
വിവരണം
വേണ്ടി വന്നാൽ വക്കീൽ കോട്ടിട്ട് സുപ്രീം കോടതിയിൽ വാദിക്കാൻ തയ്യാർ – പിണറായി വിജയൻ എന്നൊരു വാർത്ത കൊണ്ടോട്ടി സഖാക്കൾ എന്നൊരു ഫേസ്‌ബുക്ക് പേജ് പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റിലെ ചിത്രത്തിൽ ദേശാഭിമാനി ഡോട്ട് കോം എന്ന വെബ്‌സൈറ്റ് അഡ്രസ്സ് നൽകിയിട്ടുണ്ട്. ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയാണിത് എന്നമട്ടിലാണ് പോസ്റ്റിന്‍റെ പ്രചരണം. ഇതുവരെ 1000 ത്തോളം ഷെയറുകളും പോസ്റ്റിനു ലഭിച്ചിട്ടുണ്ട്.

archived link | FB post |
പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ നിലപാടെടുത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഇതേപ്പറ്റി നിരധി പരസ്യ പ്രസ്താവനകൾ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ വേണ്ടി വന്നാൽ വക്കീൽ കോട്ടിട്ട് കോടതിയിൽ വാദിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞോ..? ഈ വാർത്ത പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചോ…? നമുക്ക് അന്വേഷിച്ചറിയാം
വസ്തുതാ വിശകലനം
ഞങ്ങൾ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ദേശാഭിമാനിയുടെ വെബ്‌സെറ്റിൽ വാർത്ത തിരഞ്ഞു. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി. തുടർന്ന് ഞങ്ങൾ ദേശാഭിമാനിയിലെ സീനിയർ റിപ്പോർട്ടർ കെഎസ് ഷൈജുവിനോട് വാർത്തയെ പറ്റി അന്വേഷിച്ചു. “ഇങ്ങനെയൊരു വാർത്ത ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. മുഖ്യമന്ത്രി ഇങ്ങനെ പറയാൻ സാധ്യതയില്ല.” ഇതാണ് അദ്ദേഹം നൽകിയ മറുപടി. തുടർന്ന് ഞങ്ങൾ മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പിഎം മനോജിനോട് സംസാരിച്ചു. “ഇത് പൂർണ്ണമായും വ്യാജമായ വാർത്തയാണിത്. ഇങ്ങനെ മുഖ്യമന്ത്രി ഒരിടത്തും പറഞ്ഞിട്ടില്ല. ഈ പോസ്റ്റ് കണ്ടിരുന്നു. വെറുതെ തെറ്റിധാരണയുണ്ടാക്കാൻ വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ്.” ഇങ്ങനെയാണ് അദ്ദേഹം പ്രതികരിച്ചത്.
“അഭിഭാഷക ആക്ട് 32 ആം വകുപ്പ് പ്രകാരം വാദിക്കോ പ്രതിക്കോ കോടതിയിൽ അവരുടെ കേസ് വാദിക്കാം. എന്നാൽ വക്കീൽ കോട്ടിട്ട് വാദിക്കാനുള്ള അധികാരം നിയമബിരുദം നേടി അഭിഭാഷകനായി എൻറോൾ ചെയ്തവർക്ക് മാത്രമേ സാധിക്കൂ. ഇക്കാര്യം തീർച്ചയായും മുഖ്യമന്ത്രിക്ക് അറിയാം, അതിനാൽ അദ്ദേഹം ഇങ്ങനെ ഒരിക്കലും പറയില്ല.” എന്ന് അഭിഭാഷകനായ വി ബി അനന്തനാരായണൻ ഞങ്ങളുടെ പ്രതിനിധിക്ക് വിശദീകരണം നൽകിയിട്ടുണ്ട്.
ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് തെറ്റായ വാർത്തയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. വേണ്ടി വന്നാൽ കോടതിയിൽ കോട്ടിട്ട് വാദിക്കാനും തയ്യാറാണെന്ന് മുഖ്യമന്ത്രി ഒരിടത്തും പറഞ്ഞിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്നതെല്ലാം തെറ്റായ വാർത്തയാണ്.

Title:വേണ്ടി വന്നാൽ വക്കീൽ കോട്ടിട്ട് സുപ്രീം കോടതിയിൽ വാദിക്കാൻ തയ്യാറാണെന്ന് പിണറായി വിജയൻ പറഞ്ഞിട്ടില്ല
Fact Check By: Vasuki SResult: False
