ഇസ്രയേൽ പ്രധാനമന്ത്രിയുടെ പേരില്‍ കാലങ്ങളായി പ്രചരിക്കുന്ന വ്യാജ പരാമർശം….

അന്തർദേശിയ൦

വിവരണം

ഇന്ത്യയും ചൈനയും തമ്മില്‍ കിഴക്കന്‍  അതിർത്തിയിലുള്ള  സംഘർഷാവസ്ഥയ്ക്ക് ഇതുവരെ അയവ് വന്നിട്ടില്ല. ഇരുഭാഗത്തും സൈനികർക്ക് ജീവഹാനി വന്നിട്ടുണ്ടെങ്കിലും ചൈന പിൻമാറാൻ തയ്യാറല്ല എന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ലോകരാഷ്ട്രങ്ങൾ ഇക്കാര്യം ചർച്ച ചെയ്യുക സ്വാഭാവികമാണ്. 

ഇന്ത്യയെ അനുകൂലിക്കുന്ന രാഷ്ട്രങ്ങൾ ഇക്കാര്യത്തിൽ എന്ത് നിലപാടാണ് എടുത്തിരിക്കുന്നത് എന്നത് നിർണായകമാണ്. ഇന്ത്യയെ അനുകൂലിക്കുന്ന നിലപാട് ലോകരാഷ്ട്രങ്ങൾ സ്വീകരിച്ചാൽ തർക്ക പരിഹാരത്തിന് അത് കൂടുതൽ ഗുണകരമാകും. 

സാമൂഹ്യ മാധ്യമങ്ങൾ അതിർത്തിയിലെ സംഘർഷവും അനുബന്ധ പോസ്റ്റുകളും കൊണ്ട് നിറയുകയാണ്. ഇതിൽ ചില പോസ്റ്റുകൾ സത്യമാണെങ്കിലും മറ്റുചിലവ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും വ്യാജവുമായ വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. 

archived linkFB post

ഇന്ത്യയെ ആര് ആക്രമിച്ചാലും അവർ ഞങ്ങളെ കൂടി നേരിടേണ്ടിവരുമെന്ന് ഇസ്രായേൽ എന്ന വാർത്തയ്ക്കൊപ്പം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ചിത്രവും പോസ്റ്റിലുണ്ട്. ഇത്തരത്തിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 20 മണിക്കൂർ കൊണ്ട് ആറായിരത്തിലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. 

ഇന്ത്യയുമായി  വളരെ അടുത്ത സൌഹൃദം പുലര്‍ത്തുന്ന രാജ്യമായ ഇസ്രായേലിലെ രാഷ്ട്രത്തലവന്‍ ഇന്ത്യയെ കുറിച്ചു നടത്തിയ പരാമര്‍ശമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്ത യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പുൽവാമയിൽ ഉണ്ടായ തീവ്രവാദ ആക്രമണത്തെ തുടർന്ന് ഈ പോസ്റ്റിന്‍റെ പ്രചാരം ഇരട്ടിയായി. എന്നാല്‍ ഇങ്ങനെയൊരു പരാമര്‍ശം ബെഞ്ചമിന്‍ നെഥന്യാഹു നടത്തിയിട്ടില്ല.  

വസ്തുതാ വിശകലനം

ഞങ്ങൾ ഓൺലൈനിൽ തിരഞ്ഞപ്പോൾ ഇത്തരത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്നതായി പല രാഷ്ട്രത്തലവന്മാരുടെയും പേരില്‍ പരാമര്‍ശങ്ങള്‍ പ്രചരിക്കുന്നതായി കണ്ടു.  മെമെകള്‍ ചെയ്തുണ്ടാക്കുന്ന ചില വെബ്സൈറ്റുകളിലൂടെയാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് എന്നു കരുതുന്നു. 

archived link

ഏതാണ്ട് 2018 മുതല്‍ ഈ പരാമര്‍ശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

archived linkfacebook

യഥാർത്ഥത്തിൽ ഒരു രാഷ്ട്രത്തലവന്മാരും മുകളില്‍ നല്കിയത് പോലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. റഷ്യയുടെ പ്രസിഡൻറ് വ്ലാഡിമിര്‍ പുടിന്‍, ജപ്പാൻ പ്രധാനമന്ത്രി ഷിന്‍സൊ ആബേ, അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുടെ പേരിലാണ് ഇന്ത്യയെ അനുകൂലിച്ചു കൊണ്ടുള്ള വ്യാജ പരാമര്‍ശങ്ങള്‍ ഏറെയും പ്രചരിക്കുന്നത്. 

ഇസ്രയേല്‍ പ്രധാനമന്ത്രി ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളും  പതിവായി കാഴ്ചപ്പാടുകളും പങ്കുവയ്ക്കാറുണ്ട്. ഇസ്രയേലി ഭാഷയിലുള്ള ട്വിറ്ററിൽ  അദ്ദേഹം ജൂൺ മാസം പതിനൊന്നാം തീയതി ഇന്ത്യയെ കുറിച്ച്  ഇങ്ങനെ പങ്കു വെച്ചിട്ടുണ്ട്. 

archived linktwitter

“നല്ല സുഹൃത്തായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. ഇന്ത്യയിലെ ജനങ്ങൾ കൊറോണ വൈറസിനെ കൈകാര്യം ചെയ്യുന്ന രീതി ഇസ്രയേലിൽ ആളുകൾ അംഗീകരിക്കുന്നതായി അദ്ദേഹത്തോട് പറഞ്ഞു. സഹകരണം വികസിപ്പിക്കാനുള്ള കാര്യങ്ങൾ ഞങ്ങൾ വിശകലനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി എന്നെ ക്ഷണിച്ചിട്ടുണ്ട്”

ഇക്കാര്യമാണ് അദ്ദേഹം ഇന്ത്യയുമായി ബന്ധപ്പെട്ട അടുത്തകാലത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതല്ലാതെ ഇന്ത്യാ-ചൈന സംഘർഷ കുറിച്ച് ഒന്നും തന്നെ ഇല്ല. 

മാത്രമല്ല, ഏതാനും വസ്തുതാ അന്വേഷണ വെബ്സൈറ്റുകള്‍ ഇത്തരത്തില്‍ രാഷ്ട്രതലവന്‍മാര്‍ ഇന്ത്യയെ അനുകൂലിച്ചു നടത്തിയ പ്രസ്താവനകളുടെ മുകളില്‍ അന്വേഷണം നടത്തുകയും ഇതെല്ലാം വ്യാജ പരാമര്‍ശങ്ങളാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. 

നിഗമനം 

പോസ്റ്റില്‍ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞതായുള്ള വാർത്ത കഴിഞ്ഞ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മുതൽ പ്രചരിക്കുന്നതാണ്.  വെറും വ്യാജ പരാമര്‍ശം മാത്രമാണിത്. 

Avatar

Title:ഇസ്രയേൽ പ്രധാനമന്ത്രിയുടെ പേരില്‍ കാലങ്ങളായി പ്രചരിക്കുന്ന വ്യാജ പരാമർശം….

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •