ഡോ. ശശി തരൂരിന്റെ പേരിൽ വീണ്ടും വ്യാജ പരാമർശം പ്രചരിക്കുന്നു

രാഷ്ട്രീയം

വിവരണം 

കോൺഗ്രസ്സ് പാർട്ടിയുടെ അധ്യക്ഷനെ തീരുമാനിക്കാൻ പാർട്ടി തയ്യാറെടുക്കുകയാണ്. നെഹ്‌റു കുടുംബത്തിന് പുറത്തു നിന്ന് അധ്യക്ഷനെ തെരെഞ്ഞെടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന്  രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടതും പ്രീയങ്ക ഗാന്ധി ഇതിനെ പിന്തുണച്ചതും വാർത്തയായിരുന്നു. ഇതോടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക്  പല പേരുകളും പ്രവർത്തകരുടെ ഇടയിൽ നിന്ന് ഉയർന്നു വരാൻ തുടങ്ങി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതൽ പേർ  കേരളത്തിൽ പങ്കുവച്ചത് തിരുവനന്തപുരം എംപിയായ ശശി തരൂരിന്റെ പേരാണ്. 

 ശശി തരൂരും കേരളത്തിലെ   കോൺഗ്രസ്സ് നേതൃത്വവും തമ്മിൽ ആന്തരിക പ്രശ്‍നങ്ങളുണ്ട് എന്ന് സമർത്ഥിക്കുന്ന തരത്തിൽ പല പോസ്റ്റുകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൂടുതലായും പ്രചരിക്കുന്നത് ശശി തരൂരിന്റെ  പേരിലുള്ള   പരാമർശങ്ങളാണ്.   ഇത്തരത്തിൽ കഴിഞ്ഞ ദിവസം പ്രചരിച്ചു വന്ന ഒരു പരാമർശത്തിന് മുകളിൽ ഞങ്ങൾ അന്വേഷണം നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനെതിരെ ശശി തരൂര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ?

ഇക്കഴിഞ്ഞ ദിവസം മുതൽ വീണ്ടും ഡോ. ശശി തരൂരിന്റെ  പേരിൽ ഒരു  പരാമർശം പ്രചരിക്കുന്നുണ്ട്. 

archived linkFB post

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ്: ശശി തരൂരിനെതിരെ ചെന്നിത്തലയും മുരളീധരനും. ഭീഷണി വേണ്ടെന്നും ആർഎസ്എസ് വോട്ടു വാങ്ങി ജയിച്ചവർ ആരൊക്കെയാണ് എന്നറിയാമെന്നും മുണ്ടിനടിയിലെ കാക്കികളസം  അഴിച്ചുവച്ച്  സംസാരിച്ചാൽ മതിയെന്നും ശശി തരൂർ. എന്നാൽ ഇതും വെറും വ്യാജ പ്രചാരണം മാത്രമാണ്. 

വസ്തുത അറിയാം 

ഈ പ്രസ്താവനയുടെ കൂടുതൽ വിശദാംശങ്ങളൊന്നും പോസ്റ്റിൽ നൽകിയിട്ടില്ല. അതായത് എപ്പോൾ എവിടെ വെച്ചാണ് ശശി തരൂർ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയത് എന്നുള്ള വിവരങ്ങളൊന്നും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത്തരത്തിൽ ഒരു പ്രസ്താവനയ്ക്കായി ഞങ്ങൾ വാർത്ത മാധ്യമങ്ങളിൽ തിരഞ്ഞു നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത ഒരു മാധ്യമവും നൽകിയിട്ടില്ല. 

കൂടാതെ ഞങ്ങൾ ഡോ. ശശി തരൂരിന്റെ ട്വിറ്റർ പേജിലും ഫേസ്‌ബുക്ക് പേജിലും   തിരഞ്ഞു നോക്കി. അദ്ദേഹം പതിവായി ഇവയിൽ അപ്‌ഡേറ്റുകൾ നൽകാറുണ്ട്. എന്നാൽ പോസ്റ്റിലെ പരാമർശത്തെ സാധൂകരിക്കുന്ന യാതൊന്നും അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നൽകിയിട്ടില്ല.

അതിനാൽ ഞങ്ങൾ അദ്ദേഹത്തിൻ്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം പ്രവീണിനോട് വിശദാംശങ്ങൾ അന്വേഷിച്ചു. “ഇത് വെറും വ്യാജ പ്രചാരണം മാത്രമാണെന്നും ഇത്തരത്തിൽ ഒരു പരാമർശം അദ്ദേഹം നടത്തിയിട്ടില്ലെന്നും പ്രവീൺ പറഞ്ഞു. ഇത്തരത്തിൽ പല പ്രസ്താവനകളും ശ്രദ്ധയിൽ പെട്ടു. ഇവയൊക്കെ വെറും വ്യാജ പ്രചാരണം മാത്രമാണ്. ആരോ  മനഃപൂർവം പ്രചരിപ്പിക്കുന്നതാണ്. ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങളോട് പ്രതികരിക്കാൻ താല്പര്യപ്പെടുന്നില്ല.”

കൂടാതെ ഞങ്ങൾ രമേശ് ചെന്നിത്തലയുടെ ഓഫീസുമായി വാർത്തയെ കുറിച്ചറിയാൻ ബന്ധപ്പെട്ടിരുന്നു. രമേശ് ചെന്നിത്തല ശശി തരൂരിനെതിരെയാണ് എന്ന പ്രചാരണങ്ങൾ കണ്ടുവെന്നും വെറും വ്യാജ പ്രചാരണങ്ങൾ മാത്രമാണിതെല്ലാം എന്നും അദ്ദേഹത്തിൻ്റെ മാധ്യമ സെക്രട്ടറി സുമോദ് ഞങ്ങളോട് വ്യക്തമാക്കി.

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത വെറും വ്യാജ  പ്രചാരണമാണെന്ന് വ്യക്തമായിട്ടുണ്ട്.  

നിഗമനം 

പോസ്റ്റിൽ നല്കിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. പോസ്റ്റിൽ നല്കിയിരിക്കുന്നതുപോലെ പരാമർശം ഡോ. ശശി തരൂർ ഒരിടത്തും നടത്തിയിട്ടില്ല. ഇത്തരത്തിൽ വരുന്നതെല്ലാം വെറും വ്യാജ പ്രചാരണങ്ങൾ മാത്രമാണ്.

Avatar

Title:ഡോ. ശശി തരൂരിന്റെ പേരിൽ വീണ്ടും വ്യാജ പരാമർശം പ്രചരിക്കുന്നു

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •