FACT CHECK – മലയാളത്തില്‍ ഇനി പാടില്ലെന്ന് വിജയ് യേശുദാസ് പറഞ്ഞോ? വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

ഞാൻ ഇനി മലയാളത്തിൽ… പാടുക ഇല്ല

വിജയ് യേശുദാസ്… എന്ന തലക്കെട്ട് നല്‍കി നിരവധി പോസ്റ്റുകളും സന്ദേശങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറലായി പ്രചരിക്കുന്നുണ്ട്. വിജയ് യേശുദാസ് മലയാളത്തില്‍ പാടില്ലെന്ന് പറഞ്ഞു എന്നും ഇതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. സൈമോന്‍ സാമുവല്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 1,700ല്‍ അധികം റിയാക്ഷനുകളും 57ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook Post Archived Link 

എന്നാല്‍ വിജയ് യേശുദാസ് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പ്രശസ്ത ചലച്ചിത്ര ഗായകന്‍ വിജയ് യേശുദാസ് മലയാളത്തില്‍ പാടില്ലെന്ന പേരിലുള്ള പ്രചരണങ്ങള്‍ വൈറലായതോടെ അദ്ദേഹം തന്നെ പ്രതികരണവുമായി രംഗത്ത് വന്നു. മാതൃഭൂമിയുടെ ക്ലബ്ബ് എഫഎം റേഡിയോയില്‍ നല്‍കിയ അഭിമുഖത്തിലാണ് പ്രചരണത്തെ കുറിച്ച് വിജയ് പ്രതികരിച്ചത്. തന്‍റെ പേരുള്ള പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണെന്നാണ് വിജയ് യേശുദാസ് പ്രതികരിച്ചതെന്ന് ദ് ക്യു ക്ലബ്ബ് എംഎം റേഡിയോ അഭമുഖത്തെ ആധാരമാക്കി നല്‍കിയ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. താന്‍ നല്‍കിയ ഒരു അഭമുഖത്തിലെ ചിലഭാഗങ്ങള്‍ മാത്രമായി ദുര്‍വ്യാഖ്യാനിച്ചാണ് മലയാളത്തില്‍ പാടില്ലെന്ന പേരില്‍ വാര്‍ത്തകള്‍ പ്രചരിച്ചതെന്നാണ് വിജയ് പറയുന്നത്. അഭിമുഖം നല്‍കിയ സ്ഥാപനം അവരുടെ മാര്‍ക്കറ്റിങിന് വേണ്ടിയാകാം ചിലഭാഗങ്ങള്‍ മാത്രമായി തെറ്റ്ദ്ധരിപ്പിക്കും വിധം പ്രചരിപ്പിച്ചതെന്നും വിജയ് പറഞ്ഞു. വിജയ് യേശുദാസിന്‍റെ പ്രതികരണം ഇങ്ങനെയാണ്-

‘വാട്‌സ്ആപ്പ് ഒരു ന്യൂസ് ചാനല്‍ ആയി മാറിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ഒരു ഭാഗം മാത്രം എടുത്താണ് പ്രചരിപ്പിച്ചത്. അത് അവരുടെ മാര്‍ക്കറ്റിങ് രീതിയായിരിക്കാം. ആ ആര്‍ട്ടിക്കിള്‍ മുഴുവനായി വായിച്ചാല്‍ മനസിലാകും ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന്. അത് വായിപ്പിക്കാന്‍ വേണ്ടിയാണല്ലോ ഇങ്ങനെ ഒരു തലക്കെട്ട് അവര്‍ കൊടുത്തത്. ആ ഒരു ഭാഗം മാത്രമെടുത്ത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഞാന്‍ പാട്ട് നിര്‍ത്തുകയാണെന്നൊക്കെ പ്രചരിപ്പിച്ചു.

ഞാന്‍ പാട്ട് നിര്‍ത്തുകയാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല, മലയാളത്തില്‍ പാടില്ലെന്നും പറഞ്ഞിട്ടില്ല. മലയാള ഗാനങ്ങള്‍ കുറച്ചുകൂടി സൂക്ഷിച്ച് തെരഞ്ഞെടുക്കും എന്നായിരുന്നു പറഞ്ഞത്. അര്‍ഹിക്കുന്ന പരിഗണനയാണ് ലഭിക്കേണ്ടത്. എനിക്ക് ചുമ്മാ കുറേ പൈസ വാരിത്തരൂ എന്ന് ഞാന്‍ പറയുന്നില്ല, ചെയ്യുന്നില്ല ജോലിക്ക് എനിക്ക് കറക്ട് ആയി തന്നാല്‍ മതി എന്നാണ് പറയുന്നത്.

നല്ല ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള ഗായകര്‍ ഉള്‍പ്പടെ പ്രായമാകുമ്പോള്‍ ഒരു സെക്യൂരിറ്റിയുടെ ജോലി ചെയ്യുകയാണ്, അല്ലെങ്കില്‍ ഒരു കുടിലില്‍ താമസിക്കുകയാണ്. ഇങ്ങനെ ഒരു അവസ്ഥ സംഗീതജ്ഞര്‍ക്ക് എന്തിന് വരണം എന്നുള്ളതാണ്. ഒരു ഗായകന് അല്ലെങ്കില്‍ മ്യൂസിക് ഡയറക്ടര്‍ക്ക് എന്ത് കിട്ടുന്നു എന്ന് ഇന്‍ഡസ്ട്രി ശ്രദ്ധിക്കണം. എല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കണമെന്ന് പറഞ്ഞത്. അത് മനസിലാക്കാന്‍ പറ്റുന്നവര്‍ മനസിലാക്കട്ടെ.’

ദ് ക്യു നല്‍കിയ റിപ്പോര്‍ട്ട്-

The Cue Article Archived Link 

നിഗമനം

ഒരു അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചതാണെന്നും മലയാളത്തില്‍ ഗാനങ്ങള്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും വിജയ് യേശുദാസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:മലയാളത്തില്‍ ഇനി പാടില്ലെന്ന് വിജയ് യേശുദാസ് പറഞ്ഞോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •