ഹിജാബ് ധരിക്കണമെന്ന് പറഞ്ഞ് കോടതിയില്‍ പോയ പെണ്‍കുട്ടി പുറത്ത് മോഡേണ്‍ വസ്‌ത്രം ധരിച്ച് നടക്കുന്ന വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..

രാഷ്ട്രീയം

വിവരണം

രാജ്യമെങ്ങും ഏറെ ചര്‍ച്ചാ വിഷയമായ സംഭവമാണ് കര്‍ണാടകയിലെ ഹിജാബ് വിവാദം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇപ്പോഴും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ഇതിനിടയില്‍ ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വിഷയവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പർദ്ദ വേണം, ഹിജാബ് വേണം എന്ന് പറഞ്ഞു കോടതി വരെ പോയ ഈ പെണ്ണിന്‍റെ വസ്ത്രധാരണ കണ്ടോ.. എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ വൈറലാകുന്നത്. വാട്‌സാപ്പിലാണ് അധികവും വീഡിയോ പ്രചരിക്കുന്നത്. അതായത് ഹിജാബ് വിഷയത്തില്‍ പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ ഹിജാബ് ധരിച്ച് പ്രതിഷേധക്കാരുടെ നടുവിലൂടെ നടന്നു പോകുന്ന മുസ്‌കാന്‍ ഖാന്‍ എന്ന പെണ്‍കുട്ടിയുടെ വീഡിയോയും ഇതെ പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ വേഷമെന്ന രീതിയില്‍ കാറില്‍ നിന്നും വളരെ മോ‍ഡേണ്‍ വസ്‌ത്രം ധരിച്ചിറങ്ങുന്ന പെണ്‍കുട്ടിയുടെ വീഡിയോയും ചേര്‍ത്താണ് പ്രചരണം. ഇതാണ് ഹിജാബ് വേണമെന്ന് കോടതിയില്‍ പോയ പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ വേഷമെന്ന ആരോപണം ഉന്നയിച്ചാണ് പ്രചരണം. ഞങ്ങളുടെ വാട്‌സാപ്പ് ഫാക്‌ട്‌ലൈന്‍ നമ്പറിലേക്ക് ഫാക്‌ട് ചെക്ക് ചെയ്യാന്‍ ലഭിച്ച സന്ദേശം ഇതാണ്-

പ്രചരിക്കുന്ന വീഡിയോ-

Archived Video 

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഹിജാബ് വിഷയത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട മുസ്‌കാന്‍ ഖാന്‍ എന്ന പേണ്‍കുട്ടിയാണോ മറ്റൊരു വേഷത്തില്‍ കാറില്‍ നിന്നും ഇറങ്ങുന്നതായി വീഡിയോയില്‍ കാണുന്നത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ പ്രചരിക്കുന്ന വീഡിയോയിലെ രണ്ടാമത്തെ ഭാഗത്ത് ചേര്‍ത്തികരിക്കുന്ന വീഡിയോയിലെ സ്ത്രീയുടെ ചിത്രം കീ ഫ്രെയിം ആക്കിയ ശേഷം ഗൂഗിള്‍ സെര്‍ച്ച് ചെയ്യ് നോക്കിയതില്‍ നിന്നും ലഭിച്ച റിസള്‍ട്ട് ഇങ്ങനെയാണ്. Urfi Javed spotted drunk എന്ന തലക്കെട്ട് നല്‍കി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഒരു വീഡിയോയും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. ‍വീഡിയോയുടെ ഡിസ്ക്രിപ്ഷനില്‍ നടി ഉര്‍ഫി ജാവേദ് താന്‍ പോകുന്ന ജിമ്മിന് സമീപം മദ്യപിച്ച നിലയില്‍ കണ്ടു എന്നാണ് എഴുതിയിരിക്കുന്നത്. IWK TV എന്ന യൂട്യൂബ് ചാനലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ മറ്റ് പല യൂട്യൂബ് ചാനലുകളും ഉര്‍ഫിയുടെ വീഡിയോ പങ്കുവെച്ചിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞു.

ഇതെ വീഡിയോ തന്നെയാണ് വാട്‌സാപ്പില്‍ ഹിജാബ് ആക്‌ടിവിസ്റ്റായ മുസ്‌കാന്‍ ഖാന്‍റെ പേരില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. ഇരുവരും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഉര്‍ഫി ജാവേദ് ഒരു അറിയപ്പെടുന്ന ഇന്ത്യന്‍ ടെലിവിഷന്‍ താരമാണെന്നാണ് ലഭിച്ച വിവരം.

ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

IWK TV അപ്‌ലോഡ് ചെയ്തിരിക്കുന്ന ഉര്‍ഫി ജാവേദിന്‍റെ വീഡിയോ-

YouTube Video 

മറ്റ് യൂട്യൂബ് ചാനലുകളും ഇതെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് (സ്ക്രീന്‍ഷോട്ട്)-

ഉര്‍ഫി ജാവേദിന്‍റെ വിവരങ്ങള്‍-

നിഗമനം

കര്‍ണാടക മാണ്ഡ്യയിലെ ഹിജാബ് ആക്ടിവിസ്റ്റും വിദ്യാര്‍ത്ഥിനിയുമായ മുസ്കാന്‍ ഖാന്‍റെ വീഡിയോ ടെലിവിഷന്‍ സീരയല്‍ താരമായ ഉര്‍ഫി ജാവേദുമായി ചേര്‍ത്ത് തെറ്റായ പ്രചരണമാണ് സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഹിജാബ് ധരിക്കണമെന്ന് പറഞ്ഞ് കോടതിയില്‍ പോയ പെണ്‍കുട്ടി പുറത്ത് മോഡേണ്‍ വസ്‌ത്രം ധരിച്ച് നടക്കുന്ന വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •