ആലപ്പുഴ ബീച്ചിലെ ഫ്ലോട്ടിങ് ബ്രി‍ഡ്‌ജ് പദ്ധതി സംരംഭകര്‍ ഉപേക്ഷിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

സാമൂഹികം

വിവരണം

വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ ആലപ്പുഴ ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ‍്‌ജ് നിര്‍മ്മാണം സംബന്ധിച്ച ചര്‍ച്ചകളാണ് കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഏതാനം മാസങ്ങള്‍ക്ക് മുന്‍പ് സാഹസിക വിനോദ സഞ്ചാരത്തിനായി ഫ്ലോട്ടിങ് ബ്രിഡ്‌ജ് എന്ന പുതിയ സംരഭത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും പിന്നീട് ഉണ്ടായ വിവാദങ്ങളുമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കടല്‍ തീരത്ത് നിന്നും കടലിലേക്ക് നീളുന്ന പൊങ്ങി കിടക്കുകയും തിരയോടൊപ്പം ആടുകയും ചെയ്യുന്നതാണ് ഫൈബര്‍ കൊണ്ട് നിര്‍മ്മിച്ച ബ്ലോക്കുകള്‍ നിരത്തി ഘടിപ്പിച്ചുള്ള ഫ്ലോട്ടിങ് ബ്രിഡ്‌ജ്. ഇതിന് ആവശ്യമായ സാധനങ്ങള്‍ ഉള്‍പ്പടെ ആലപ്പുഴ ബീച്ചില്‍ എത്തിച്ച് നിര്‍മ്മാണവും ആരംഭിച്ചിരുന്നു. പോര്‍ട്ട് വകുപ്പിന്‍റെ അനുമതിയോടെയായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ പിന്നീട് നഗരസഭ സ്റ്റോപ്പ് മെമൊ നല്‍കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതിന് ശേഷം ഒരു മാസത്തില്‍ അധികം ഫ്ലോട്ടിങ് ബ്രിഡ്‌ജിന്‍റെ നിര്‍മ്മാണ സാമഗ്രികള്‍ ബീച്ചില്‍ തന്നെ വെറുതെ കിടക്കുന്ന സാഹചര്യമുണ്ടായി. പിന്നീട് ഒരു സുപ്രഭാതത്തില്‍ നടത്തിപ്പുകാര്‍ തന്നെ ഈ സാമഗ്രികളെല്ലാം വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയാണ് ചെയ്തത്. ഇതോടെ ഫ്ലോട്ടിങ് ബ്രിഡ്‌ജ് ആശയം സംരംഭകര്‍ ഉപേക്ഷിച്ചെന്നും പദ്ധതി ഇനി ആലപ്പുഴ ബീച്ചില്‍ നടപ്പിലാക്കില്ലെന്നുമുള്ള പ്രചരണങ്ങള്‍ ആലപ്പുഴയിലെ സോഷ്യല്‍ മീഡിയ കൂട്ടായ്മകളും പേജുകള്‍ പ്രചരിപ്പിച്ചു തുടങ്ങി. കോഴിക്കോട് ജില്ലയിലെ ബെയ്‌പ്പോര്‍ കടപ്പുറത്ത് ഇതെ ഫ്ലോട്ടിങ് ബ്രിഡ്‌ജ് തുടക്കമായതോടെയാണ് ആലപ്പുഴക്കാര്‍ നിരാശരായത്. ആലപ്പുഴയില്‍ നിന്നും പദ്ധതി ഉപേക്ഷിച്ചു പോയ സംരംഭകര്‍ കോഴിക്കോട് ബെയ്‌പ്പോരില്‍ ഇതെ പദ്ധതി ആരംഭിച്ചു എന്നായിരുന്നു പ്രചരണം.

ഇത്തരത്തില്‍ സീക്രെട്‌സ് ഓഫ് ആലപ്പി എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ ഫ്ലോട്ടിങ് ബ്രിഡ്‌ജിന്‍റെ വീഡിയോ സഹിതം പങ്കുവെച്ചിരിക്കുന്ന പോസ്റ്റില്‍  പറയുന്നത് ആലപ്പുഴയുടെ നഷ്ട സ്വപ്നമായി പദ്ധതി മാറിയെന്നും ഇനി ഇത് ഒരിക്കലും ആലപ്പുഴ ബീച്ചില്‍ തിരികെ എത്തില്ല എന്നുമാണ്. ഇതാണ് പ്രചരിക്കുന്ന വീഡിയോ-

Instagram Video Archived Video 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആലപ്പുഴ ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്‌ജ് പദ്ധതി ഉപേക്ഷിച്ച ശേഷം ആലപ്പുഴയില്‍ നിന്നും കൊണ്ടുപോയ ഫൈബര്‍ സാമഗ്രികള്‍ ഉപയോഗിച്ചാണോ ബേപ്പോരില്‍ ഇപ്പോള്‍ ഇതെ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്? ആലപ്പുഴ ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്‌ജ് പദ്ധതി ഇനി നടിപ്പിലാകില്ലേ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് നോക്കാം.

വസ്‌തുത വിശകലനം

ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ക്യാപ്ച്ചര്‍ ‍ഡെയ്‌സ് അഡ്വഞ്ചര്‍ ടൂറിസം എന്ന സംരംഭക കൂട്ടായ്മയാണ് ഫ്ലോട്ടിങ് ബ്രിഡ്‌ജ് എന്ന ആശയം കേരളത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ ഫ്ലോട്ടിങ് ബ്രിഡ്‌ജ് നിര്‍മ്മാണം നടത്താന്‍ എത്തിയ ഇതെ കൂട്ടായ്മ തന്നെയാണ് ഇപ്പോള്‍ ബെയ്‌പ്പോരില്‍ ആരംഭിച്ചിട്ടുള്ളത്. ക്യാപ്ച്ചര്‍ ഡെയ്‌സ് അഡ്വഞ്ചര്‍ ടൂറിസം സംരഭകരില്‍ ഒരാളായ തൃശൂര്‍ സ്വദേശി പി.ബി.നിഖിലുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ട് ആലപ്പുഴയിലെ ഫ്ലോട്ടിങ് ബ്രിഡ്‌ജ് സാഹസിക വിനോദ സഞ്ചാരവുമായ ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് അന്വേഷിച്ചു. നിഖില്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്-

ആലപ്പുഴ ബീച്ചില്‍ മാത്രമല്ല സംസ്ഥാനത്തെ പല ബീച്ചുകളിലും ഫ്ലോട്ടിങ് ബ്രിഡ്‌ജ് സംരംഭം ആരംഭിക്കുന്നതിന് വേണ്ട അനുമതിക്കായി കമ്പനി അനുമതി അധികൃതരില്‍ നിന്നും ചോദിച്ചിരിക്കുകയാണ്. ഒരോ സ്ഥലങ്ങളിലും നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിച്ച് പദ്ധതി ആരംഭിക്കാന്‍ കുറച്ച് കാലതാമസം വേണ്ടി വരും. ആലപ്പുഴയില്‍ ആദ്യമെ ആരംഭിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും സുരക്ഷാ അനുമതി ലഭിക്കുന്നതില്‍ കുറച്ച് കാലതാമസം നേരിട്ടു. അത്തരത്തിലുള്ള ചില രേഖകള്‍ നഗരസഭയില്‍ സമര്‍പ്പിക്കാന്‍ വൈകിയതാണ് പദ്ധതി ആരംഭിക്കാനും വൈകിയത്. നഗരസഭയുടെ ഭാഗത്ത് നിന്നും എല്ലാ പിന്തുണയും ഇതുവരെ ലഭിച്ചിട്ടുണ്ട്. പോര്‍ട്ടിന്‍റെ അനുമതി ലഭിച്ച് കഴിഞ്ഞു. അഗ്നിരക്ഷാസേനയുടെ സുരക്ഷാ അനുമതിയും ഉറപ്പാക്കിയിട്ടുണ്ട്. ഹൈ ഡെന്‍സിറ്റി പോളി എത്തലിന്‍ (എച്ച്‌ഡിപിഇ) പ്ലാസ്‌ടിക് കൊണ്ട് നിര്‍മ്മിച്ച ബ്ലോക്കുകളും ഇതിന് അനുബന്ധമായി നിര്‍മ്മിച്ച ഹാന്‍‍ഡ് റെയിലും ബീച്ചില്‍ തുറന്ന പ്രദേശത്തായിരുന്നു ഇട്ടിരുന്നത്. എന്നാല്‍ ആയിരങ്ങള്‍ എത്തുന്ന വിനോദ സഞ്ചാരമേഖലയായിതിനാല്‍ ഹാന്‍ഡ് റെയിലുകളൊക്കം തിരക്കില്‍ ഒടിഞ്ഞ സാഹചര്യമുണ്ടായി. അതുകൊണ്ട് അന്തിമ അനുമതി ലഭിക്കുന്നത് വരെ ആലപ്പുഴ ചേര്‍ത്തലയിലെ ഒരു ഗോഡൗണിലേക്ക് സുരക്ഷിതമായി നിര്‍മ്മാണ സാമഗ്രികള്‍ മാറ്റിയതാണ്. ഇതില്‍ തെറ്റ്ദ്ധരിച്ചാണ് പദ്ധതി ഞങ്ങള്‍ ഉപേക്ഷിച്ചു പോയെന്നും പിന്നീട് ബെയ്‌പ്പോരില്‍ ആരംഭിച്ചു എന്ന് ചിലര്‍ പ്രചരിപ്പിച്ചത്. അടുത്ത മാസം തന്നെ ആലപ്പുഴയില്‍ പദ്ധതി ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും സംരംഭകരില്‍ ഒരാളായ പി.ബി.നിഖില്‍ പറഞ്ഞു.

നഗരസഭ ചെയര്‍പേഴ്‌സണുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ 

ബന്ധപ്പെട്ടതില്‍ നിന്നും ലഭിച്ച പ്രതികരണം ഇങ്ങനെയാണ്-

അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്ന ആലപ്പുഴ ബീച്ചില്‍ സാഹസിക വിനോദ സഞ്ചാരത്തിനായി ഒരു പദ്ധതി ആരംഭിക്കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകളും നിയമപരമായി സമര്‍പ്പിക്കേണ്ട രേഖകളും സംരഭകര്‍ നഗരസഭയ്ക്ക് നല്‍കിയിരുന്നില്ല. ഇവ എത്രയും പെട്ടെന്ന് സമര്‍പ്പിക്കാന്‍ വേണ്ട എല്ലാ പിന്തുണയും നഗരസഭ അവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഒരു സംരംഭകരും പദ്ധതി ഉപേക്ഷിച്ചു പോകേണ്ടി വരുന്ന സാഹചര്യം നിലവിലില്ല. ചിലര്‍ തെറ്റ്ദ്ധാരണയുടെ പേരിലാണ് പദ്ധതി ഇല്ലാതായെന്നും ഇത് നഗരസഭ കാരണമാണെന്ന് പ്രചരിപ്പിക്കുന്നതെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ ഇന്ദു വിനോദ് പറഞ്ഞു.

നിഗമനം

അന്തിമ അനുമതി ലഭിച്ച ശേഷം അടുത്ത മാസം തന്നെ ഫ്ലോട്ടിങ് ബ്രിഡ്‌‍ജ് ആലപ്പുഴയില്‍ ആരംഭിക്കുമെന്ന് സംരഭകര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി ഉപേക്ഷിച്ചു എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും അവര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ആലപ്പുഴ ബീച്ചിലെ ഫ്ലോട്ടിങ് ബ്രി‍ഡ്‌ജ് പദ്ധതി സംരംഭകര്‍ ഉപേക്ഷിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: Misleading

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

  •  
  •  
  •  
  •  
  •  
  •  
  •  
  •