
വിവരണം
ബിഹാറിൽ പൂജ്യത്തിൽ നിന്നും 18 സീറ്റുകളിലേക്ക് ഇടതുപക്ഷം
ബീഹാർ റോഡുകളിൽ ചുവപ്പു പ്രകടനം
ബീഹാർ രാഷ്ട്രീയത്തിൽ ഇടതിന്റെ കടന്നുകയറ്റം…. മഹാസഖ്യത്തിൽ കോൺഗ്രസ് 20/70 എന്ന നിലയിൽ തകർന്നടിഞ്ഞപ്പോൾ ഇടതുപക്ഷം 18/29 എന്ന നിലയിൽ വൻ മുന്നേറ്റം നടത്തി .. എന്ന പേരില്‍ ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിലയ നേട്ടമുണ്ടാക്കാന്‍ സാധിച്ചതിനെ തുടര്‍ന്ന് ബിഹാറിലെ ആഹ്ളാദപ്രകടനം എന്ന പേരില്‍ പലരും ഈ വിഡിയോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ഇന്‍സ്റ്റാഗ്രാമിലും വാട്‌സാപ്പിലുമെല്ലാം സ്റ്റാറ്റസായി ഇടുകയും ചെയ്തു. ചെങ്കൊടിയുടെ കാവല്‍ക്കാര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 1,400ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ബീറാര്‍ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം കാഴ്ച്ചവെയ്ക്കാന്‍ സാധിച്ച ഇടതുപക്ഷം നടത്തിയ പ്രകടനത്തിന്‍റെ വീഡിയോയാണോ ഇത്? യഥാര്‍ത്ഥതില്‍ വീഡിയോയില്‍ കാണുന്നത് ബീഹാര്‍ തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഇടതുപക്ഷം ബിഹാറില്‍ നടത്തിയ പ്രകടനമെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ഇന്‍വിഡ് വി വേരിഫൈ ടൂള്‍ ഉപയോഗിച്ച് ഇമേജ് സെര്‍ച്ച് നടത്തിയതില്‍ നിന്നും ഇതെ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളതായി യാന്‍ഡക്‌സ് സെര്‍ച്ച് റിസള്‍ട്ടില്‍ ലഭിച്ചു. വീഡിയോ പരിശോധിച്ചപ്പോള്‍ ബംഗ്ല ഭാഷയിലെ തലക്കെട്ട് നല്‍കി 2019 ജനുവരി 24ന് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. വീഡിയോയില്‍ ബംഗ്ലാ ഭാഷയില്‍ തന്നെയുള്ള ഒരു ഗാനവും കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. ബംഗ്ലാ ഭാഷയിലുള്ള തലക്കെട്ടും ഗാനവും സിപിഎം പതാകയും വെള്ള യൂണിഫോം ധരിച്ച പോലീസുകാരുടെ അകമ്പടിയുടെ വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിക്കന്നുണ്ട്. അതിനാല്‍ വെസ്റ്റ് ബംഗാളിലാവാം ഈ പ്രകടനം മുന്‍പ് നടന്നതെന്ന പ്രാഥമിക നിഗമനത്തില്‍ ഞങ്ങള്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചു. ഇത് സ്ഥിരീകരിക്കുന്നതിനായി ഞങ്ങളുടെ ബംഗാള്‍ പ്രതിനിധി വീഡിയോ വിശദമായി പരിശോധിക്കുകയും വീഡിയോയില്‍ കാണുന്നത് വെസ്റ്റ് ബംഗാളിലെ സീല്‍ഡാ എന്ന സ്ഥലമാണെന്നും യൂട്യൂബ് വീഡിയോയില്‍ കേള്‍ക്കുന്നത് ബംഗ്ലാ കവിതയാണെന്നും വ്യക്തമാക്കി.
ഇന്‍വിഡ് വി വേരിഫൈ ടൂള്‍ ഉപയോഗിച്ച സെര്‍ച്ചില്‍ ലഭിച്ച യാന്‍ഡക്‌സ് റിസള്‍ട്ട്-

യൂ ട്യൂബില്‍ 2019 ജനുവരി 24ന് പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോ-
നിഗമനം
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നേട്ടം കൈവരിക്കാന്‍ സാധിച്ച ഇടതുപക്ഷം ബിഹാറിലെ തെരുവില്‍ നടത്തിയ പ്രകടനമെന്ന പേരില്‍ പ്രചരിക്കുന്നത് വെസ്റ്റ് ബംഗാളിലെ സിപിഎം പ്രകടനത്തിന്‍റെ വീഡിയാണ്. ഒരു വര്‍ഷം മുന്‍പ് തന്നെ ഈ വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്. വെസ്റ്റ് ബംഗാളിലെ സെല്‍ഡയില്‍ നടന്ന പ്രകടനമാണിതെന്നും ഞങ്ങള്‍ക്ക് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ബിഹാര്‍ തെരുവില്‍ ഇടതുപക്ഷം നടത്തിയ മാര്‍ച്ചിന്‍റെ വീഡിയോയാണോ ഇത്? വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False
