FACT CHECK – വാറ്റിന് വേണ്ടി നടന്ന ‘കൂട്ടത്തല്ല്’! വീഡിയോ യാഥാര്‍ത്ഥ്യമോ? വസ്‌തുത ഇതാണ്..

സാമൂഹികം

വിവരണം

ഒരു കൂട്ടം യുവാക്കള്‍ വാറ്റ് ചാരായത്തിന് വേണ്ടി ഒരു വനമേഖലയില്‍ നടത്തുന്ന ഞെട്ടിക്കുന്ന സംഘടനരംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നാടന് വേണ്ടി നാടന്‍ അടി എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുനന്നത്. ഒരു നീര്‍ചാലിന് അരികില്‍ ഒരു സംഘം ചെറുപ്പക്കാര്‍ വ്യാജ വാറ്റ് നടത്തുന്നത് ശ്രദ്ധയില്‍പ്പെടുകയും അവിടെ ക്യാമറയുമായി മറ്റൊരു സംഘം എത്തി ഇവരോട് തങ്ങളുടെ സംഘത്തിന് സൗജന്യമായി വാറ്റ് തരണമെന്നും അല്ലാത്ത പക്ഷം പോലീസില്‍ അറിയിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഏകദേശം ഒന്‍പത് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വലിയ അടിപിടിയും യുവാക്കള്‍ തമ്മിലുള്ള അസഭ്യവര്‍ഷവുമാണ് വീഡിയോ ഉടനീളം കാണാന്‍ സാധിക്കുന്നത്. വാട്‌സാപ്പിലും, ഫെയ്‌സ്ബുക്കിലുമെല്ലാം ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഉണ്ണി ജയകുമാര്‍  എന്ന വ്യക്തി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് ഇതുവരെ നിരവധി ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്. ഇതാണ് പ്രചരിക്കുന്ന വീഡിയോ-

അതെസമയം പ്രചരിക്കുന്ന ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള യഥാര്‍ത്ഥ സംഘടനത്തിന്‍റെ ദൃശ്യങ്ങള്‍ തന്നെയാണോ? അങ്ങനെയെങ്കില്‍ ഇവരെ പോലീസ് പിടികൂടി നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

‘കൂട്ടത്തല്ല്’ എന്ന കീവേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ വീഡിയോയുമായി ബന്ധപ്പെട്ട മനോരമ ന്യൂസിന്‍റെ വാര്‍ത്തയുടെ യൂട്യൂബ് വീഡിയോയാണ് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചത്. വാര്‍ത്ത പരിശോധിച്ചതില്‍ നിന്നും ഇത് വയനാട് പുല്‍പ്പള്ളി എന്ന സ്ഥലത്ത് നടന്ന സംഭവമാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഒരു കൂട്ടം യുവാക്കള്‍ പുതുതായി ആരംഭിക്കുന്ന യൂട്യൂബ് ചാനലിന് വേണ്ടി പ്രമോഷന്‍റെ ഭാഗമായി ചെയ്ത വ്യത്യസ്ഥമായ ഒരു ആശയമായിരുന്നു വീഡിയോയുടെ ഉള്ളടക്കം. എന്നാല്‍ വീഡിയോ വയനാട് ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ കളി കാര്യമായി. വീഡിയോയിലുള്ള എട്ട് യുവാക്കള്‍ക്ക് എതിരെ പുല്‍പ്പള്ളി പോലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രോട്ടോക്കോള്‍ പാലിക്കാതെ വീഡിയോ ചിത്രീകരിച്ചതിനാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. സംഭവം പ്രതിക്ഷിക്കാത്ത തലത്തിലേക്ക് എത്തിയതോടെ വീഡിയോ ഷൂട്ട് ചെയ്യുന്ന സമയത്തെ കൂടുതല്‍ രംഗങ്ങള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ഈ യുവാക്കളെന്നും മനോരമ ന്യൂസ് വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാര്‍ത്ത ശരിയാണെന്നും ഇത് യഥാര്‍ത്ഥ സംഭവമല്ലെന്നും പുല്‍പ്പള്ളി പോലീസുമായി ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെട്ടതില്‍ നിന്നും സ്ഥിരീകരിക്കാനും കഴിഞ്ഞിട്ടുണ്ട്.

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

വാര്‍ത്തയുടെ യൂട്യൂoബ് ലിങ്ക്-

നിഗമനം

വയനാട് പുല്‍പ്പള്ളിയില്‍ ചിത്രീകരിച്ച വെറും അഭിനയരംഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ യഥാര്‍ത്ഥ കൂട്ടത്തല്ല് എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:വാറ്റിന് വേണ്ടി നടന്ന ‘കൂട്ടത്തല്ല്’! വീഡിയോ യാഥാര്‍ത്ഥ്യമോ? വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False