സിപിഎമ്മിനേയും ഇടതു പക്ഷത്തിനെയും അനുകൂലിച്ച് ഡോ. ശശി തരൂർ ഇങ്ങനെ പ്രസ്താവന നടത്തിയിട്ടില്ല

രാഷ്ട്രീയം

വിവരണം 

തിരുവനന്തപുരത്തു നിന്നുള്ള എം പി ഡോ . ശശി തരൂരിന്‍റെ പ്രസ്താവന എന്ന രീതിയിൽ ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. “കേരളത്തിൽ സിപിഐഎം നേതൃത്വം നൽകുന്ന ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന നയങ്ങൾ ദേശീയ തലത്തിൽ എടുത്താൽ മാത്രമേ കോൺഗ്രസ്സ് രക്ഷപ്പെടൂ..–ശശി തരൂർ” 

archived linkFB post

ഇതാണ് അദ്ദേഹത്തിന്‍റെ പേരിൽ പ്രചരിക്കുന്ന പ്രസ്താവന. അദ്ദേഹത്തിന്‍റെ ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. നമുക്ക് പ്രസ്താവനയുടെ യാഥാർഥ്യം അന്വേഷിച്ചു നോക്കാം. 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വാർത്തയുടെ യാഥാർഥ്യം അറിയാനായി മാധ്യമ വാർത്തകൾ തിരഞ്ഞു നോക്കി. കൊൺഗ്രസ്സ് ടിക്കറ്റിൽ എംപിയായ, കടുത്ത കോൺഗ്രസ്സ് സഹയാത്രികനായ ഡോ. ശശി തരൂർ എംപി കേരളത്തിലെ സിപിഎമ്മിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയാൽ അത് തീർച്ചയായും മാധ്യമ വാർത്തയാകേണ്ടതാണ്. എന്നാൽ ഇങ്ങനെയൊരു വാർത്ത ഒരു മാധ്യങ്ങളിലും വന്നിട്ടില്ല എന്നാണ്  മനസ്സിലാക്കാൻ കഴിഞ്ഞത്. 

തുടർന്ന് ഞങ്ങൾ ഡോ. ശശി തരൂരിന്‍റെ ഫേസ്‌ബുക്ക്,  ട്വിറ്റർ  ഹാൻഡിലുകൾ പരിശോധിച്ചു. ഇത്തരത്തിലോ അല്ലെങ്കിൽ ഇതുമായി സമാനതയുള്ള തരത്തിലോ എന്തെങ്കിലും ഒരു പ്രസ്താവന അദ്ദേഹം പങ്കുവച്ചിട്ടില്ല എന്ന് വ്യക്തമായി. 

പോസ്റ്റിലെ പ്രസ്താവനയെ പറ്റി യാതൊരു സൂചനകളും ലഭിക്കാത്ത സാഹചര്യത്തിൽ ഞങ്ങൾ ഡോ. ശശി തരൂർ എംപിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പ്രവീൺ റാമിനോട് പ്രസ്താവനയുടെ യാഥാർഥ്യം അന്വേഷിച്ചു. ഇത് വെറും വ്യാജ പ്രചാരണം മാത്രമാണെന്നും ശശി തരൂർ ഇത്തരത്തിൽ ഒരു പ്രസ്താവനയും സിപിഎമ്മിനെ അനുകൂലിക്കുന്ന രീതിയിൽ നടത്തിയിട്ടില്ലെന്നും ഞങ്ങളുടെ പ്രതിനിധിയെ പ്രവീൺ അറിയിച്ചു. 

പോസ്റ്റിൽ  പ്രചരിപ്പിക്കുന്ന രീതിയിൽ ഒരു പ്രസ്താവന ശശി തരൂർ നടത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. “കേരളത്തിൽ സിപിഐഎം നേതൃത്വം നൽകുന്ന ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന നയങ്ങൾ ദേശീയ തലത്തിൽ എടുത്താൽ മാത്രമേ കോൺഗ്രസ്സ് രക്ഷപ്പെടൂ” എന്നൊരു പ്രസ്താവന ഡോ. ശശി തരൂർ എംപി നടത്തിയിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്നതെല്ലാം വ്യാജ വാർത്തകളാണ്.

Avatar

Title:സിപിഎമ്മിനേയും ഇടതു പക്ഷത്തിനെയും അനുകൂലിച്ച് ഡോ. ശശി തരൂർ ഇങ്ങനെ പ്രസ്താവന നടത്തിയിട്ടില്ല

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •