കൊല്‍ക്കത്തയിലെ രാജാബസാര്‍ മദ്രസയില്‍ നിന്നും പോലീസ് പിടികൂടിയ ആയുധങ്ങളും മോചിപ്പിച്ച കുട്ടികളുടെ ചിത്രങ്ങളുമാണോ വാട്‌സാപ്പ് സന്ദേശങ്ങളില്‍ പ്രചരിക്കുന്നത്?

സാമൂഹികം

വിവരണം

കൊൽക്കൊത്തയിലെ രാജാ ബസാറിലെ മദ്രസ്സയിൽ നിന്നും പോലീസ് മോചിപ്പിച്ച ബാല തീവ്രവാദി സംഘം… മദ്രസ്സകൾ കേന്ദ്രീകരിച്ചു നടക്കുന്ന ആയുധ പരിശീലന ക്യാമ്പ്‌.. കേരളത്തിൽ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് മദ്രസകളിലും ഇത്‌ തന്നെയാണ് നടക്കുന്നത്.. മൂന്ന് വോട്ടിനു വേണ്ടി തിരിച്ചറിവ് പണയം വയ്ക്കുന്ന ന്യായീകരണ നവോത്ഥാനക്കാർ മനസ്സിരുത്തി കാണുക .( കേരളത്തിൽ പക്ഷേ ഒരു റെയിഡും ഉണ്ടാവില്ല കേട്ടോ!!) വോട്ട് വേണ്ടേ??

ഒരു RSS കേന്ദ്രത്തിൽ നിന്നും ഇതൊന്നും കിട്ടിയിട്ടില്ല .ആർ എസ് എസ് കേന്ദ്രങ്ങളും ക്ഷേത്രങ്ങളും ആണ് ആയുധപ്പുരകൾ എന്നു പറഞ്ഞ ചില സഖാക്കൻമാർ നമുക്കുണ്ടായിരുന്നു മൂടുതാങ്ങിയ കുറേ അണികളും .എല്ലാം കണ്ണുപൊട്ടൻമാരായി ഇരുന്നോ.. എന്ന തലക്കെട്ട് നല്‍കി കുറച്ച് ചിത്രങ്ങള്‍ വാട്‌സാപ്പിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത അറിയാന്‍ ആഗ്രഹിക്കുന്നതായി ഞങ്ങള്‍ക്ക് ഒരു സന്ദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ വസ്‌തുത വിശകലനം നടത്തുന്നത്. വാട്‌സാപ്പിലെ സന്ദേശം ഉപയോഗിച്ച് ഫെ‌യ്‌സ്ബുക്കില്‍ സെര്‍ച്ച് ചെയ്തപ്പോഴും ഒരു പോസ്റ്റ് പോസ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞു. അനൂപ് ഇളയത്ത്.എസ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് കാണാം-

Facebook PostArchived Link

എന്നാല്‍ പ്രചരിക്കുന്നത് പോലെ കൊല്‍ക്കട്ടയില്‍ നിന്നും മദ്രസയില്‍ നിന്നും ആയുധങ്ങള്‍ പിടികൂടുകയും കുട്ടികളെ മോചിപ്പിക്കുകയും ചെയ്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

വാട്‌സാപ്പ്-ഫെയ്‌സ്ബുക്ക് പ്രചരണത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോഴാണ് ഇതെ ചിത്രം ഉപയോഗിച്ച് മുന്‍പ് പ്രചരിപ്പിച്ചിരുന്ന ഒരു പോസ്റ്റിനെ കുറിച്ച് ദ് ക്വിന്‍റ്  വസ്‌തുത പരിശോധന നടത്തിയതായി കണ്ടെത്താന്‍ കഴിഞ്ഞത്. കാശ്മീരിലെ മുസ്‌ലിം പള്ളികള്‍ കേന്ദ്ര സര്‍ക്കാര്‍ പിടിച്ചെടുത്തോ എന്ന വിഷയത്തിലാണ് ക്വിന്‍റ് 2019 ഓഗസ്റ്റ് മാസത്തില്‍ വസ്‌തുത വിശകലനം നടത്തിയിരിക്കുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന തോക്ക് ശേഖരത്തിന്‍റെ അതെ ചിത്രം കാശ്മീരില്‍ നിന്നും പിടികൂടി എന്ന പേരില്‍ അന്നും പ്രചരിപ്പിച്ചിരുന്നു. ആ ചിത്രം റിവേഴ്‌സ് ഇമേജ് ചെയ്തപ്പോള്‍ ലഭിച്ച ഫലമാകട്ടെ ടംബ്ലര്‍ എന്ന ഇമേജ് ഷെയറിങ് വെബ്‌സൈറ്റില്‍ 2019 മാര്‍ച്ച് മാസത്തില്‍ ഗണ്‍സ്മിത്ത് എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ളതായി കണ്ടെത്താനും കഴിഞ്ഞു. കാശ്മീരില്‍ നിന്നും പിടികൂടിയതോ ഇപ്പോള്‍ കൊല്‍ക്കത്തയില്‍ നിന്നും പിടികൂടി എന്ന് അവകാശപ്പെടുന്ന ആയുധങ്ങളുമായി ഇതിന് യാതൊരു വിധത്തിലുള്ള ബന്ധവുമില്ലെന്നത് ഇതോടെ അനുമാനിക്കാം.

ഗൂഗിള്‍ സെര്‍ച്ചില്‍ ഉപയോഗിച്ച ചിത്രം ഇതാണ്-

ദ് ക്വിന്‍റിന്‍റെ വസ്‌തുത പരിശോധന-

ടംബ്ലറില്‍ പങ്കുവെച്ചിരിക്കുന്ന തോക്ക് ശേഖരത്തിന്‍റെ ചിത്രം-

https://gunssmith.tumblr.com/post/183191114397/straight-to-the-bank

അപ്പോള്‍ പിന്നെ പോലീസ് അറസ്റ്റ് ചെയ്തവരുടെ ചിത്രം ആരുടേതാണ്? കോല്‍ക്കത്തയില്‍ നിന്നും മദ്രസ റെയ്‌ഡില്‍ പിടിയിലായവരാണോ അവര്‍? മദ്രസ റെയ്‌ഡ് എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ ചിത്രത്തില്‍ പ്രചരിക്കുന്ന ചിത്രങ്ങളോട് സാമ്യമുള്ള ഒരു സംഭവത്തെ കുറിച്ച് വിവധ മുഖ്യധാരമാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ഇവയൊന്നും ഈ അടുത്ത കാലത്ത് കൊല്‍ക്കത്തയില്‍ നടന്നതല്ലെന്നതാണ് വാസ്തവം. യഥാര്‍ഥത്തില്‍ ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയില്‍ നടന്ന മദ്രസ് റെയ്ഡിന്‍റെ ചില ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തെറ്റായ പ്രചരണം നടക്കുന്നതെന്നതാണ് വസ്തുത. ബിജ്നോറിലെ റെയ്‌ഡ് നടന്നത് 2019 ജൂലൈ മാസത്തിലാണ്. എന്നാല്‍ ഈ റെയ്ഡില്‍ മദ്രസയില്‍ നിന്നും ബന്ധികളാക്കി തീവ്രവാദ പരിശീലനം നല്‍കിവന്ന ഒരു കുട്ടിയെ പോലും കണ്ടെത്തിയതായും റിപ്പോര്‍ട്ടില്ല. ശേര്‍ഖോട്ട് എന്ന പ്രദേശത്തെ ദാറുല്‍ ഖുറാന്‍ ഹമീദിയ മദ്രസയില്‍ നടന്ന റെയ്ഡില്‍ തോക്ക് ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ പോലീസ് പിടിച്ചെടുത്തതായും ആര്‍ പേരെ അറസ്റ്റ് ചെയ്തതതായും ഇതെ കുറിച്ച് പോലീസിന്‍റെ വിശദീകരണം ഉള്‍പപ്ടെ എബിപി ന്യൂസ് അവരുടെ യൂട്യൂബ് ചാനലില്‍ 2019 ജൂലൈ 12ന് പങ്കുവെച്ചിരിക്കുന്ന വീഡിയോ ന്യൂസ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്-

എബിപി ന്യൂസ് വാര്‍ത്ത-

ദ് ലോജിക്കല്‍ ഇന്ത്യന്‍ എന്ന വെബ്‌സൈറ്റിലും ഇതെ പ്രചരണത്തെ കുറിച്ച് വസ്‌തുത പരിശോധന നടത്തിയതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. 

Archived LinkArchived LinkArchived Link

നിഗമനം

2019ല്‍ യുപിയില്‍ നടന്ന മദ്രസ റെയ്‌ഡിന്‍റെ ചില ചിത്രങ്ങള്‍, പിടികൂടിയ ആറ് പ്രതികളുടെ ചിത്രങ്ങല്‍, ടംബ്ലര്‍ ഇമേജ് ഷെയറിങ് സൈറ്റില്‍ നിന്നും ലഭിച്ച തോക്ക് ശേഖരത്തിന്‍റെ ചിത്രം എന്നിവ ഉപയോഗിച്ചാണ് കൊല്‍ക്കത്തയിലെ മദ്രസയില്‍ നിന്നും പിടികൂടിയ ആയുധങ്ങളെന്നും തീവ്രവാദപരിശീലനം നല്‍കി വന്ന കുട്ടികളെ പിടികൂടിയെന്നുമൊക്കെയുള്ള പേരില്‍ വ്യാജ പ്രചരണം നടത്തിയതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കൊല്‍ക്കത്തയിലെ രാജാബസാര്‍ മദ്രസയില്‍ നിന്നും പോലീസ് പിടികൂടിയ ആയുധങ്ങളും മോചിപ്പിച്ച കുട്ടികളുടെ ചിത്രങ്ങളുമാണോ വാട്‌സാപ്പ് സന്ദേശങ്ങളില്‍ പ്രചരിക്കുന്നത്?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •