സച്ചിന്‍ പൈലറ്റിന്‍റെ പേരില്‍ വ്യാജ പരാമര്‍ശം പ്രചരിക്കുന്നു…

ദേശീയം

വിവരണം 

കോൺഗ്രസ്സ് പാർട്ടി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിന്ന സച്ചിന്‍ പൈലറ്റ് വിയോജിപ്പ് അവസാനിപ്പിച്ചു പാര്‍ട്ടിയോട് യോജിച്ച് പോകാന്‍ തീരുമാനിച്ചു എന്നതാണ് കഴിഞ്ഞ ആഴ്ച ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടായ വലിയ സംഭവം. സച്ചിന്‍ പൈലറ്റും ഒപ്പം കുറച്ചു എം‌എല്‍‌എമാരുയിരുന്നു വിയോജിപ്പ് തുറന്നു പ്രഖ്യാപിച്ചത്. ഒരു മാസത്തിന് ശേഷം രാജസ്ഥാനില്‍ കോണ്‍ഗ്രസ്സ് നേതാക്കളും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിച്ചതായി ഇരുപക്ഷവും ഔദ്യോഗികമായി അറിയിച്ചു. 

ഇതിന് ശേഷം കഴിഞ്ഞ ദിവസം മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ സച്ചിന്‍ പൈലറ്റിന്‍റെ പേരില്‍ ഒരു പ്രസ്താവന പ്രചരിക്കുന്നുണ്ട്. 

archived linkFB post

“ബാംഗ്ലൂരില്‍ കോണ്‍ഗ്രസിന്‍റെ ഒരു ദളിത് എം‌എല്‍‌എ ഭയാനകമായ ആള്‍കൂട്ട ആക്രമണത്തിന് ഇരയായിട്ടും ഒരക്ഷരം പ്രതികരിക്കാതെ ഒളിച്ചുകളിക്കുന്ന രാഹുലിന്‍റെ നടപടി ദയനീയമായ രാഷ്ട്രീയ പാപ്പരത്തം – സച്ചിന്‍ പൈലറ്റ്” 

ഈ പ്രസ്താവന സച്ചിന്‍ പൈലറ്റിന്‍റെ ചിത്രത്തോടൊപ്പമാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത്തരത്തിലൊരു പരാമര്‍ശം സച്ചിന്‍ പൈലറ്റ് നടത്തിയിട്ടില്ല. വാര്‍ത്തയുടെ വസ്തുത അറിയാം

വസ്തുതാ വിശകലനം

ഞങ്ങള്‍ സച്ചിന്‍ പൈലറ്റ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ എന്ന് മാധ്യമ വാര്‍ത്തകളില്‍ തിരഞ്ഞു നോക്കി. എന്നാല്‍ ബാംഗ്ലൂര്‍ ആക്രമണത്തെ പറ്റി സച്ചിന്‍ പൈലറ്റ് എന്തെങ്കിലും പ്രതികരണം നടത്തിയതായി മാധ്യമ വാര്‍ത്തകള്‍ കാണാന്‍ സാധിച്ചില്ല. ബാംഗ്ലൂരില്‍ ഈയടുത്ത് ഉണ്ടായ കലാപത്തില്‍ ഒരു കോണ്‍ഗ്രസ്സ് എം‌എല്‍‌എയുടെ വീടിന് നേര്‍ക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയെ പറ്റി വിമര്‍ശനപരമായ പരാമര്‍ശം നടത്തുകയാണെങ്കില്‍ അത് തീര്‍ച്ചയായും വാര്‍ത്താ പ്രാധാന്യം നേടുമായിരുന്നു. എന്നാല്‍ മാധ്യമങ്ങളൊന്നും ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ല. 

സച്ചിന്‍ പൈലറ്റ് തന്‍റെ അഭിപ്രായങ്ങളും പ്രവര്‍ത്തനങ്ങളും നിലപാടുകളും ട്വിറ്റര്‍ ഹാന്‍റിലിലൂടെ കൃത്യമായി പങ്ക് വയ്ക്കാറുണ്ട്. എന്നാല്‍ ബാംഗ്ലൂര്‍ കലാപത്തില്‍ കോണ്‍ഗ്രസ് എം‌എല്‍‌എയുടെ നേര്‍ക്കുണ്ടായ ആക്രമണത്തെ പറ്റി യാതൊരു പരാമര്‍ശങ്ങളും അദ്ദേഹം നടത്തിയിട്ടില്ല. ഫെബ്രുവരി മാസം 28 നു വന്ന ഒരു വാര്‍ത്ത പ്രകാരം സംസ്ഥാനത്തെ ദലിത് വിരുദ്ധ സംഭവങ്ങളിൽ രാജസ്ഥാൻ കോൺഗ്രസ് മേധാവി സച്ചിൻ പൈലറ്റ് തന്റെ പാർട്ടി സർക്കാരിനെ വിമർശിക്കുന്നു എന്നു വിവരണമുണ്ട്. എന്നാല്‍ വാര്‍ത്തയ്ക്ക് ഇപ്പോഴത്തെ ബാംഗ്ലൂര്‍ കലാപവുമായി ബന്ധമില്ല. സംസ്ഥാനത്ത് ദലിതർക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പാർട്ടി മേധാവി സോണിയ ഗാന്ധിക്ക് അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 

ബാംഗ്ലൂര്‍ കലാപമുണ്ടായശേഷം അദ്ദേഹം പാര്‍ട്ടിയെപ്പറ്റിയും പാര്‍ട്ടി നേതൃത്വത്തെ പറ്റിയും ആകെ നടത്തിയ പരാമര്‍ശങ്ങള്‍ ഇങ്ങനെയാണ്: “ഞങ്ങളുടെ പാർട്ടി നേതൃത്വത്തിനും പാർട്ടിക്കും അതിന്‍റെ പ്രത്യയശാസ്ത്രത്തിനും സർക്കാരിനുമെതിരെ ഞങ്ങൾ ഒന്നും പറഞ്ഞില്ല. പ്രവർത്തനത്തെക്കുറിച്ചും ഭരണത്തെക്കുറിച്ചും ഞങ്ങൾ ചില പോയിന്‍റുകൾ ഉന്നയിച്ചു, ഈ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ ഞങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്ന് ഞാൻ കരുതുന്നു.

ഞങ്ങൾ കോൺഗ്രസിൽ തുടരുമെന്ന നിലപാട് ഞങ്ങൾ വ്യക്തമാക്കി. എന്‍റെ രാഷ്ട്രീയം സത്യത്തെയും തത്വങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്നും എനിക്ക് ഒരു പോസ്റ്റിനോടും അത്യാഗ്രഹമില്ല. പോസ്റ്റുകൾ വരും പോകും…”

സച്ചിന്‍ പൈലറ്റിനെ പറ്റിയുള്ള ഈ പ്രചരണത്തിന്‍റെ വസ്തുത അറിയാന്‍ ഞങ്ങള്‍ മുന്‍ മന്ത്രിയും നിലവില്‍ എ‌ഐ‌സി‌സി ജനറല്‍ സെക്രട്ടറിയുയായ കെസി വേണുഗോപാലിന്റെ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഇത് വെറും വ്യാജ പ്രചരണം മാത്രമാണെന്ന് പെഴ്സണല്‍ സ്റ്റാഫ് അംഗം ശരത് മറുപടി നല്‍കി. “രാഹുല്‍ ഗാന്ധിക്കെതിരെ സച്ചിന്‍ പൈലറ്റ് യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല. ഇത്തരത്തില്‍ പ്രചരിക്കുന്നതൊക്കെ വെറും ദുഷ്പ്രചരണങ്ങള്‍ മാത്രമാണ്.”   

എന്നാല്‍ രാഹുല്‍ ഗാന്ധി ദളിത് കോണ്‍ഗ്രസ്സ് എം‌എല്‍‌എയ്ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരിച്ചില്ല എന്ന വിമര്‍ശനവുമായി കര്‍ണാടക ബിജെപി നേതൃത്വം ട്വിറ്ററില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

archived linkBJP4Karnataka

വളരെ പോസിറ്റീവായ പരാമര്‍ശങ്ങളല്ലാതെ പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ സച്ചിന്‍ പൈലറ്റ് ഈയടുത്ത ദിവസങ്ങളില്‍ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല. പോസ്റ്റില്‍ നല്കിയിരിക്കുന്ന പ്രസ്താവന സച്ചിന്‍ പൈലറ്റിന്‍റെ പേരില്‍ നടത്തുന്ന വ്യാജ പ്രചരണത്തിന്‍റെ ഭാഗം മാത്രമാണ്. 

നിഗമനം

പോസ്റ്റില്‍ നല്കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. സച്ചിന്‍ പൈലറ്റിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ പ്രസ്താവന അദ്ദേഹം ഒരിടത്തും പറഞ്ഞിട്ടുള്ളതല്ല. പാര്‍ട്ടിയുമായും ദേശീയ നേതൃത്വവുമായും യോജിച്ച് പോകുന്ന നിലപാടുകളാണ് സച്ചിന്‍ പൈലറ്റ് നിലവില്‍ സ്വീകരിച്ചിട്ടുള്ളത്. 

Avatar

Title:സച്ചിന്‍ പൈലറ്റിന്‍റെ പേരില്‍ വ്യാജ പരാമര്‍ശം പ്രചരിക്കുന്നു…

Fact Check By: Vasuki S 

Result: False