
വിവരണം
വെറുമൊരു പാക്കറ്റ് ലെയിസ് ചിപ്സിന്‍റെ പേരില്‍ ഒരു സംഘം 19കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. തന്‍റെ കയ്യിലുള്ള ലെയിസ് ഈ സംഘം ചോദിച്ചിട്ട് നല്‍കിയില്ല എന്ന പേരിലായിരുന്നു മര്‍ദ്ദനമെന്നും മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ 19കാരനെ ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നില്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തിലുണ്ടായ തര്‍ക്കമാണെന്നാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രചരണം. ജഗന്‍ നവനീത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 16ല്‍ അധികം റിയാക്ഷനുകളും 35ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചിപ്സിന്‍റെ പേരില്‍ യുവാവിനെ മര്‍ദ്ദിച്ചത് രാഷ്ട്രീയപരമായ തര്‍ക്കത്തിന്‍റെ പേരിലാണോ? മര്‍ദ്ദിച്ചവര്‍ സിപിഎം പ്രവര്‍ത്തകരാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് നോക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയാണ് ഞങ്ങള്‍ പരിശോധിച്ചത്. 24 ന്യൂസും കൈരളി ന്യൂസ് ചാനലും നല്‍കിയ വാര്‍ത്തയില്‍ നല്‍കിയ വിവരങ്ങള്‍ ഇങ്ങനെയാണ്-
കൊല്ലം വാളത്തുങ്കല്‍ ഫിലിപ്പ് മുക്കിലാണ് കഴിഞ്ഞ ദിവസം യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ചത്. തന്‍റെ സുഹൃത്തന്‍റെ വീട്ടിലേക്ക് നടന്നു പോയ വാളത്തുങ്കല്‍ വാടകയ്ക്ക് താമസിക്കുന്ന നീലകണ്ഠനെ (19) പ്രദേശത്ത് മദ്യപിച്ച് നിന്ന ആറോളം പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. മണികണ്ഠന്‍റെ കയ്യിലിരുന്ന ലെയ്‌സ് നല്‍കണമെന്നും എന്നാല്‍ ഇത് വിസ്സമതിച്ച മണികണ്ഠനെ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയുമായിരന്നു. സംഭവത്തില്‍ ഒരാളെ ഇരവിപുരം പോലീസ് പിടികൂടിയിട്ടുണ്ട്. വാളത്തുങ്കല്‍ സ്വദേശി മണികണ്ഠനാണ് പിടിയിലായത്. ബാക്കിയുള്ള പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. എന്നാല്‍ ഈ വാര്‍ത്തകളില്‍ എവിടെയും പ്രതികളുടെ രാഷ്ട്രീയ പശ്ചാതലമോ രാഷ്ട്രീയ തര്‍ക്കത്തിന്‍റെ പേരിലാണ് മര്‍ദ്ദനമെന്നോ സൂചിപ്പിച്ചിട്ടില്ല.
എന്നാല്‍ പിടിയിലായവര്‍ സിപിഎം പ്രവര്‍ത്തകരാണെന്ന പ്രചരണത്തിന്‍റെ സത്യാവാസ്ഥ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി ഇരവിപുരം പോലീസുമായി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്-
രാഷ്ട്രീയത്തിന്‍റെ പേരില്‍ നടന്ന സംഘര്‍ഷമല്ല ഇത്. 19കാരന്‍ കോഴിയെ മോഷ്ടിക്കാന്‍ എത്തി എന്ന് കരുതിയാണ് സംഘം മര്‍ദ്ദിച്ചതെന്നാണ് പിടിയിലായ മണികണ്ഠന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ലെയ്‌സ് ചോദിച്ചിട്ട് നല്‍കാത്തതതിനാലാണ് മര്‍ദ്ദിച്ചതെന്നാണ് പരുക്കേറ്റ നീലകണ്ഠന്‍ നല്‍കിയ മൊഴി. ഇതില്‍ രാഷ്ട്രീയമില്ലെന്നും പിടിയിലായ വ്യക്തി സിപിഎം അല്ലെന്നും പോലീസ് വ്യക്തമാക്കി.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാമുമായും ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ പ്രതികരണം ഇപ്രകാരമാണ്-
സിപിഎമ്മിനോ ഡിവൈഎഫ്ഐയ്‌ക്കോ ഈ അക്രമണത്തില്‍ യാതൊരു ബന്ധവുമില്ല. സംഘത്തിലുള്ള ഒരാള്‍ പോലും പാര്‍ട്ടിയുടെ ഭാഗമല്ലെന്നും ഇത്തരം വ്യാജ പ്രചരണങ്ങളെ ജനങ്ങള്‍ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.
24 ന്യൂസ് നല്‍കിയ വാര്‍ത്ത-

കൈരളി ന്യൂസ് വാര്‍ത്ത-
നിഗമനം
19 കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പിടിയിലായവര്‍ മദ്യപസംഘത്തില്‍പ്പെട്ടവരാണെന്നും ഇവര്‍ക്ക് രാഷ്ട്രീയപരമായ പശ്ചാത്തലമില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയത്തിന്‍റെ പേരിലാണ് അക്രമണം നടന്നതെന്നും മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:കൊല്ലത്ത് ലെയ്‌സ് ചോദിച്ചിട്ട് നല്‍കിയില്ലെന്ന കാരണത്താല്‍ 19കാരനെ മര്‍ദ്ദിച്ച സംഘം സിപിഎം പ്രവര്‍ത്തകരാണോ.. എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം..
Fact Check By: Dewin CarlosResult: False
