തൃശൂര്‍ പൂങ്കുന്നത്ത് തെരുവില്‍ കഴിയുന്ന യാചകന് കോവിഡ് സ്ഥിരീകരിച്ചു എന്ന വാട്‌സാപ്പ് സന്ദേശം വ്യാജം..

സാമൂഹികം

വിവരണം

കഴിഞ്ഞ ഏതാനം ദിവസങ്ങളായി തൃശൂര്‍ ജില്ലയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വാട്‌സാപ്പ് സന്ദേശം ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇതെ കുറിച്ച് സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളും സമൂഹത്തില്‍ ഗുരുതരമായ ആശങ്കകള്‍ക്ക് കാരണമാവുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് വാട്‌സാപ്പില്‍ പ്രചരിക്കുന്നത് 2 ഓഡിയോ സന്ദേശങ്ങളാണ്. ഒരു വ്യക്തി മറ്റൊരാളോട് ഓഡിയോ വഴി കോവിഡ് സമൂഹവ്യാപനത്തെ കുറിച്ച് പറയുന്നതാണ് സന്ദേശം. അതായത് തൃശൂര്‍ പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ തെരുവില്‍ കഴിയുന്നയാളിന് (റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ജീവിക്കുന്ന യാചകന്) കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യസ്ഥിതി മോശമായ ഇയാളെ സ്റ്റേഷന്‍മാസ്റ്റര്‍ കണ്ടതെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരെ വിളിച്ച് അറിയിക്കുകയും അവരെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോവിഡ് സ്ഥീരീകരിക്കുകയും ചെയ്തു. ഇയാളില്‍ നിന്നും രോഗം പലരിലേക്കും പകര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്നും അങ്ങനെയെങ്കില്‍ തിരുവമ്പാടി പ്രദേശങ്ങള്‍ എല്ലാം അടച്ചുപൂട്ടേണ്ട സ്ഥിതിയുണ്ടാകുമെന്നുമാണ് ഇയാള്‍ ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.

വാട്‌സാപ്പില്‍ പ്രചരിക്കുന്ന ഓഡിയോ-

WhatsApp Video 2020-07-03 at 7.10.10 PM from Dewin Carlos on Vimeo.

എന്നാല്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്ന ഈ ഓഡിയോ സന്ദേശം പോലെ തൃശൂര്‍ ജില്ലയിലെ പൂങ്കുന്നം എന്ന സ്ഥലത്ത് തെരുവില്‍ കഴിയുന്ന ആളിന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടോ? സമൂഹവ്യാപന സാധ്യത പ്രദേശത്ത് നിലനില്‍ക്കുന്നുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

വാട്‌സാപ്പില്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസിലെ മാസ് മീഡിയ ഓഫിസറുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ പറഞ്ഞതിങ്ങനെയാണ്-

പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ ഇത്തരത്തിലൊരാളെ കോവിഡ് ബാധിതനായി കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അങ്ങനെയൊരു സംഭവം നടന്നിരുന്നെങ്കില്‍ ആരോഗ്യ വകുപ്പ് അറിയാതിരിക്കുകയുമില്ല. കോവിഡ് ആശങ്ക സൃഷ്ടിക്കാന്‍ ചിലര്‍ കെട്ടിച്ചമക്കുന്ന നുണപ്രചരണം മാത്രമാണിത്. ജനങ്ങള്‍ ഇത്തരം നുണകള്‍ വിശ്വസിച്ച് ആശങ്കപ്പെടരുതെന്നും കോവിഡിനെ ജാഗ്രതയോടെ നേരിടണമെന്നും മാസ് മീഡിയ ഓഫിസര്‍ വ്യക്തമാക്കി.

നിഗമനം

തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് മാസ് മീഡയ ഓഫിസര്‍ വാട്‌സാപ്പ് സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് അനുമാനിക്കാം.

Avatar

Title:തൃശൂര്‍ പൂങ്കുന്നത്ത് തെരുവില്‍ കഴിയുന്ന യാചകന് കോവിഡ് സ്ഥിരീകരിച്ചു എന്ന വാട്‌സാപ്പ് സന്ദേശം വ്യാജം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •