FACT CHECK – എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകരായ പെണ്‍കുട്ടികളെ കഞ്ചാവുമായി പിടികൂടി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

രാഷ്ട്രീയം | Politics

വിവരണം

എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകരായ പെണ്‍കുട്ടികളെ കഞ്ചാവുമായി എക്‌സൈസ് പിടികൂടി എന്ന തരത്തിലുള്ള ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു പെണ്‍കുട്ടിയെ വനിത ഉദ്യോഗസ്ഥര്‍ ജീപ്പില്‍ ഇരുത്തിയിരിക്കുന്നതും കഞ്ചാവ് ഒരു വാഹനത്തിന് മുകളില്‍ വെച്ചിരിക്കുന്നതുമായ ചില ചിത്രങ്ങള്‍ ചേര്‍ത്താണ് പ്രചരിപ്പിക്കുന്ന. എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകരായ 4 പെണ്‍കുട്ടികളെ 5 കിലോ കഞ്ചാവുമായി മുണ്ടക്കയത്ത് നിന്നും എക്‌സൈസ് പിടികൂടി..എന്ന തലക്കെട്ട് നല്‍കി ലേഖ അഭിലാഷ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 115ല്‍ അധികം റിയാക്ഷനുകളും 521ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ ഈ ചിത്രത്തില്‍ കാണുന്നത് യഥാര്‍ത്ഥത്തില്‍ കഞ്ചാവുമായി പിടികൂടിയ എസ്എഫ്ഐ വനിത പ്രവര്‍ത്തകരാണോ? ഇത്തരത്തിലൊരു സംഭവം അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അന്വേഷിക്കാം.

വസ്‌തുത വിശകലനം

‘കഞ്ചാവുമായി യുവതി’ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ ഇമേജ് സെര്‍ച്ച് ചെയ്ത് ലഭിച്ച റിസള്‍ട്ടുകളില്‍ നിന്നും ഫെയ്‌സ്ബുക്ക് പ്രചരണത്തിലെ ചിത്രത്തിന് സമാനമായ ചിത്രം കണ്ടെത്താന്‍ കഴിഞ്ഞു. കലാകൗമുദി ഓണ്‍ലൈനില്‍ 2017 മാര്‍ച്ച് 31ന് ചിത്രത്തിന് ആസ്പദമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാര്‍ത്തയുടെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്-

മുണ്ടക്കായത്ത് നിന്നും കഞ്ചാവുമായി എത്തിയ സംഘത്തെ എക്‌സൈസ് പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരി ഷെഫീക്ക് (27) അഷ്‌റഫ് (26) തളിപ്പറമ്പ് സ്വദേശി ജംസീല (28) കോഴിക്കോട് സ്വദേശി ഷീബ (35) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് ഇടുക്കി വഴി കഞ്ചാവ് കടത്തുമ്പോഴാണ് ഇവര്‍ പിടിയിലാവുന്നത്. കുമളിയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റിലെത്തിയ കാര്‍ ഉദ്യോഗസ്ഥര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയി, കടന്നു കളഞ്ഞ ഇവരില്‍ രണ്ടു പേര്‍ കഞ്ചാവുമായി ബസ്സില്‍ കയറി രക്ഷപെട്ടു. മറ്റ് രണ്ടു പേര്‍ കാറില്‍ യാത്ര തുടര്‍ന്നു. കാര്‍ തടഞ്ഞ കുമളി സി ഐ വി എ സലീമും പോലീസുകാരും ചോദ്യം ചെയ്തപ്പോഴാണ് രണ്ടു പേര്‍ ബസ്സില്‍ കടന്നു കളഞ്ഞ കാര്യം അറിഞ്ഞത്. തുടര്‍ന്ന് പോലീസും എക്‌സൈസും ചേര്‍ന്ന് ഇവരെയും പിടികൂടി. അതെ സമയം കുറ്റം സമ്മതിച്ച ശേഷവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ വെച്ച് വനിത എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിയിലായ രണ്ട് യുവതികളെയും മര്‍ദ്ദിച്ചു എന്നും ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായെന്നും വാര്‍ത്തയില്‍ വിശദീകരിക്കുന്നു.

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

Kalakaumudi ArticleArchived Link

മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമവും ഇതെ വാര്‍ത്ത 2017ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിലും യുവതികളെ എക്‌സൈസ് പിടികൂടിയ ചിത്രം കാണാന്‍ കഴിയുന്നുണ്ട്. അതെ സമയം ഇവര്‍ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയുടെ പ്രവര്‍ത്തകരാണെന്നോ വിദ്യാര്‍ത്ഥികളാണെന്നോ എന്നതൊന്നു വാര്‍ത്തകളില്‍ വ്യക്തമാക്കിയിട്ടുമില്ല. മാത്രമല്ല 35, 28 വയസുള്ള യുവതികളാണ് ഇരുവരും ഇവര്‍ വിദ്യാര്‍ത്ഥി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പ്രായപരിധി കഴിഞ്ഞവരുമാണ്. അതില്‍ പ്രചരണം അടിസ്ഥാന രഹിതമാണെന്ന് അനുമാനിക്കാം.

MarunadanmalayaleeArchived Link

നിഗമനം

തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ സംഘത്തെ 2017ല്‍ പിടികൂടിയ വാര്‍ത്തയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ പെണ്‍കുട്ടികളെ പിടികൂടി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് നടന്ന സംഭവത്തെ കുറിച്ച് നിരവധി മാധ്യമങ്ങളും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരു വാര്‍ത്തയില്‍ പോലും ഇതിലെ പ്രതികളുടെ രാഷ്ട്രീയ ബന്ധത്തെ കുറിച്ച് വിശദീകരിച്ചിട്ടില്ല. പോലീസും ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല. മാത്രമല്ല നാലംഗ സംഘത്തില്‍ രണ്ട് പേരാണ് പെണ്‍കുട്ടികള്‍. നാല് പെണ്‍കുട്ടികളാണ് പിടിയിലായതെന്നതും തെറ്റായ പ്രചരണമാണ്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകരായ പെണ്‍കുട്ടികളെ കഞ്ചാവുമായി പിടികൂടി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False