Fact Check – കോവിഡിനെ കുറിച്ച് വയനാട് ജില്ലാ കളക്‌ടറുടെ പേരില്‍ പ്രചരിക്കുന്ന ഈ വാട്‌സാപ്പ് സന്ദേശം വ്യാജമാണ്.. വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വലിയ ജാഗ്രതയോടെയാണ് സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നയിക്കുന്നത്. എന്നാല്‍ വലിയ ആള്‍ക്കൂട്ടങ്ങളും റോഡിലെ തിരക്കുമെല്ലാം കോവിഡ് വ്യാപനത്തിന്‍റെ സാധ്യത കൂട്ടുകയാണ്. ഇതിനിടയില്‍ വയനാട് ജില്ലാ കളക്‌ടര്‍ ആദീല അബ്‌ദുള്ളയുടെ വളരെ പ്രധാനപ്പെട്ട ഒരു ശബ്ദ സന്ദേശം എന്ന പേരില്‍ ഒരു വാട്‌സാപ്പ് ഓഡിയോ സന്ദേശം ഒട്ടുമിക്കവര്‍ക്കും ഇതിനോടകം ലഭിച്ചിട്ടുണ്ടാകും. ഓഡിയോ സന്ദേശത്തിലെ പ്രധാന വിവരങ്ങള്‍ ഇവയാണ്- നാട്ടില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ വേണ്ടത്ര മുന്‍കരുതലുകള്‍ ഇപ്പോള്‍ സ്വീകരിക്കുന്നില്ല. നിസാരമായിട്ടാണ് കോവിഡിനെ കാണുന്നത്. എന്നാല്‍ ഇത് വളരെ വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. റിസര്‍ച്ചുകള്‍ പ്രകാരം കോവിഡ് പോസിറ്റീവാകുകയും പിന്നീട് നെഗറ്റീവ് ആകുകയും ചെയ്ത 10 പേരില്‍ 8 പേര്‍രുടെ ശ്വാസകോശത്തില്‍ പിന്നീട് പള്‍മിനറി ഫൈബ്രോസിസ് എന്ന രോഗം കണ്ടെത്തിയിട്ടുണ്ട്. ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കുന്ന ഒരുതരം രോഗാവസ്ഥയാണിത്. കോവിഡ് നെഗറ്റീവ് ആകുന്ന പലര്‍ക്കും ഭാവിയില്‍ ഈ രോഗം വരാന്‍ സാധ്യതയുണ്ട്. കൂടാതെ അസുഖം വരുന്നവരുടെ ആയുസും കുറയാന്‍ സാധ്യതയുണ്ടെന്നാണ് പഠനമെന്നും അതിനാല്‍ എല്ലാവരും ജാഗ്രതയോടെ കോവിഡ് എന്ന രോഗത്തെ കാണണമെന്നുമാണ് ഓഡിയോ ക്ലിപ്പില്‍ പറയുന്നത്-

ഓഡിയോ ക്ലിപ്പിന്‍റെ പൂര്‍ണ്ണരൂപം-

വസ്‌തുത വിശകലനം

വയനാട് ജില്ലാ കളക്‌ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും ഈ സന്ദേശത്തെ കുറിച്ചുള്ള ഒരു പ്രതികരണ കുറിപ്പ് കളക്‌ടര്‍ പങ്കുവെച്ചിരിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. ജില്ലാ കളക്‌ടര്‍ അദീലയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വിശദീകരണം. ഇത്തരം വ്യാജസന്ദേശങ്ങൾ പൊതുജന ആരോഗ്യത്തിനും സുരക്ഷക്കും വലിയ വെല്ലുവിളി ആകുന്നതിനാല്‍ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം-

Facebook Post Archived Link 

വാട്‌സാപ്പിലെ ഓഡിയോ സന്ദേശത്തില്‍ പറയുന്ന പള്‍മിനറി ഫൈബ്രോസിസ് എന്ന രോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി മട്ടാഞ്ചേരി കോവി‍ഡ് കെയര്‍ സെന്‍ററിലെ ഡോക്‌ടറുമായി ഫോണില്‍ ബന്ധപ്പെട്ടു. ഡോക്‌ടര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്-

ചില കോവിഡ് രോഗികളില്‍ പള്‍മിനറി ഫൈബ്രോസിസ് കണ്ടെത്തിയിട്ടുണ്ട്. പ്രായമായവരിലും മറ്റ് മാരക രോഗാവസ്ഥയിലുമുള്ളവര്‍ക്കാണ് ഇത്തരത്തില്‍ കണ്ടെത്തിയതെന്നാണ് റിസര്‍ച്ചുകളില്‍ കണ്ടെത്തിയത്. എന്നാല്‍ പത്തില്‍ എട്ട് പേര്‍ക്കും ഈ രോഗവസ്ഥ കണ്ടെത്തിയെന്ന പ്രചരണം വസ്‌തുത വിരുദ്ധമാണ്. റിസര്‍ച്ചുകള്‍ പുരോഗമിക്കുന്നതെയുള്ളു ഭാവിയില്‍ ഇത്തരം രോഗവസ്ഥയുണ്ടാകുമോയെന്നും ആയുസിനെ ഇത് ബാഘിക്കുമോയെന്നുമൊക്കെയുള്ളത് പഠനങ്ങളില്‍ ശാസ്ത്രീയമായി തെളിയിക്കേണ്ട വിഷയങ്ങളാണ് അല്ലാത്തപക്ഷം ഇത്തരം പ്രചരണങ്ങളില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും കോവിഡിനെ ജാഗ്രതെയോടെ നേരിടാന്‍ വേണ്ട മുന്‍കരുതലുകള്‍ ജനങ്ങള്‍ സ്വീകരിച്ചാല്‍ മതിയെന്നും കോവിഡ് കെയര്‍ സെന്‍ററിലെ ഡോക്ടര്‍ വ്യക്തമാക്കി.

നിഗമനം

കളക്‌ടറുടെ പേരില്‍ പ്രചിരിക്കുന്ന സന്ദേശം വ്യാജമാണെന്ന് വയനാട് കളക്‌ടര്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. പള്‍മിനറി ഫൈബ്രോസിസ് എന്ന രോഗത്തെ കുറിച്ച് തെറ്റ്ദ്ധാരണജനകമായ ഊഹാപോഹങ്ങളാണ് സന്ദേശത്തിലൂടെ പ്രചരിപ്പിക്കുന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകരും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:Fact Check – കോവിഡിനെ കുറിച്ച് വയനാട് ജില്ലാ കളക്‌ടറുടെ പേരില്‍ പ്രചരിക്കുന്ന ഈ വാട്‌സാപ്പ് സന്ദേശം വ്യാജമാണ്.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •