
വിവരണം
കേരളത്തിലെ രാഷ്ട്രീയപാർട്ടികളിൽ എല്ലാം നിരവധി നേതാക്കൾ ഉണ്ടെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ പരക്കെ സൈബർ ആക്രമണത്തിന് ഇരയാകുന്നത് ചില നേതാക്കൾ ഉണ്ട്. അതിൽ ഒരാളാണ് ഡോക്ടർ ശശി തരൂർ. അദ്ദേഹത്തിന്‍റെ പ്രസ്താവനയും പരാമർശവും എന്ന മട്ടിൽ അനേകം പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ പ്രചരിക്കാറുണ്ട്. ഇത്തരത്തിൽ പ്രചരിച്ചവയിൽ പലതും ശശി തരൂരുമായി യാതൊരു ബന്ധവും ഇല്ലാത്തവയായിരുന്നു എന്ന് വസ്തുത അന്വേഷണത്തിലൂടെ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഡോക്ടർ ശശിതരൂരിന്‍റെ മറ്റൊരു പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി വന്നുകൊണ്ടിരിക്കുന്നു. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിൽ നൽകിയിരിക്കുന്ന പ്രസ്താവന ഇതാണ്: “കേരളത്തിൽ പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടി സർക്കാരിനെ വെറുതെ കടന്നാക്രമിക്കുകയാണ് പ്രതിപക്ഷത്തിനെതിരെ ശശി തരൂർ.”
എന്നാല്‍ ഇതും പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി. വിശദാംശങ്ങള്‍ പറയാം
വസ്തുതാ വിശകലനം
ഇത്തരത്തിലൊരു പരാമർശം അദ്ദേഹം നടത്തിയിട്ടുണ്ടോ എന്നറിയാൻ ഞങ്ങൾ പതിവുപോലെ അദ്ദേഹത്തിന്‍റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച് നോക്കി. ട്വിറ്റർ പേജിലും അതുപോലെ തന്നെ ഫേസ്ബുക്ക് പേജിലും അദ്ദേഹം നിത്യേനയെന്നോണം അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളും നിലപാടുകളും പ്രസിദ്ധീകരിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലൊരു പരാമർശമോ അല്ലെങ്കിൽ ഇതിനോട് സമാനതയുള്ള എന്തെങ്കിലും പരാമർശങ്ങളോ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.
വാർത്താമാധ്യമങ്ങളിൽ ഞങ്ങൾ ഇതേ കുറിച്ച് അന്വേഷിച്ചു നോക്കി. ഇത്തരത്തിൽ ഒരു പരാമര്‍ശം ശശിതരൂർ നടത്തിയതായി മാധ്യമങ്ങളിൽ ഒന്നും റിപ്പോർട്ട് വന്നിട്ടില്ല. അതിനാൽ വാർത്തയുടെ വസ്തുത അറിയാനായി ഞങ്ങൾ ശശിതരൂരിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിൻറെ പേഴ്സണൽ സ്റ്റാഫ് അംഗം പ്രവീൺ റാം മള്ളൂര്‍ ഞങ്ങളോട് പറഞ്ഞത് ഇത് പൂർണ്ണമായും വ്യാജമായ പ്രസ്താവന ആണെന്നാണ്. “അദ്ദേഹത്തിൻറെ പേരിൽ പ്രചരിപ്പിക്കുന്ന ഒരു വ്യാജ പ്രസ്താവന മാത്രമാണിത്. നിലവിൽ സർക്കാർ നേരിടുന്ന പ്രതിസന്ധികൾ മറികടക്കാൻ ഡോ. ശശിതരൂരിനെ പേര് ദുര്‍വിനിയോഗം ചെയ്ത് ഇങ്ങനെ പ്രചരിപ്പിക്കുകയാണ്.”
ഡോക്ടർ ശശി തരൂരിന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവന വ്യാജമാണ് എന്ന് ഞങ്ങൾ അന്വേഷണത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
നിഗമനം
പോസ്റ്റ് നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. കേരളത്തിൽ പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടി സർക്കാരിനെ വെറുതെ കടന്നാക്രമിക്കുകയാണ് എന്ന ഡോക്ടർ ശശി തരൂർ ഒരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ല. ഇത് ഒരു വ്യാജ പ്രസ്താവന മാത്രമാണ്.

Title:‘കേരളത്തിൽ പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടി സർക്കാരിനെ വെറുതെ കടന്നാക്രമിക്കുകയാണ്’ എന്നൊരു പ്രസ്താവന ഡോ. ശശി തരൂര്‍ നടത്തിയിട്ടില്ല
Fact Check By: Vasuki SResult: False
