
വിവരണം
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ രാഷ്ട്രീയ പോസ്റ്റുകളാണ് കൂടുതലും. ഇതില്‍ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളും ചില രാഷ്ട്രീയ സംഭവങ്ങളും എല്ലാം ഉള്‍പ്പെടും. എന്നാല്‍ ചിലത് വെറും വ്യാജ പ്രചാരണങ്ങളും ആയിരിക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം അതുമായി ബന്ധപ്പെടുത്തി പ്രചരിച്ച ചില വാര്‍ത്തകളുടെ മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഞങ്ങളുടെ വെബ്‌സൈറ്റില്‍ ലേഖനങ്ങള്‍ വായിക്കാവുന്നതാണ്. മലയാളം ഫാക്റ്റ് ക്രെസണ്ടോയുടെ ഫേസ്ബുക്ക് പേജിലൂടെയും ഇവ വായിക്കാം.
ഏതാനും മണിക്കൂറുകള്‍ മുമ്പ് മുതല്‍ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിന്‍റെ മുകളിലാണ് നമ്മള്‍ ഇന്ന് അന്വേഷണം നടത്തുന്നത്.

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത ഇതാണ്; ബംഗാള്‍ പോയ കാര്യം പിണറായി ഓര്‍മ്മിക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍. ഒപ്പം അദ്ദേഹത്തിന്‍റെ ചിത്രവും പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ അടിക്കുറിപ്പായി ഇടതുപക്ഷ നേതാക്കൾ വരെ വിമശിച്ച് തുടങ്ങി ഓട്ടചങ്കനെ😜😜😜😜😜😜 എന്നും നല്‍കിയിട്ടുണ്ട്.
എന്നാല്‍ പോസ്റ്റിലെ വാര്‍ത്ത തെറ്റാണ്.
വസ്തുത അറിയൂ
പ്രചാരണത്തെ കുറിച്ച് ഫേസ്ബുക്കില്‍ അന്വേഷിച്ചപ്പോള്‍ ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട് എന്ന് മനസ്സിലായി.

ഞങ്ങള്‍ പതിവുപോലെ വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ തിരഞ്ഞു നോക്കി. എന്നാല്‍ ഇത്തരത്തില്‍ ഒരു വാര്‍ത്തയും ലഭ്യമായില്ല. പന്ന്യന്‍ രവീന്ദ്രന്‍റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ നോക്കിയപ്പോള്‍ അദ്ദേഹത്തിന്‍റെ പേരില്‍ ഫേസ്ബുക്കില്‍ തന്നെ നിരവധി അക്കൗണ്ടുകള്‍ ഉണ്ട്. മാത്രമല്ല, സജീവമായി അദ്ദേഹം ഫേസ്ബുക്ക് ഉപയോഗിക്കുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
അതിനാല്‍ ഞങ്ങള്‍ സിപിഐയുടെ കേരളത്തിലെ സ്റ്റേറ്റ് കൌണ്‍സില്‍ ഓഫീസായ എംഎന്‍ സ്മാരകവുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ഓഫീസ് സെക്രട്ടറി അറിയിച്ചത് ഇത് വെറും വ്യാജ പ്രചാരണമാണ് എന്നാണ്. കൂടുതല്‍ വിവരങ്ങള്‍ പന്ന്യന്‍ രവീന്ദ്രന് തന്നെയാണ് പറയാന്‍ സാധിക്കുക എന്നും അറിയിച്ചു. തുടര്‍ന്ന്‍ ഞങ്ങള്‍ പന്ന്യന്‍ രവീന്ദ്രനുമായി സംസാരിച്ചു. “ഇത് വെറും വ്യാജ പ്രചാരണമാണ്. ഏതാനും മാസങ്ങളായി നടക്കുന്നുണ്ട്. നിങ്ങള്‍ എന്‍റെ പ്രസ്താവനകള്‍ പരിശോധിച്ചു നോക്കൂ. അതില്‍ ഒന്നില്‍ പോലും ഞാന്‍ ആരെയു പേരെടുത്ത് പറഞ്ഞ് ഒരു കാര്യവും പറഞ്ഞിട്ടില്ല, അങ്ങനെ പറയാറുമില്ല. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദുഷ്പ്രചരണം നടത്തുകയാണ്.”
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ബംഗാള്‍ പോയ കാര്യം പിണറായി ഓര്‍മ്മിക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ ഒരിടത്തും പ്രസ്താവന നടത്തിയിട്ടില്ല. ഇക്കാര്യം അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Title:ബംഗാള്‍ പോയ കാര്യം പിണറായി ഓര്‍മ്മിക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു എന്നത് വ്യാജ പ്രചാരണമാണ്…
Fact Check By: Vasuki SResult: False
