
നടനും കൊമേഡിയനുമായ രമേഷ് പിഷാരടി നമുക്കെല്ലാം സുപരിചിതനാണ്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ സുഹൃത്തായ ധർമജൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഇറങ്ങിയപ്പോൾ രമേഷ് പ്രചരണ രംഗത്ത് സജീവമായിരുന്നു.
പ്രചരണം
രമേശ് പിഷാരടിയുമായി ബന്ധപ്പെട്ട് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ഒരു പ്രചരണം നടക്കുന്നുണ്ട്. യുഡിഎഫിനെ കുറിച്ച് അദ്ദേഹത്തിന്‍റെ ഒരു പ്രസ്താവനയാണ് പ്രചരിക്കുന്നത്.
രമേശ് പിഷാരടിയുടെ വാക്കുകളായി നൽകിയിരിക്കുന്നത് ഇങ്ങനെയാണ്: യുഡിഎഫ് എട്ടുനിലയിൽ പൊട്ടും എന്ന് ഉറപ്പായിരുന്നു എന്തു സംഭവിക്കും എന്ന് നേരത്തെ അറിയാമായിരുന്നു അറിഞ്ഞുകൊണ്ട് തന്നെ പ്രചരണത്തിനു പോയി പ്രതീക്ഷിച്ചപോലെ അത്ഭുതം ഒന്നും സംഭവിച്ചില്ല. രമേശ് പിഷാരടി

യുഡിഎഫിനു വേണ്ടി പ്രചരണത്തിന് ഇറങ്ങിയ രമേശ് പിഷാരടി യുഡിഎഫിനെ തള്ളിപ്പറയുന്ന തരത്തിലുള്ള പ്രസ്താവനയാണ് ഇപ്പോൾ നടത്തിയിരിക്കുന്നത് എന്നാണ് പോസ്റ്റിൽ നൽകിയിട്ടുള്ള അവകാശവാദം. ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. തെറ്റായ പ്രചരണമാണ് രമേശ് പിഷാരടിയുടെ പേരിൽ നടത്തുന്നത് എന്ന് വ്യക്തമാവുകയും ചെയ്തു
വസ്തുത ഇങ്ങനെ
പലരും ഇതേ പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്.

പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണംനടത്തി നോക്കിയപ്പോൾ ഞങ്ങൾക്ക് ഓണ ദിവസങ്ങളില്‍ രമേശ് പിഷാരടിയും, ലോക സഞ്ചാരത്തിലൂടെ പ്രശസ്തനായ സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള ഒരു സൗഹൃദ സംഭാഷണം മാതൃഭൂമി ചാനൽ പ്രസിദ്ധീകരിച്ചത് യൂട്യൂബിൽ നിന്നും ലഭ്യമായി.
അരമണിക്കൂർ നീളുന്ന സൗഹൃദ സംഭാഷണത്തിനിടയിൽ അവതാരകനായ മാർഷൽ സി സെബാസ്റ്റ്യൻ ഒരു ചോദ്യം രമേശ് പിഷാരടിയുടെ ചോദിക്കുന്നുണ്ട്: ചോ:“ഇടയ്ക്ക് ഇലക്ഷൻ വന്നിരുന്നല്ലോ… രമേശ് പിഷാരടി ആവേശമായി പ്രചരണ രംഗത്തേക്ക് ഇറങ്ങിയിരുന്നു… എങ്ങനെയുണ്ടായിരുന്നു അനുഭവം…? അതിന് മറുപടിയായി രമേശ് ഇങ്ങനെ പറയുന്നു:
ഉ: ഒരു പുതിയ അനുഭവമായിരുന്നു. ഞാനത്ര സജീവമായി രാഷ്ട്രീയത്തിൽ ഇറങ്ങുകയോ പ്രവർത്തിക്കുകയോ ഒന്നും ചെയ്തിട്ടില്ല. രാഷ്ട്രീയം ഉണ്ടായിരുന്നു, സൗഹൃദ ചർച്ചകളിൽ അത് പറയുമായിരുന്നു എന്നതിൽ കവിഞ്ഞ് ഇറങ്ങിയിട്ടില്ലായിരുന്നു. സുഹൃത്ത് തെരഞ്ഞെടുപ്പിന് നിന്നപ്പോൾ മറ്റൊന്നും നോക്കിയില്ല, ഇറങ്ങി. ഇത്തവണ നമുക്ക് പ്രചരണത്തിന് കുറച്ചു ദിവസങ്ങളെ ഉണ്ടായിരുന്നുള്ളൂ. 15-16 ദിവസങ്ങൾ കൊണ്ടായിരുന്നു പ്രചരണം. ഞാൻ ഒരു 35-36 മണ്ഡലങ്ങൾ കവർ ചെയ്തു.
ചോ: എന്തെങ്കിലും പഠിച്ചോ..?
ഉ: എല്ലാ കാര്യങ്ങളും ഏകദേശം നമുക്കറിയാം ഇന്നത് വരും, ഇന്നപോലെ സംഭവിക്കും, ഒന്നുകില്‍ വിജയിക്കും അല്ലെങ്കിൽ തോല്‍ക്കും ജയിച്ചാല്‍ ഇന്നത് സംഭവിക്കും,തോറ്റാൽ ഇന്നത് സംഭവിക്കും ഇത്രപേര് നമ്മളെ ചിലപ്പോൾ ട്രോളും ഇത്രപേര് നമ്മളെ ചീത്ത വിളിക്കും ഇത്ര പേര് നമ്മളെ സ്നേഹിക്കും ഇതിനൊരു കൃത്യമായ കണക്കുണ്ട്. അതെനിക്ക് നേരത്തെ അറിയാമായിരുന്നു
ഇതല്ലാതെ പോസ്റ്റ് ആരോപിക്കുന്നതുപോലെ യുഡിഎഫ് എതിരായി രമേശ് പിഷാരടി യാതൊന്നും ഇൻറർവ്യൂവിൽ പറയുന്നില്ല. മറ്റെവിടെയെങ്കിലും ഇത്തരത്തില്‍ യുഡിഎഫ് എട്ടുനിലയിൽ പൊട്ടുമായിരുന്നു എന്ന മട്ടിൽ എന്തെങ്കിലും പ്രസ്താവനകൾ നടത്തിയോ എന്നറിയാൻ ഞങ്ങൾ രമേശ് പിഷാരടിയുമായി നേരിട്ട് സംസാരിച്ചു അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. ഇങ്ങനെയാണ് “ഞാൻ യുഡിഎഫിനെതിരെ ഒന്നും പറഞ്ഞിട്ടില്ല കഴിഞ്ഞദിവസം മാതൃഭൂമി ചാനലിന് വേണ്ടി സന്തോഷ് ജോർജ് കുളങ്ങരയുമായി നടത്തിയ സംഭാഷണത്തിനിടയിൽ ഞാൻ പറഞ്ഞത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമ്പോൾ ഉണ്ടാകാനിടയുള്ള കാര്യങ്ങൾ മാത്രമാണ്. അത് യുഡിഎഫിനെതിരെ സംസാരിക്കുന്നു എന്നാക്കി വ്യാജ പ്രചരണം നടത്തുകയാണ്. അങ്ങനെയൊന്നും ഞാന്‍ പറഞ്ഞിട്ടില്ലെന്ന് വീഡിയോ മുഴുവന്‍ കണ്ടാല്‍ ആര്‍ക്കും ബോധ്യമാകും.”
യുഡിഎഫിനെതിരെ രമേശ് പിഷാരടി സംസാരിച്ചു എന്ന മട്ടിലുള്ള വാര്‍ത്തകള്‍ വ്യാജ പ്രചരണമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. രമേശ് പിഷാരടി യുഡിഎഫിനെതിരെ ഇത്തരത്തില്‍ യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ല. തന്‍റെ പേരില്‍ വ്യാജ പ്രചരണം നടത്തുകയാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:രമേശ് പിഷാരടിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്…
Fact Check By: Vasuki SResult: False
