ശ്രീരാമനെ കുറിച്ച് വി‌ഡി സതീശന്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ വ്യാജ പ്രചരണം…

പ്രാദേശികം | Local സാമൂഹികം

അയോധ്യ രാമക്ഷേത്ര ഭൂമിയിൽ ഈ വരുന്ന 22 തീയതി നടക്കാനിരിക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ചടങ്ങിലേക്ക് കോൺഗ്രസ് നേതാക്കൾക്ക് ക്ഷണം കിട്ടിയില്ലെങ്കിലും പാർട്ടിയുടെ പൊതു അഭിപ്രായം എന്ന നിലയിൽ ആരും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇതിനുശേഷം ശ്രീരാമനെ കുറിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ നടത്തിയ പരാമർശം എന്ന രീതിയിൽ ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  

പ്രചരണം 

“യഥാർത്ഥ രാമൻ സുന്നത്ത് ചെയ്തിരിന്നു! അഞ്ചു നേരം നിസ്കരിക്കുന്നവൻ ആയിരിന്നു ഗാന്ധിയുടെ രാമൻ! എന്ന വാചകവും വി ഡി സതീശന്‍റെ ചിത്രവും ചേർത്താണ് പോസ്റ്റർ പ്രചരിപ്പിക്കുന്നത്.

FB postarchived link

എന്നാൽ പൂർണമായും തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.  അദ്ദേഹം ഇത്തരത്തിൽ യാതൊന്നും പറഞ്ഞിട്ടില്ല.  

വസ്തുത ഇങ്ങനെ

വി‌ഡി സതീശന്‍ ഇത്തരത്തില്‍ ശ്രീരാമനെ കുറിച്ച് ഒരു പരാമര്‍ശം നടത്തിയതായി ഒരിടത്തും കാണാന്‍ കഴിഞ്ഞില്ല, കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഇങ്ങനെ ഒരു പരാമര്‍ശം അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ അത് തീര്‍ച്ചയായും വാര്‍ത്തയാകുമായിരുന്നു. അയോധ്യ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ നിന്നും കോൺഗ്രസ് എന്തുകൊണ്ട് വിട്ടുനിൽക്കുന്നു എന്ന് വ്യക്തമാക്കി കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ വി‌ഡി സതീശൻ വിശദീകരണം നൽകിയിരുന്നു.  വീഡിയോ താഴെ കാണാം. 

“ഹേ റാം’ എന്ന ചുണ്ടനക്കത്തോടെ ഗാന്ധിജി മരിച്ചുവീണ ബിർളാ മന്ദിരത്തിന്റെ ഇടനാഴിയിലാണ് രാമൻ നിൽക്കുന്നത്. 

ഞങ്ങളുടെ രാമൻ അവിടെയാണ്. ബി.ജെ.പിയുടേത് രാഷ്ട്രീയമായി സൃഷ്ടിക്കപ്പെട്ട രാമനാണ്. ഇന്ത്യയിലെ എല്ലാ ഹിന്ദുമത വിശ്വാസികളുടെയും ആരാധ്യപുരുഷനാണ് രാമൻ.

രാമനോടോ അയോധ്യയോടോ അല്ല പ്രശ്‌നം. ക്ഷേത്രത്തെയും മതത്തെയും രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശ്രമത്തോടാണ് ഞങ്ങളുടെ വിയോജിപ്പ്. ഇത് കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടാണ്.” എന്നാണ് അദ്ദേഹം പറഞ്ഞത് അല്ലാതെ പോസ്റ്റിൽ പ്രചരിക്കുന്ന തരത്തിൽ യാതൊരു പരാമർശവും അദ്ദേഹം നടത്തിയിട്ടില്ല.

ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ പ്രചരണമാണ് തനിക്കെതിരെ നടക്കുന്നതെന്നും വ്യക്തമാക്കി അദ്ദേഹം വിശദീകരണക്കുറിപ്പ് നൽകിയിട്ടുണ്ട്. 

കൂടാതെ അദ്ദേഹത്തിന്‍റെ ഓഫീസിൽ നിന്നും ഞങ്ങൾക്ക് അയച്ചു തന്ന വിശദീകരണ വീഡിയോ താഴെ കാണാം.

ശ്രീരാമനെ കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പരാമര്‍ശം എന്ന പേരില്‍ വ്യാജ പ്രചരണം നടത്തുകയാണെന്ന്  അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ശ്രീരാമനെക്കുറിച്ച് വി‌ഡി സതീശൻ നടത്തിയ പരാമർശം എന്ന പേരിൽ വ്യാജ പ്രചരണം നടത്തുകയാണ്. ശ്രീരാമനെ കുറിച്ച് ഇത്തരത്തിൽ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി വിശദീകരണക്കുറിപ്പ് നൽകിയിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ശ്രീരാമനെ കുറിച്ച് വി‌ഡി സതീശന്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ വ്യാജ പ്രചരണം…

Written By: Vasuki S 

Result: False