കോവിഡ് ദുരിതാശ്വാസമായി സർക്കാർ 2000 രൂപ നൽകുന്നു എന്ന പ്രചരണം വ്യാജമാണ്

ദേശീയം സാമൂഹികം

വിവരണം

ഓരോ പൗരനും 2000 രൂപ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവായി എന്ന് അറിയിക്കുന്ന ഒരു മെസ്സേജ് ഏതാനും ആഴ്ചകളായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാട്ട്സ് ആപ്പിലാണ് പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നത്. ഈ പോസ്റ്റ് സത്യമാണോ എന്നു ചോദിച്ചുകൊണ്ട് വായനക്കാരില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. 

പോസ്റ്റിനൊപ്പം ഒരു ലിങ്ക് നൽകിയിട്ടുണ്ട്. സർക്കാർ ലോഗോയുള്ള പോസ്റ്റില്‍ ലിങ്കിനൊപ്പം നല്കിയിരിക്കുന്ന അറിയിപ്പില്‍ ഇത്  നിങ്ങള്‍ക്ക് മാത്രമേ ക്ലെയിം ചെയ്യാന്‍ പറ്റൂ എന്നും വേഗം ചെയ്യുക എന്നും പ്രത്യേകം എഴുതിയിട്ടുണ്ട്. ഇതൊരു സര്‍വേ ആണെന്നും ചുരുങ്ങിയത് ഏഴു വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലേയ്ക്ക് സന്ദേശം ഷെയര്‍ ചെയ്യണമെന്നുമുള്ള അറിയിപ്പാണ് ഒടുവില്‍ നിങ്ങള്‍ക്ക് ലഭിക്കുക. 

എന്നാൽ ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും വ്യാജ പ്രചരണം മാത്രമാണ്. 

വസ്തുത അറിയാം

ഈ സന്ദേശം കഴിഞ്ഞ ഒരു മാസമായി വിവിധ തുകകളുടെ അറിയിപ്പുമായി പ്രചരിക്കുന്നുണ്ട് എന്നാണ് അന്വേഷിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. ദുരിതാശ്വാസ തുക 2000, 5000, 10000 പല വ്യത്യസ്ത സന്ദേശങ്ങളില്‍ എന്നിങ്ങനെ വ്യത്യാസപ്പെടുന്നുണ്ട്. 

എന്നാൽ ഇതൊരു വ്യാജ പ്രചരണം മാത്രമാണ്. ഒപ്പം നൽകിയിരിക്കുന്ന വെബ്സൈറ്റ് തുറന്നു നോക്കിയാൽ ഇതിന് സർക്കാരുമായി യാതൊരു ബന്ധവും ഇല്ലെന്നും ലിങ്കിലൂടെ സര്‍ക്കാര്‍ വെബ്സൈറ്റുകളിലേയ്ക്ക് കയറാനാകില്ല എന്നും വ്യക്തമാകും. 

ഈ വെബ്സൈറ്റ് തുറന്നാൽ വരുന്ന ചില പേജുകളുടെ സ്ക്രീൻ ഷോട്ടുകൾ താഴെ കൊടുക്കുന്നു

ഒടുവിൽ കാണിക്കുന്നത് ‘എങ്കിൽ ഇത് ഷെയർ ചെയ്യുക’ എന്ന ഓപ്ഷൻ ആണ്. മെസ്സേജ് പൈസ അക്കൗണ്ടിൽ ലഭിച്ചവർ സാക്ഷ്യപ്പെടുത്തുന്ന ചില സന്ദേശങ്ങളും കാണാം എന്നാൽ അക്കൗണ്ടിന് തീരെ വിശ്വാസ്യത ഇല്ല എന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാകുന്നതാണ്.

ജൂലൈ 10 വരെ മാത്രമാണ് ഓഫർ ഉള്ളതെന്നും വെബ്സൈറ്റിൽ പ്രത്യേകം എഴുതിയിട്ടുണ്ട്. മുകളിലെ സ്ക്രീന്‍ഷോട്ട് ശ്രദ്ധിയ്ക്കുക! ഫണ്ട് ലഭിച്ചതായി സാക്ഷ്യപ്പെടുത്തിയവരുടെ സന്ദേശങ്ങളുടെയെല്ലാം സമയം ‘just now’ ത്തന്നെയാണ്. ഒരെണ്ണം മാത്രം ‘2 min ago’ ആണ്. ഇത് ഒട്ടും വിശ്വസനീയമല്ല. 

വെബ്സൈറ്റ് അധികൃതര്‍ ആരാണെന്നും എന്താണെന്നും ഒന്നും വ്യക്തമാകുന്ന യാതൊരു രേഖകളും വെബ്സൈറ്റില്‍ ഇല്ല. ആധികാരികമല്ലാത്ത ഇത്രയും ഇത്തരം വെബ്സൈറ്റുകളിൽ കയറുന്നത് സുരക്ഷിതമല്ല. കെനിയയില്‍ നിന്നും ഇത്തരത്തിൽ ഇതേ സന്ദേശം മെയ് മാസത്തിൽ പ്രചരിച്ചിരുന്നു. 

ഈ സന്ദേശം വ്യാജമാണെന്നും ഇത്തരത്തില്‍ ഒരു പദ്ധതിയെ പറ്റിയുള്ള അറിയിപ്പ് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാരിന് ഇങ്ങനെയൊരു പദ്ധതി ഇല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന ദുരിതാശ്വാസ പദ്ധതി സംബന്ധമായ വിവരങ്ങൾ മുഖ്യധാരാ വാർത്താ മാധ്യമങ്ങളിലൂടെ അവർ പ്രസിദ്ധീകരിക്കാറുണ്ട്. ഇതല്ലാത്ത പ്രചരിക്കുന്ന പദ്ധതി വിവരങ്ങളൊന്നും വിശ്വസനീയമല്ല. 

സര്‍ക്കാരിന്‍റെ കോവിഡ് 19 റിലീസ് പാക്കേജുകളെ കുറിച്ച് വിശദമായ വിവരങ്ങൾ ഓൺലൈനിൽ അന്വേഷിച്ചാൽ ലഭിക്കുന്നതാണ്. ബന്ധപ്പെട്ട പദ്ധതിയെകളെക്കുറിച്ച് നിങ്ങളുടെ സംശയങ്ങൾ വാർഡ് കൗൺസിലർ മാരുമായി പങ്കുവയ്ക്കാവുന്നതാണ്. 

അല്ലെങ്കിൽ സർക്കാർ ഓഫീസുകളിൽ വിളിച്ചാൽ ഇതിനുള്ള  മാർഗ്ഗനിർദ്ദേശങ്ങൾ നിങ്ങൾക്ക് ലഭിക്കും. അല്ലാത്ത ഇത്തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വിശ്വസിച്ച് അതിനോട് പ്രതികരിക്കരുത്. 

മാത്രമല്ല, ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് മുകളില്‍ വിവിധ വസ്തുത അന്വേഷണ മാധ്യമങ്ങള്‍ അന്വേഷണം നടത്തുകയും തെറ്റാണെന്നുള്ള നിഗമനത്തില്‍ എത്തുകയും ചെയ്തിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും വ്യാജമാണ്.  കേന്ദ്രസർക്കാർ ഇത്തരത്തിൽ യാതൊരു റിലീഫ് ഫണ്ടും നൽകുന്നില്ല. കേന്ദ്ര സർക്കാർ പദ്ധതികളെ കുറിച്ചുള്ള വിശദവിവരങ്ങൾ ഉള്ള സർക്കാർ വെബ്സൈറ്റുകളിലും ബന്ധപ്പെട്ട സർക്കാർ ഓഫീസുകളിൽ നിന്നും ഫോൺ ചെയ്തും മനസ്സിലാക്കാവുന്നതാണ്. 

ഇത് വെറും വ്യാജപ്രചരണം മാത്രമാണ് ഇത്തരത്തിൽ യാതൊരു ആനുകൂല്യവും കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും നൽകുന്നില്ല. 

Avatar

Title:കോവിഡ് ദുരിതാശ്വാസമായി സർക്കാർ 2000 രൂപ നൽകുന്നു എന്ന പ്രചരണം വ്യാജമാണ്

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •