വീഡിയോയിലുള്ളത് ഗുരുവായൂർ കേശവനല്ല….

സാമൂഹികം സാംസ്ക്കാരികം

വിവരണം

Third Eye News LIVE എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  മെയ് 12   മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് 13500  ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ” ഹരേ കൃഷ്ണ ഗുരുവായൂർ കേശവൻ ഭഗവാനെ തൊഴുന്ന അതി മനോഹരമായ കാഴ്ച ഹരേ ഗുരുവായൂരപ്പാ” എന്ന വിവരണത്തോടെ ഒരു ആന ക്ഷേത്രനടയിൽ ഭഗവാനെ വണങ്ങുന്ന ബ്ളാക്ക് ആൻഡ് വൈറ്റ് വീഡിയോ ആണ് പോസ്റ്റിലുള്ളത്.

archived link FB post

കേരളത്തിലെ ആനകളുടെ ചരിത്രത്തിൽത്തന്നെ  അതിപ്രശസ്തനാണ്‌ ഗുരുവായൂർ കേശവൻ. അസാമാന്യ ബുദ്ധിയും വിവേകവും പെരുമാറ്റത്തിലൂടെ പ്രകടിപ്പിച്ച ഗുരുവായൂർ കേശവന്‍റെ പേരിൽ മലയാളത്തിൽ ചലച്ചിത്രം വരെ പുറത്തു വന്നിട്ടുണ്ട്. ഈയടുത്ത കാലത്ത് തൃശൂർ പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എന്ന ആനയെ സർക്കാർ ആദ്യം  വിലക്കുകയും പിനീട് അനുമതി നൽകുകയും ചെയ്ത വേളയിൽ  നിരവധി അനക്കഥകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു വരുന്നുണ്ട്.

അതേ വിഭാഗത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പോസ്റ്റിന്റെ വസ്തുത നമുക്ക് അന്വേഷിച്ചു നോക്കാം. ഇതേ വീഡിയോ   Kiratha Das  ഫേസ്‌ബുക്ക് പ്രൊഫൈലിൽ  നിന്നും 2019  മെയ് 13  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അതിന് ഏകദേശം 3500 ഷെയറുകൾ ലഭിച്ചുകഴിഞ്ഞു.

ഇത് യഥാർത്ഥത്തിൽ ഗുരുവായൂർ കേശവന്റെ വീഡിയോ തന്നെയാണോ എന്ന് നമുക്ക് പരിശോധിച്ചു നോക്കാം

വസ്തുതാ പരിശോധന

ഈ വീഡിയോയുടെ കമന്റ് ബോക്സിൽ ഇത് ഗുരുവായൂർ കേശവൻ അല്ല എന്നും വീഡിയോയിൽ കാണുന്ന ക്ഷേത്രം ഗുരുവായൂരല്ല  എന്നും നിരവധി കമന്റുകൾ ലഭിച്ചിട്ടുണ്ട്.

ഗുരുവായൂർ കേശവന്റെ ചിത്രങ്ങളും വീഡിയോയും ഗൂഗിളിൽ ലഭ്യമാണ്. ഗുരുവായൂർ കേശവൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഫോട്ടോകളും വീഡിയോകളും എടുത്തിരുന്നു എങ്കിലും ഇന്നത്തെപ്പോലെ എച്ച്ഡി നിലവാരത്തിൽ പോലുള്ള വ്യക്തത അക്കാലത്തെ ചിത്രങ്ങൾക്കും വീഡിയോകൾക്കും ഉണ്ടായിരുന്നില്ല. കാരണം  ഇന്നത്തെപ്പോലുള്ള സാങ്കേതിക വിദ്യ ഫോട്ടോഗ്രാഫിയിൽ വികസിച്ചിരുന്നില്ല. പല ഫോട്ടോഗ്രാഫർമാരുടെയും ശേഖരത്തിൽ സൂക്ഷിച്ചിട്ടുള്ള ചിത്രങ്ങളും വീഡിയോകളുമാണ് പരക്കെ പ്രചരിക്കുന്നത്.അക്കാലത്ത് ഫോട്ടോയും വീഡിയോയും ഇന്നത്തെപ്പോലെ വ്യാപകവും ആയിരുന്നില്ല. ഗുരുവായൂർ കേശവൻ ചെരിഞ്ഞത് 1976  ലാണ്.

എന്നാൽ ഈ വീഡിയോ ബ്ളാക്ക് ആൻഡ് വൈറ്റ് ആണെങ്കിലും ദൃശ്യ നിലവാരം വളരെ മികച്ചതാണെന്ന്  ശ്രദ്ധിച്ചാൽ എളുപ്പം  മനസ്സിലാകും.  

archived link YouTube

ഗുരുവായൂർ കേശവന്‍റെ മസ്തകം മറ്റ് ആനകളിൽ നിന്നും വ്യത്യസ്തമായി ഉയർന്നതും പരന്നതും ആയിരുന്നു. വളരെ ഉയരം കൂടിയ കേശവന്‍റെ തുമ്പിക്കൈയ്ക്കും പ്രത്യേകതകളുണ്ടായിരുന്നു. നിറയെ വെള്ളപ്പുള്ളികളുള്ളതും നിലത്തിഴയുന്ന നീളമുള്ളതുമായ തുമ്പിക്കൈയായിരുന്നു കേശവന്റേത്. കേശവനെക്കുറിച്ചുള്ള ചില വീഡിയോകളും ചിത്രങ്ങളും താഴെ കൊടുക്കുന്നു.

ഈ വീഡിയോ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് വീഡിയോകളുടെ ദൃശ്യ നിലവാരത്തിലുള്ള വ്യത്യാസം മനസ്സിലാക്കാം.

archived YouTube link

ഇനി പോസ്റ്റിൽ നൽകിയിട്ടുള്ള വീഡിയോയിലെ ദൃശ്യ നിലവാരം ശ്രദ്ധിക്കുക. ബ്ളാക്ക് ആൻഡ് വൈറ്റ് രീതിയിൽ എടുത്തത് പഴയകാല വീഡിയോ ആണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരിക്കാം. എന്നാൽ പഴയകാല വീഡിയോകളിൽ നിന്നും വ്യത്യസ്തമായി ഉയർന്ന നിലവാരത്തിലുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ക്ഷേത്രത്തിലെ ആനയായ മലയാലപ്പുഴ രാജൻ എന്ന ആനയാണിത് എന്നാണ് പോസ്റ്റ് സന്ദർശിച്ചതിൽ ഏറെപ്പേരും കമന്റ് ചെയ്തത്.

ഞങ്ങൾ ഇതേ വീഡിയോ പല കീ വെർഡ്‌സ് ഉപയോഗിച്ച് നിരവധി തിരഞ്ഞെങ്കിലും ലഭ്യമായില്ല. ഒരുപക്ഷെ ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യ ശേഖരത്തിൽ നിന്നുള്ള വീഡിയോ ആകാം.ഇതിനു സമാനമായ മറ്റൊരു വീഡിയോ മലയാലപ്പുഴ രാജന്റേതു തന്നെ ലഭിച്ചിട്ടുണ്ട്. ഇത് ടിക് ടോക് ആപ്പിലൂടെ പ്രസിദ്ധീകരിച്ചിരിക്കുന്ന വീഡിയോയാണ്.

archived YouTube link

ഗുരുവായൂർ  കേശവന്‍റെ അനേകം വീഡിയോകൾ ലഭ്യമാണ്. എന്നാൽ ഈ പേരിൽ വീഡിയോയും വാർത്തകളും ലഭ്യമല്ല. ആനകളിൽ ഏറെ പ്രശസ്തനായ ഗുരുവായൂർ കേശവന്‍റെ യഥാർത്ഥ  വീഡിയോ ആയിരുന്നു ഇതെങ്കിൽ  വളരെക്കാലം മുമ്പുതന്നെ ഇത് പ്രസിദ്ധമാകുമായിരുന്നു.   

കൂടാതെ ഗുരുവായൂർ ആനക്കൊട്ടിലായ പുന്നത്തൂർ കോട്ടയുടെ ഫേസ്‌ബുക്ക് പേജായ Punnathoor Kotta യിൽ അവർ  തന്നെ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഗുരുവായൂർ കേശവന്‍റെ ചിത്രമല്ലെന്നും മലയാലപ്പുഴ രാജന്റേതാണെന്നും പേജിൽ വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റ് താഴെ കാണാം.

archived FB post

കൂടാതെ ഞങ്ങൾ മലയാലപ്പുഴ ദേവസ്വം ഓഫീസ് അധികാരികളുമായി ബന്ധപ്പെട്ടു.

മലയാലപ്പുഴ രാജൻ എന്ന ആന അവർക്കുണ്ടെന്നും എന്നാൽ ഈ വീഡിയോയെപ്പറ്റി വേണ്ടത്ര അറിവില്ല എന്നുമാണ് അവർ പ്രതികരിച്ചത്.  “ശ്രീകോവിലിനു മുന്നിൽ  വന്നാൽ വണങ്ങാൻ പരിശീലനം ലഭിച്ച ആനയാണ് രാജൻ. എളുന്നള്ളിപ്പിനിടെ എല്ലായിടത്തും രാജൻ ഇങ്ങനെ വണങ്ങാറുണ്ട്.”

archived YouTube link

ഗുരുവായൂർ ദേവസ്വം ബോർഡിന്റെ പ്രസിദ്ധീകരണ വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരം ഒരു വീഡിയോ അവരുടെ ഔദ്യോഗിക രേഖകളിലൊന്നും ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

ഞങ്ങളുടെ വിശകലനത്തിൽ നിന്നും വ്യക്തമാക്കാൻ സാധിക്കുന്നത് വീഡിയോയിലൂടെ പ്രചരിപ്പിക്കുന്ന വാർത്ത തെറ്റാണെന്നാണ്.

നിഗമനം

ഈ വീഡിയോയിലൂടെ പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശമാണ്. വീഡിയോയിൽ ദൈവത്തെ വണങ്ങുന്ന ആന ഗുരുവായൂർ കേശവനല്ല, മറിച്ച് മലയാലപ്പുഴ രാജൻ എന്ന ആനയാണ്. വീഡിയോയുടെ നിലവാരം പരിശോധിക്കുമ്പോൾ ആധുനിക കാലത്തെ കാമറ ലെൻസിൽ ചിത്രീകരിച്ചിരിക്കുന്നതാണ് വീഡിയോ എന്ന് വ്യക്തമാണ്. അതിനാൽ ഗുരുവായൂർ കേശവന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ആരും പോസ്റ്റ് പങ്കുവയ്ക്കരുതെന്ന് പ്രീയ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ചിത്രങ്ങൾ കടപ്പാട് :  ഫേസ്‌ബുക്ക്, ഗൂഗിൾ

Avatar

Title:വീഡിയോയിലുള്ളത് ഗുരുവായൂർ കേശവനല്ല….

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

1 thought on “വീഡിയോയിലുള്ളത് ഗുരുവായൂർ കേശവനല്ല….

Comments are closed.