതല്‍ 28 ദിവസത്തിനകമാണ്. അതിന് മുന്‍പ് ശ്വാസം പിടിച്ചുവെച്ചു സ്വയം പരിശോധിച്ച് കൊറോണ വൈറസ് ബാധയില്ലെന്ന കണ്ടെത്താന്‍ കഴിയുകയില്ല. കഫക്കെട്ട് ഇല്ലാതെയോ കഫക്കെട്ടോടുകൂടിയോ ചുമയും ജലദോഷവുമെല്ലാം കൊറോണയുടെ ഒരു ലക്ഷണം മാത്രമാണ്. ചിലരുടെ ലക്ഷണങ്ങളില്‍ കഫക്കെട്ട് കാണും ചിലര്‍ ഡ്രൈ കഫും ആകാം. അത് ഓരോ വ്യക്തിയുടെയും ശാരീരികാവസ്ഥ പോലെയിരിക്കും. വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. എന്നാല്‍ കൊറോണ വൈറസിനെ നശിപ്പിക്കാന്‍ സാധിക്കുമെന്നത് ആശാസ്ത്രീയമായ കണ്ടെത്തിലാണ്. പ്രധാനമായും ശ്വസനത്തിലൂടെയാണ് വൈറസ് ശീരരത്തലേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഇത് ശ്വാസകോശത്തില്‍ എത്തുകയും ആ വ്യക്തി രോഗബാധിതനാകുകയും ചെയ്യും. വായിലൂടെ പ്രവേശിച്ചെങ്കിലും വൈറസിന്‍റെ വ്യാപനം തടയാന്‍ വെള്ളം കുടിച്ചത് കൊണ്ട് യാതൊരു ഫലവുമുണ്ടാവില്ല. ചൂട് വെള്ളം കുടിക്കുകയും വെയിലെത്ത് നില്‍ക്കുകയും ചെയ്താല്‍ ഉയര്‍ന്ന താപത്തില്‍ വൈറസ് നശിക്കുമെന്നതും ഇതുവരെ ശാസ്ത്രീയമായി കണ്ടെത്താന്‍ കഴിയാത്ത ഒരു കാര്യമാണ്. നിലവിലെ സാഹചര്യത്തില്‍ അന്തരീക്ഷതാപം കൂടുതലുള്ള പ്രദേശങ്ങളിലും വൈറസ് വ്യാപിച്ചിട്ടുള്ളതുകൊണ്ട് തന്നെ ഈ അവകാശവാദവും നിലനില്‍ക്കുന്നതല്ലെന്നതും പറയേണ്ടി വരും. അതുകൊണ്ട് തന്നെ സ്റ്റാന്‍ഫോര്‍ഡ‍് യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാം തന്നെ വ്യാജമാണെന്നും ഡോ. സാബു സുഗതന്‍ വ്യക്തമാക്കി.

മാത്രമല്ല സ്റ്റാന്‍ഫോര്‍ഡിന്‍റെ പേരിലുള്ള പ്രചരണം വ്യാജമാണെന്ന് അവര്‍ തന്നെ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.

Archived Link

നിഗമനം

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍ തന്നെ വ്യക്തമാക്കി കഴി‍ഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണണായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ചൂട് വെള്ളം കുടിച്ചാലും വെയിലത്ത് നിന്നാലും കൊറോണ വൈറസ് നശിക്കുമോ? സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പേരിലെ പ്രചരണം വ്യാജം.

Fact Check By: Dewin Carlos 

Result: False