
വിവരണം
മറഞ്ഞ് ഇരുന്ന് കർഷകർക്ക് നേരെ പോലീസ് വെടി ഉതിർക്കുന്നു…. എന്ന തലക്കെട്ട് നല്കി 45 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റിപബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് നടത്തിയ ട്രാക്ടര്‍ റാലിയും തുടര്‍ന്ന് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിന്റെ ഭാഗമായി നടന്ന സംഘര്‍ഷത്തിന്റെ വീഡിയോയാണിത്. അഡ്വ. അനസ് അലി എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 70ല്‍ അധികം റിയാക്ഷനുകളും 1,000ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ വീഡിയോയുടെ തലക്കെട്ടില്‍ നല്‍കിയിരിക്കുന്നത് പോലെ കര്‍ഷകരെ മറഞ്ഞിരുന്ന് വെടിവയ്ക്കുന്ന പോലീസുകാരുടെ വീഡിയോ തന്നെയാണോ? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
പ്രചരിക്കുന്ന വീഡിയോയില്‍ തന്നെ പോലീസ് സമരക്കാര്‍ക്ക് നേരെ ടിയര്‍ ഗ്യാസ് അഥവ കണ്ണീര് വാതകം പ്രയോഗിക്കുകയാണെന്ന് വീഡിയോ ഷൂട്ട് ചെയ്ത വ്യക്തി തന്നെ തുടക്കത്തില്‍ പറയുന്നുണ്ട്. ഹിന്ദിയിലുള്ള ഈ സംഭാഷണം വ്യക്തമായി തന്നെ കേള്‍ക്കാന്‍ കഴിയും. കൂടാതെ ജനുവരി 26ന് നടന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ വീഡിയോ യൂട്യൂബില്‍ തിരഞ്ഞതില്‍ നിന്നും ഇതെ വീഡിയോ എന്‍ഡിടിവി അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുള്ളതായും കണ്ടെത്താന്‍ സാധിച്ചു. Farmers Protest: Chaos At Tractor Rally As Farmers Break Barricades, Cops Use Tear Gas എന്ന തലക്കെട്ട് നല്‍കിയാണ് എന്‍ഡിടിവി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പോലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് സംഘര്‍ഷമുണ്ടാക്കിയ കര്‍ഷക സമരക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു എന്നതാണ് ഇതിന്റെ പരിഭാഷ.
എന്‍ഡിടിവി പങ്കുവെച്ചിരിക്കുന്ന വീഡിയോ-
നിഗമനം
കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കിടയില്‍ പോലീസ് കണ്ണീര് വാതകം പ്രയോഗിക്കുന്ന വീഡിയോയാണ് വെടിവയ്പ്പ് എന്ന തലക്കെട്ടില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ഡെല്‍ഹിയില്‍ കര്‍ഷക സമരത്തിന് നേരെ പോലീസ് വെടി ഉതിര്‍ക്കുന്ന വീഡിയോയാണോ ഇത്? വസ്തുത അറിയാം..
Fact Check By: Dewin CarlosResult: False
