കൊറോണ; പെട്രോള്‍ പമ്പുകള്‍ അടച്ചിടുമോ?

സാമൂഹികം

വിവരണം

എല്ലാവരും വണ്ടിയില്‍ പെട്രോള്‍ അടിച്ചിട്ടോ ഇന്ന് വൈകുന്നേരം പമ്പുകള്‍ അടയ്ക്കും.. എന്ന ഒരു സന്ദേശം വാട്‌സാപ്പിലൂടെയും ഫെയ്‌സ്ബുക്ക് മെസ്സഞ്ചേറിലൂടെയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോവിഡ് 19 വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ജനങ്ങള്‍ ഏറെ ജാഗ്രതയോടെ വേണം സ്ഥിതി നോക്കിക്കാണേണ്ടതെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിന്‍റെ ഭാഗമായി വിവിധ മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പെട്രോള്‍ പമ്പുകള്‍ അടയ്ക്കുമോ എന്ന ആശങ്കയില്‍ വലിയ ജനത്തിരക്കും പമ്പുകളില്‍ അനുഭവപ്പെടുന്നുണ്ട്. പ്രചരിക്കുന്ന സന്ദേശം ഇപ്രകാരമാണ്-

എന്നാല്‍ ഇന്ധന പമ്പുകള്‍ അടച്ചിടാന്‍ ഏതെങ്കിലും തരത്തിലുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ? എന്താണ് സന്ദേശത്തിന് പിന്നിലെ വസ്‌തുത എന്നും പരിശോധിക്കാം.

വസ്‌തുത വിശകലനം

പെട്രോള്‍ പമ്പുകള്‍ അടയ്ക്കണമെന്ന് സര്‍ക്കാര്‍ ഏതെങ്കിലും തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടോ എന്ന് അറിയാന്‍ പെട്രോള്‍ പമ്പ് ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു-

പമ്പുകള്‍ അടച്ചിടാന്‍ യാതൊരു തരത്തിലുള്ള നിര്‍ദേശവും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. അതെ സമയം ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ കൈ ഉറയും കൈ കഴുകാനും വൃത്തിയായി സൂക്ഷിക്കാനും ആവശ്യമായ സാനിറ്റൈസറുകളും ഹാന്‍ഡ് വാഷുകളും പമ്പുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്‌ച്ച ജനത കര്‍ഫ്യു ആചരിക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് അവിടെ മാത്രമുള്ള ഡീലേഴ്‌സ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ മറ്റുള്ള ജില്ലകളില്‍ പമ്പ് അടയ്ക്കണോ എന്നതിനെ കുറിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. വാട്‌സാപ്പ് പ്രചരണം അടിസ്ഥാന രഹിതമാണെന്നും പെട്രോള്‍ പമ്പ് ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി അറിയിച്ചു.

കേരള പോലീസ് മീഡിയ സെന്‍ററുമായും സന്ദേശത്തെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടു. കൊറോണയുടെ സാഹചര്യത്തില്‍ ഇത്തരത്തില്‍ നിരവധി വ്യാജ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ പിടികൂടാന്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മീഡിയ സെന്‍റര്‍ അറിയിച്ചു.

നിഗമനം

പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന പ്രചരണം വ്യാജമാണെന്ന് പമ്പ് ഉടമകളുടെ സംഘടനയും പോലീസും വ്യക്തമാക്കി. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന സന്ദേശം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കൊറോണ; പെട്രോള്‍ പമ്പുകള്‍ അടച്ചിടുമോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •