
പ്രചരണം
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉള്‍പ്പെടെ എല്ലാവരും ആകാംക്ഷയോടെ ശ്രദ്ധിക്കുന്ന കാര്യമാണ് കേരളത്തിലെ പ്രമുഖ സാമുദായിക സംഘടനകളായ എൻഎസ്എസ്-എസ്എൻഡിപി
എന്നിവ ഏതു മുന്നണിയെ പിന്തുണയ്ക്കും എന്നുള്ളത്. എസ്എൻഡിപി
തങ്ങളുടെ രാഷ്ട്രീയ പാർട്ടിയായ ബിഡിജെഎസ് വഴി
ബിജെപിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട് എന്നാൽ എൻഎസ്എസ് ഏത് മുന്നണിയുടെ കൂടെയാണ് എന്നുള്ള കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇതിനിടയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു വരുന്ന ഒരു വാർത്തയാണിവിടെ നല്‍കിയിരിക്കുന്നത്.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സുരേന്ദ്രനെ പിന്തുണയ്ക്കും എന്നുള്ള മട്ടിൽ നടത്തിയ ഒരു പ്രസ്താവനയാണിത്. സുകുമാരന്‍ നായരുടെ ചിത്രവുമായി പോസ്റ്റിൽ നൽകിയിരിക്കുന്ന വാചകം ഇതാണ്: ശബരിമല വിഷയത്തിൽ കാട്ടിലൂടെ നടക്കാനും ജയിലിൽ കിടക്കാനും സുരേന്ദ്രനെ ഉണ്ടായിരുന്നുള്ളൂ സുരേന്ദ്രനെ പിന്തുണയ്ക്കും.
എന്നാൽ ഫാക്റ്റ് ക്രസണ്ടോ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇതൊരു വ്യാജ പ്രചരണം മാത്രമാണെന്ന് വ്യക്തമായി. വിശദാംശങ്ങൾ പറയാം
വസ്തുത ഇതാണ്
ഫേസ്ബുക്കില്‍ പ്രചരണം വ്യാപകമാകുന്നത് നോക്കുക:
ഞങ്ങൾ മാധ്യമങ്ങളുടെ വെബ്സൈറ്റുകളിൽ ഈ വാർത്ത തിരഞ്ഞുനോക്കി. സുകുമാരൻ നായരെ പോലെ പ്രമുഖനായ ഒരു നേതാവ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു സ്ഥാനാർഥിയെ അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിക്കുന്നത്
വലിയ വാർത്താ പ്രാധാന്യം നേടുന്ന കാര്യമാണ്. എന്നാൽ ഒരു മാധ്യമവും ഇതുമായി ബന്ധപ്പെട്ട് യാതൊരു വാർത്തയും നൽകിയിട്ടില്ല. അദ്ദേഹം എല്‍ ഡി എഫിനെ കുറ്റപ്പെടുത്തി സംസാരിച്ചു എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നാണ് വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ ചങ്ങനാശ്ശേരി പെരുന്നയിലുള്ള എൻഎസ്എസിന്റെ ആസ്ഥാനത്തേക്ക് വിളിച്ചു. അവിടെ നിന്നും അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ബാലകൃഷ്ണൻ നായർ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “സുകുമാരൻനായരുടെ പേരിൽ പ്രചരിക്കുന്ന ഈ പ്രസ്താവന വെറും വ്യാജപ്രചരണം മാത്രമാണ്. അദ്ദേഹം ഇത്തരത്തിൽ യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലെ തന്നെ എൻഎസ്എസ് ഈ തിരഞ്ഞെടുപ്പിലും സമദൂര നയമാണ് പാലിക്കാൻ ഉദ്ദേശിക്കുന്നത്.
ശബരിമലയിൽ സ്ത്രീകളെ കയറ്റിയ സർക്കാർ തീരുമാനത്തോട് എൻഎസ്എസ് ഒരിക്കലും യോജിക്കുന്നില്ല. ആ തീരുമാനത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുമെന്നോ അല്ലെങ്കിൽ ഏതെങ്കിലും സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുമെന്നോ അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല.”
എൻഎസ്എസ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കോ സ്ഥാനാർത്ഥിക്കോ പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടില്ല എന്ന് എൻഎസ്എസ്
വക്താക്കൾ അറിയിച്ചിട്ടുണ്ട്.
നിഗമനം
പോസ്റ്റിലൂടെ പ്രചരിക്കുന്നത് പൂർണമായും വ്യാജ വാർത്തയാണ്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയെയോ സ്ഥാനാർഥിയെയോ പിന്തുണയ്ക്കുമെന്ന് യാതൊരു തീരുമാനവും എൻഎസ്എസ് എടുത്തിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്ന അതൊക്കെ വെറും വ്യാജവാർത്തകൾ മാത്രമാണ്.

Title:തെരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് സുകുമാരൻ നായർ പറഞ്ഞുവെന്ന പ്രചരണം തെറ്റാണ്…
Fact Check By: Vasuki SResult: False
