പാണക്കാട് സയീദ് ശിഹാബ് ഹൈദരലി തങ്ങളുടെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു…

രാഷ്ട്രീയം | Politics

വിവരണം

മുസ്ലിം ലീഗിന്‍റെ സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയീദ് ശിഹാബ് ഹൈദരലി തങ്ങളുടെ ഒരു പ്രസ്താവന കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. 

അത് ഇങ്ങനെയാണ്. “കേരളത്തില്‍ പ്രധാനമായും മുസ്ലിം വിഭാഗം കൂടുതല്‍ ഉള്ള മലപ്പുറത്ത് ക്ഷേത്രങ്ങളില്‍ നിന്നും കേള്‍ക്കുന്ന പ്രഭാതഗീതം ഇതര മത വിശ്വാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത് നിര്‍ത്തലാക്കുന്നതിനെ കുറിച്ച് ഹിന്ദു സമൂഹം ചിന്തിക്കണം.” പോസ്റ്റില്‍ “ഹിന്ദുക്കൾ ഇനി ജസിയ കൊടുക്കേണ്ടി വരും” എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.

archived linkFB post

പ്രചരണത്തെ പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ എന്നാല്‍ ഇത് വെറും വ്യാജ പ്രചരണം മാത്രമാണെന്നും വ്യക്തമായി. ഞങ്ങളുടെ അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

വസ്തുത വിശകലനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന പരാമര്‍ശം വാര്‍ത്താ മാധ്യമങ്ങളിലൊന്നും ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചില്ല. കൂടാതെ ശിഹാബ് ഹൈദരലി തങ്ങളുടെ ഫേസ്ബുക്ക് പേജിലും ഞങ്ങള്‍ തിരഞ്ഞു നോക്കി. അദ്ദേഹം തന്‍റെ നിലപാടുകളും അഭിപ്രായങ്ങളും ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് പോലെ ഒരു പരാമര്‍ശം അദ്ദേഹം നല്‍കിയിട്ടില്ല.

അതിനാല്‍ ഞങ്ങള്‍ ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ഓഫീസ് സെക്രട്ടറി ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കിയത് ഇങ്ങനെയാണ്: ഇത് പാണക്കാട് ശിഹാബ് തങ്ങളുടെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തയാണ്. അദ്ദേഹം ഒരിടത്തും ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ഒരിക്കലും പറയുകയുമില്ല.” കൂടാതെ ഞങ്ങള്‍ ലീഗ് എം‌പി അബ്ദുള്‍ വഹാബിന്‍റെ ഓഫീസിലും പ്രചരണത്തെ പറ്റി അന്വേഷിച്ചു. പൂര്‍ണ്ണമായും തെറ്റായ പ്രചരണം ആണിതെന്ന് അദ്ദേഹത്തിന്‍റെ സെക്രട്ടറി അറിയിച്ചു

കഴിഞ്ഞ ദിവസം മനോരമ ചാനലിന്‍റെ “നേരെ ചൊവ്വേ”  എന്ന രാഷ്ട്രീയ സംവാദ പരിപാടിയില്‍ അയോദ്ധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തെ പറ്റിയും ബാബ്റി മസ്ജിദിനെ പറ്റിയും തന്‍റേയും ലീഗിന്‍റേയും അഭിപ്രായവും നിലപാടും വ്യക്തമാക്കുന്നുണ്ട്. ഹിന്ദുക്കള്‍ക്ക് എതിരായി അദ്ദേഹം ഒന്നും തന്നെ പറയുന്നില്ല. 

അന്വേഷണത്തില്‍ സയീദ് ശിഹാബ് തങ്ങളുടെ പേരില്‍ പ്രചരിക്കുന്നത് വെറും ദുഷ്പ്രചാരണമാണെന്ന് വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. പാണക്കാട് സയീദ് ശിഹാബ് ഹൈദരലി തങ്ങള്‍ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന രീതിയില്‍ ഒരിടത്തും പരാമര്‍ശം നടത്തിയിട്ടില്ല. അദ്ദേഹത്തിന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുകയാണ്.

Avatar

Title:പാണക്കാട് സയീദ് ശിഹാബ് ഹൈദരലി തങ്ങളുടെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു…

Fact Check By: Vasuki S 

Result: False