ഈ പോലീസ് മുന്നറിയിപ്പ് സത്യമാണോ..?

സാമൂഹികം

വിവരണം 

ptamediaonline.com എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 4  മുതൽ കേരള പോലീസ് അലേർട്ട് എന്ന പേരിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 250 ഷെയറുകളായിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് , “പോലീസ് അലേർട്ട് അഭ്യർത്ഥിക്കുന്നു *

===============

പ്രിയ സുഹൃത്തുക്കളെ,

ആരെങ്കിലും നിങ്ങളെ ഒരു മാളിന്റെ പാർക്കിംഗ് സ്ഥലത്തോ മറ്റെവിടെയെങ്കിലുമോ നിർത്തി എന്തെങ്കിലും സുഗന്ധതൈലത്തിൽ താൽപ്പര്യമുണ്ടോ എന്ന് ചോദിക്കുകയും മണക്കാൻ ഒരു പേപ്പർ നൽകുകയും ചെയ്യുന്നുവെങ്കിൽ ദയവായി ശ്രദ്ധിക്കുക. ഇതൊരു പുതിയ അഴിമതിയാണ്, പേപ്പർ മയക്കുമരുന്ന് ഉപയോഗിച്ചാണ്. നിങ്ങളെ പുറത്താക്കുന്നതിനാൽ അവർക്ക് നിങ്ങളെ തട്ടിക്കൊണ്ടുപോകാനോ കൊള്ളയടിക്കാനോ മോശമായ കാര്യങ്ങൾ ചെയ്യാനോ കഴിയും.

അറിയപ്പെടുന്ന 3 ലധികം മാളുകളിൽ ഇത് സംഭവിച്ചു

7 ലധികം പെൺകുട്ടികളെ കാണാനില്ല

എല്ലാ ചങ്ങാതിമാർക്കും കുടുംബത്തിനും മുന്നോട്ട്. ദയവായി ഒരു ജീവൻ രക്ഷിക്കുക. ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ഇത് ലഭിച്ചു, ശ്രദ്ധിക്കുക ഒപ്പം പരിരക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരേയും അറിയിക്കുക. അറിവ് ശക്തിയാണ് !

ഇതിന് ഒരു ജീവൻ രക്ഷിക്കാൻ കഴിയും!

കെ.ആർ.നാഗരാജു

ഡിസിപി ക്രൈംബ്രാഞ്ച് ..”

archived linkFB post

ഈ പോസ്റ്റിൽ കേരളം പോലീസിന്റെ എംബ്ലം നൽകിയിട്ടുണ്ട്. കേരള പോലീസിന്റേത് തന്നെയാണോ ഈ മുന്നറിയിപ്പ്..? കെആർ നാഗരാജു ഡിസിപി ക്രൈംബ്രാഞ്ച് ആണോ..? നമുക്ക് പോസ്റ്റിന്റെ യാഥാർഥ്യം അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം 

ഈ പോസ്റ്റിൽ എവിടെയുള്ള മാളിലാണ് ഇങ്ങനെ ഇത്തരത്തിൽ പേപ്പറിൽ മയക്കുമരുന്ന് കലർത്തി മണക്കാൻ നൽകിയശേഷം പെൺകുട്ടികളെ ആക്രമിച്ചത് എന്ന് വ്യക്തമാക്കിയിട്ടില്ല.7 ലധികം പെൺകുട്ടികളെ ഇത്തരത്തിൽ കാണാതായിട്ടുണ്ട് എന്നും പോസ്റ്റിൽ പറയുന്നത് അവ്യക്തമായിട്ടാണ്. അതിനാൽ ഞങ്ങൾ ഈ പോസ്റ്റിനെ പറ്റി ഓൺലൈനിൽ അന്വേഷിച്ചു നോക്കി. നിരവധി പേർ  ഫേസ്‌ബുക്കിൽ ഇതേ പോസ്റ്റ് പ്രസിദ്ധീകരിക്കുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. വാട്ട്സ് ആപ്പിലും പോസ്റ്റിന് നല്ല പ്രചാരമുണ്ട്. 

 ഇത്തരത്തിൽ സമാന പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ വിവിധ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വൈറലായിരിക്കുന്നതിന്റെ വസ്തുതാ അന്വേഷണം നടത്തിയ ഏതാനും വെബ്‌സൈറ്റുകളുടെ ലിങ്കുകൾ അന്വേഷണത്തിൽ ഞങ്ങൾക്ക്  ലഭ്യമായി. ഇതേ പോസ്റ്റിന്റെ ഇംഗ്ലീഷ് പകർപ്പ് ബാംഗ്ളൂർ മിറർ എന്ന വെബ്‌സൈറ്റ് വസ്തുത അന്വേഷണം നടത്തിയിട്ടുണ്ട്. അവർ പോസ്റ്റ് വ്യാജമാണ് എന്ന നിഗമനത്തിലാണ് എത്തിയത്. പ്രസ്തുത ഡിസിപി ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട് എന്നും ലേഖനത്തിൽ പറയുന്നു. 

archived linkbangalore mirror

hoaxorfact  എന്ന വെബ്‌സൈറ്റ് അന്വേഷിച്ച പോസ്റ്റിൽ മഹീന്ദർ റെഡ്ഢി കമ്മീഷണർ ഓഫ് പോലീസ് എന്ന പേരിലാണ് ഇതേ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. Ayupp എന്ന വെബ്‌സൈറ്റ് അന്വേഷണം നടത്തിയതും ഇതേ ഉദ്യോഗസ്ഥന്റെ പേരിലുള്ള പോസ്റ്റിന്റെ മുകളിലാണ്. 

ലേഖനങ്ങൾ ഇവിടെ വായിക്കാം.

archived linkhoaxorfact
archived linkayupp

ഞങ്ങൾ തിരുവനന്തപുരത്തുള്ള പോലീസ് സൈബർ സെൽ ആസ്ഥാനത്തു വിളിച്ച് ഡിസിപി ക്രൈം ബ്രാഞ്ച് കെആർ നാഗരാജുവിനെ കുറിച്ച്  ആണ്വവെഷിച്ചു. എന്നാൽ ഇങ്ങനെയൊരു പോലീസ് ഉദ്യോഗസ്ഥൻ കേരള പോലീസിൽ ഇല്ല എന്നാണ് ഞങ്ങളുടെ പ്രതിനിധിയോട് അവിടെ നിന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. “സിഎച്ച് നാഗരാജു എന്ന പേരുള്ള ഒരു ഓഫീസർ അടുത്തുതന്നെ കേരളം പോലീസിൽ ഡെപ്യുട്ടേഷനിൽ ചുമതല ഏൽക്കും. അദ്ദേഹത്തിന്റെ തസ്തിക തീരുമാനമായില്ല. ഈ പോസ്റ്റിനെ പറ്റി പലരും പറഞ്ഞിരുന്നു. എന്നാൽ ഇങ്ങനെയൊരു പോസ്റ്റ് ഞങ്ങളുടെ അറിവിൽ പോലീസ് പ്രസിദ്ധീകരിച്ചിട്ടില്ല. കെആർ നാഗരാജു കേരള പൊലീസിലെ ഉദ്യോഗസ്ഥനല്ല”

തുടർന്ന് കെ ആർ നാഗരാജുവിനെ പറ്റി ഞങ്ങൾ അന്വേഷിച്ചപ്പോൾ ചില വിവരങ്ങൾ അദ്ദേഹത്തെപ്പറ്റി ലഭ്യമായത് താഴെ കൊടുക്കുന്നു. 

archived linktelanganatoday

“രാച്ചക്കൊണ്ട കമ്മീഷണറേറ്റ് പരിധിയിൽ ഡിസിപി (ക്രൈം) ആയി ജോലി ചെയ്തിരുന്ന കെ ആർ നാഗരാജു നിലവിലെ ഡിസിപി ബി വെങ്കട്ട് റെഡ്ഡിയിൽ നിന്ന് വാറങ്കൽ ഈസ്റ്റ് സോണിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി ചുമതലയേറ്റു. ” എന്നാണ്  വാർത്തയിൽ നൽകിയിരിക്കുന്നത്. അദ്ദേഹം ഈ മുന്നറിയിപ്പിനെ പറ്റി എന്തെങ്കിലും പ്രതികരണം നടത്തിയതായി വാർത്തകളില്ല. അദ്ദേഹത്തിന് സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഉള്ളതായി ഞങ്ങളുടെ പരിശോധനയിൽ കാണാൻ കഴിഞ്ഞില്ല.

ഏതായാലും ഈ വ്യാജ പോലീസ് മുന്നറിയിപ്പ് പല ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരിലും ഇന്ത്യ മുഴുവൻ പ്രചരിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. അതിനാൽ  കേരള പോലീസിന്റെ എംബ്ളവുമായി മലയാളത്തിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്നാണ് ഉറപ്പിക്കാം. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ് കേരളാ പോലീസിന്റെയല്ല. കെആർ നാഗരാജു കേരള പൊലീസിലെ ഡിസിപി അല്ല. ഇതേ മുന്നറിയിപ്പ്  പല ഓഫീസർമാരുടെ പേരിലും ഇന്ത്യ മുഴുവൻ പ്രചരിച്ചു വരുന്നുണ്ട്. കേരള പോലീസ് ഈ മുന്നറിയിപ്പ് അവരുടേതല്ല എന്ന് അറിയിച്ചിട്ടുണ്ട്. അതിനാൽ വസ്തുത അറിയാതെ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു.

Avatar

Title:ഈ പോലീസ് മുന്നറിയിപ്പ് സത്യമാണോ..?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •