FACT CHECK – നര്‍മദ നദിയില്‍ നിന്നും ഭൂമിയുടെ ഒരു പാളി ഉയര്‍ന്നു വരുന്ന വീഡിയോ എന്ന പേരിലെ പ്രചരണം സത്യമോ? വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് നിരവധി വീഡികളും ചിത്രങ്ങളും സമൂഹാധ്യമങ്ങളിലൂടെ നാം എല്ലാ പലപ്പോഴായി കാണുന്നതാണ്. എന്നാല്‍ ഇപ്പോള്‍ നദിയില്‍ നിന്നും ഭൂമി ഉയര്‍ന്ന് പൊങ്ങി വരുന്ന കാഴ്ച്ച എന്ന പേരില്‍ ഒരു വീഡിയോ വൈറലായി സമൂഹമാധ്യമങ്ങലൂടെ പ്രചരിക്കുകയാണ്. ഇപ്രകാരമാണ് വീഡിയോയുടെ തലക്കെട്ട്- 

നർമദ നദിയിലെ പാനിപട്ട് ഭാഗത്ത് ഭൂമി ഉയർന്ന് വരുന്ന പ്രതിഭാസം എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന പഠനം നടക്കുകയാണ്.നിമിഷ നേരത്തിനുള്ളിലാണ് ഭൂമി ജലത്തിനടിയിൽ നിന്നു രണ്ടടി മുകളിലേക്കുയർന്നു വന്നത്. ജലാശയത്തിന് സമീപത്തു നിന്നവരിലൊരാൾ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.ജലാശയത്തിലെ വിചിത്രമായ മാറ്റം കണ്ടതോടെ ആളുകൾ തടിച്ചുകൂടി. ഭൂമി കൂടുതൽ ഉയർന്നു വരുന്നത് കണ്ട് ജലാശയത്തിന് സമീപത്തു നിന്നു അകന്നു നിൽക്കാൻ ചിലർ ജനങ്ങളോട് ആവശ്യപ്പെടുന്നുമുണ്ട്. വിണ്ടുകീറിയ നിലയിലാണ് ഭൂമി ഉയർന്നുവരുന്നത്.അമേരിക്കയിൽ ഉഷ്ണക്കാറ്റു മൂലമുണ്ടായ കാട്ടുതീയും ജർമനിയിലെയും ചൈനയിലെയും വെള്ളപ്പൊക്കവുമടക്കം കാലാവസ്ഥ വ്യതിയാനം എത്രത്തോളം തീവ്രമാണെന്ന സൂചന നൽകിക്കൊണ്ട് അനേകം സംഭവങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.അക്കൂട്ടത്തിൽപ്പെടുത്താവുന്ന വിചിത്രമായ പ്രതിഭാസം കഴിഞ്ഞ ദിവസം ഹരിയാനയിലും നടന്നു. ആളുകൾ നോക്കി നിൽക്കെ മഴയ്ക്ക് പിന്നാലെ ജലാശയത്തിനടിയിൽ നിന്നു ഭൂമിയുടെ വലിയൊരു ഭാഗം മുകളിലേക്ക് ഉയർന്നു വന്നു. ചാലക്കുടി ന്യൂസ് ടിവി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 3,300ല്‍ അധികം റിയാക്ഷനുകളും 6,200ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

ഇതാണ് പ്രചരിക്കുന്ന വീഡിയോ-

Facebook PostArchived Link

എന്നാല്‍ നര്‍മദ നദിയില്‍ ഉണ്ടായ അപൂര്‍വ്വ പ്രതിഭാസത്തിന്‍റെ വീഡിയോയാണോ ഇത്? പ്രതൃതിയിലുണ്ടാകുന്ന മാറ്റവുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും സൂചനയാണോ ഇത്? എന്താണ് പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ വീഡിയോയുടെ കമന്‍റ് ബോക്‌സില്‍ നിന്നും വൈറല്‍ ഹരിയാന എന്ന ഒരു പേജില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ട് ഒരാള്‍ പങ്കുവെച്ചിരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. വൈറല്‍ ഹരിയാന എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ റിപ്പോര്‍ട്ടര്‍ ഈ സ്ഥലം സന്ദര്‍ശിച്ച് എന്താണ് അവിടെ സംഭവിച്ചതെന്നതിന്‍റെ യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്ക് മുന്‍പില്‍ പറയുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇത് നര്‍മദ നദി അല്ല എന്നതാണ് ആദ്യ വസ്‌തുത. വീഡിയോയില്‍ കാണുന്ന സ്ഥലം ഹരിയാനയിലെ കര്‍ണല്‍ ജില്ലയിലെ നിസിങ്ങ് എന്ന ഗ്രാമമാണ്. ഹരിയാനയും നര്‍മജ നദിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഇവിടെ ഒരു നെല്‍പ്പാടത്ത് ആണ് ഇത്തരമൊരു സംഭവം ഉണ്ടായത്.  ഈ സ്ഥലം സന്ദര്‍ശിച്ച വൈറല്‍ ഹരിയാനയുടെ റിപ്പോര്‍ട്ടറുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ വിശദീകരണം ഇപ്രകാരമാണ്-

ഈ പാടത്ത് നേരിട്ട് ചെന്ന് റിപ്പോര്‍ട്ട് ചെയ്തയാളാണ് താന്‍. കര്‍ഷകര്‍ കൃഷി കഴിഞ്ഞ ശേഷം ഈ നെല്‍പ്പാടത്തെ മണ്ണം കുഴിച്ച് വിറ്റു. ഇവിടെയുള്ള വലിയ കുഴികളില്‍ പിന്നീട് കച്ചിയും മറ്റ് നെല്ലിന്‍റെ അവശിഷ്ടങ്ങളും ഉപയോഗിച്ച് മൂടുകയും ചെയ്തു. എന്നാല്‍ മഴ പെയ്ത് നിലത്തില്‍ വെള്ളം നിറഞ്ഞതും നീരാവി ഉയര്‍ന്നതോടെ അടിയില്‍ നിന്നും മൂടിയ വസ്‌തുക്കളും ചെളിയും പുറത്തേക്ക് തള്ളി ഉയര്‍ന്നു വന്നു. അതാണ് വീഡിയോയില്‍ കാണുന്നതെന്നും ഇത് ഭൂമിയുടെ അടിയില്‍ നിന്നും ഉയര്‍ന്ന് വന്ന പാളിയല്ലെന്നും റിപ്പോര്‍ട്ടര്‍ വ്യക്തമാക്കി

വൈറല്‍ ഹരിയാനയുടെ  വീഡിയോ റിപ്പോര്‍ട്ട്-

സാങ്കേതികമായ സ്ഥിരീകരണത്തിന് കേരള സര്‍വകലാശാല ജിയോളൊജി വിഭാഗം മേധാവി ഇ.ഷാജിയുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു. അദ്ദേഹത്തിന്‍റെ വിശദീകരണം ഇങ്ങനെയാണ്-

വീഡിയോയില്‍ കാണുന്നത് ചതുപ്പ് നിലമാണ്. ഇതിന് സമീപം ഫാക്‌ടറി എന്തെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവിടെ നിന്നുമുള്ള മാലിന്യങ്ങള്‍ വലിയ തോതില്‍ സംസ്കരിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഫലമായി ഇത്തരത്തില്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഈ വസ്‌തുതക്കള്‍ പുറന്തള്ളിയതാവാം. വൈറല്‍ ഹരിയാനയുടെ വീഡിയോ ഞങ്ങള്‍ അയച്ചു നല്‍കിയ ശേഷം വീഡിയോയിലെ റിപ്പോര്‍ട്ടര്‍ പറയുന്നത് പ്രകാരം സംഭവിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിഗമനം

വീഡിയോയില്‍ കാണുന്നത് നര്‍മദ നദിയോ മറ്റ് ഏതെങ്കിലും ജലാശയമോ അല്ല. ഇത് ഹരിയാനയിലെ കര്‍ണല്‍ ജില്ലിയിലെ നിസിങ്ങ് ഗ്രാമത്തിലെ ഒരു നെല്‍പ്പാടത്ത് നടന്ന സംഭവമാണ്. പാടത്ത് കുഴിയെടുത്ത് മണ്ണ് വില്‍പ്പനയ്ക്കായി എടുത്ത ശേഷം കച്ചിയും മറ്റ് നെല്ലിന്‍റെ അവശിഷ്ടവും ചെളിയും ചേര്‍ത്തു മൂടിയത് വെള്ളം കയറിയതോടെ പുറത്തേക്ക് തള്ളി വന്നതാണ്. അതുകൊണ്ട് വീഡിയോ വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:നര്‍മദ നദിയില്‍ നിന്നും ഭൂമിയുടെ ഒരു പാളി ഉയര്‍ന്നു വരുന്ന വീഡിയോ എന്ന പേരിലെ പ്രചരണം സത്യമോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •