മധ്യപ്രദേശില്‍ ബിജെപി വിജയാഘോഷത്തിനിടയില്‍ സ്ത്രീയ്ക്ക് നേരെ ഒരു സംഘം പ്രവര്‍ത്തകര്‍ ലൈംഗികാതിക്രമണം നടത്തിയെന്ന പേരില്‍ വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

രാഷ്ട്രീയം

വിവരണം

രാജ്യത്തിന് തന്നെ നാണക്കേടായി മാറുന്ന ഒരു ഭയപ്പെടുത്തുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു സ്ത്രീയെ പൊതുവഴിയില്‍ കൂട്ടത്തോടെ ഒരു സംഘം പുരുഷന്മാര്‍ കടന്നു പിടിച്ച് അതിക്രമം കാണിക്കുന്നതാണ് വൈറലായ ആ ഞെട്ടിക്കുന്ന വീഡിയോ. അതെ സമയം ബിജെപിയുടെ വിജയാഘോഷത്തിനിടയിലാണ് ഈ സംഭവം നടന്നതെന്നും സ്ത്രീയെ അക്രമിക്കുന്നവര്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ബി.ജെ.പി മധ്യപ്രദേശ് വിജയാഘോഷ പ്രകടനത്തില്‍ ഒരു ദലിത് പെൺകുട്ടിയെ പൊതുവഴിയിലിട്ട് പരസ്യമായി ലൈംഗീകാതിക്രമം നടത്തുന്ന സംഘികള്‍..

അബദ്ധത്തില്‍ പോലും RSS എന്ന ഒരു വാക്ക് ഉച്ഛരിക്കാതെ മൗനത്തിന്‍റെ വാല്മീകത്തില്‍ ഒളിച്ചിരിക്കുന്നവരും,

അവരുടെ ഭാവി തലമുറയും ഇത്തരം കേളികള്‍ ഏറ്റുവാങ്ങാന്‍ തയ്യാറായിക്കൊള്ളുക…!!  എന്ന തലക്കെട്ട് നല്‍കി യാ ശഹീഗ് അസ്സലാം എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോക്ക്  ഇതുവരെ 64ല്‍ അധികം റിയാക്ഷനുകളും 391ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Video Archived Video 

എന്നാല്‍ ഇത് ബിജെപി പ്രവര്‍ത്തകര്‍ വിജയാഘോഷത്തിനിടയില്‍ സ്ത്രീയെ ലൈംഗികമായി അക്രമിക്കുന്ന വീഡിയോ തന്നെയാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.

വസ്‌തുത വിശകലനം

MP woman assaulted എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളിള്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ലഭിച്ചു. ഇതില്‍  ഇന്ത്യാ ടിവിയുടെയും ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെയും  വാര്‍ത്തകള്‍ ഞങ്ങള്‍ പരിശോധിച്ചു. യഥാര്‍ത്ഥത്തില്‍ സംഭവം ഇങ്ങനെയാണ്-

മധ്യപ്രദേശിലെ അലിരാജ്‌പൂര്‍ എന്ന ജില്ലയില്‍ നടന്ന ഭഗോരിയ എന്ന കാര്‍ഷിക ഉത്സവത്തിനിടയിലാണ് ഒരു സംഘം പുരുഷന്‍മാര്‍ അതുവഴി നടന്നു പോയ ഒരു സ്ത്രീയെ കടന്നു പിടിക്കുകയും കൂട്ടമായി ലൈംഗിക അതിക്രമം നടത്തുകയും ചെയ്തത്. ആരും തന്നെ സ്ത്രീയെ സഹായിക്കാന്‍ ഇടപെട്ടില്ലെന്ന് മാത്രമല്ല കൂടുതല്‍ പേര്‍ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിക്കുകയും ഇത് മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്യുകയാണ് ചെയ്തതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യപ്രദേശിലെ പടിഞ്ഞാറന്‍ ആദിവാസി മേഖലകളില്‍ കാര്‍ഷിക വിളവെടുപ്പുമായ ബന്ധപ്പെട്ട് നടക്കുന്ന ഉത്സവമാണ് ഭഗോരിയ. ഇതിനിടയിലാണ് ഈ അതിക്രമം നടന്നതെന്നതാണ് വസ്‌തുത.

വീഡിയോ വൈറലായതോടെ പോലീസ് സ്വമേധയ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി അലരാജ്‌പൂര്‍ ജില്ലാ പോലീസ് മേധാവി ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഇതിന് പിന്നാലെ മൂന്ന് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗൂഗിള്‍ കീ വേര്‍ഡ് സെര്‍ച്ച് റിസള്‍ട്ട്-

ഇന്ത്യാ ടിവി വാര്‍ത്ത സ്ക്രീന്‍ഷോട്ട്-

India TV News 

അലിരാജ്‌പൂര്‍ ജില്ലാ പോലീസ് മേധാവിയുടെ ട്വീറ്റ്-

Tweet 

ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ വാര്‍ത്ത സ്ക്രീന്‍ഷോട്ട്-

Hindustan Times 

നിഗമനം

മധ്യപ്രദേശിലെ പടിഞ്ഞാറന്‍ ആദിവാസി മേഖലകളില്‍ നടക്കുന്ന ഭഗോരിയ ഉത്സവത്തിനിടയില്‍ അലിരാജ്‌പൂര്‍ എന്ന ജില്ലയില്‍ നടന്ന ലൈംഗിക അതിക്രമത്തിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തെറ്റായ തലക്കെട്ട് നല്‍കിയ പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. സംഭവത്തില്‍ ബിജെപിക്കോ മറ്റേതെങ്കിലും രാഷ്ട്രീയ പ്രസ്താനങ്ങള്‍ക്കോ പങ്കുള്ളതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മധ്യപ്രദേശില്‍ ബിജെപി വിജയാഘോഷത്തിനിടയില്‍ സ്ത്രീയ്ക്ക് നേരെ ഒരു സംഘം പ്രവര്‍ത്തകര്‍ ലൈംഗികാതിക്രമണം നടത്തിയെന്ന പേരില്‍ വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •