വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റർ ക്രിസ് ഗെയിൽ ബിജെപിയിലേയ്ക്കെന്ന് വ്യാജ പ്രചരണം

അന്തർദേശിയ൦ രാഷ്ട്രീയം

വിവരണം 

Kaazi Azi‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും RIGHT THINKERS- യഥാര്‍ത്ഥ ചിന്തകര്‍ എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണിത്.  “നമസ്തെ…

വെസ്റ്റിൻഡീസ് ക്രിക്കറ്റ്‌ താരം ബിജെപിയിലേക്ക്…

ഇത് മിത്രങ്ങളുടെ വിജയം….

ജയ് സങ്ക ശക്തി 🚩🚩🚩🚩

കൈയ്യടിക്കെടാ 💪💪” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ പ്രസിദ്ധീകരിച്ചരിക്കുന്ന ചിത്രം കാവി കുർത്തയും നെറ്റിയിൽ തിലകവുമണിഞ്ഞ്  ഇരിക്കുന്ന വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന്‍റെതാണ്. ഐപിൽ കളിക്കാൻ വന്ന താരത്തിനെ ബിജെപി അംഗത്വത്തിലേയ്ക്ക് നയിച്ചത് നമോ പ്രസംഗങ്ങളാണെന്നും ക്രിസ് ഗെയിൽ എന്ന പേരുമാറ്റി കൃഷ്ണ ഗോയൽ ആക്കാൻ സാധ്യത ഉണ്ടെന്നും പോസ്റ്റിൽ അവകാശപ്പെടുന്നു. 2020 ജനുവരി 15 നാണു പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

archived linkFB post

പോസ്റ്റില്‍ നല്‍കിയതുപോലെ വെസ്റ്റ് ഇന്ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍ ബിജെപിയില്‍ ചേര്‍ന്നോ..? നമുക്ക് ഈ പോസ്റ്റിന്‍റെ വസ്തുത അറിയാൻ ശ്രമിക്കാം

വസ്തുതാ വിശകലനം

ഞങ്ങൾ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ ചിത്രം കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പ് വേളയിൽ സമാന  വിവരണവുമായി പ്രചരിച്ചിരുന്നു എന്നും മനസ്സിലായി. 

ക്രിസ് ഗെയിൽ ബിജെപിയിൽ ചേരുന്നു എന്ന സാമൂഹ്യ മാധ്യമ പ്രചാരണങ്ങളെ ആധാരമാക്കി യാഹൂ എന്ന വെബ്‌സൈറ്റ് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതിൽ കാവി കുർത്തയണിഞ്ഞ് ക്രിസ് ഗെയിൽ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഞങ്ങൾ ഇതേ ചിത്രം റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ മാന്യവർ എന്ന എത്നിക് വസ്ത്ര ബ്രാൻഡ് അവരുടെ പേജിൽ ക്രിസിന്‍റെ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് കണ്ടു. യഥാർത്ഥത്തിൽ 2018 ലെ ഐപിഎൽ സമയത്ത് കമ്പനി അവരുടെ പരസ്യ പ്രചരണാർത്ഥം നടത്തിയ ഫോട്ടോ ഷൂട്ടിൽ നിന്നുമുള്ള ചിത്രങ്ങളാണിത്. അവരുടെ ഫേസ്ബുക്ക് പേജില്‍ ചിത്രങ്ങള്‍ കാണാം. 

archived link

ക്രിസ് ഗെയിൽ ഒരിടത്തും താൻ ബിജെപിയിൽ ചേരുന്നു എന്ന് പ്രസ്താവിച്ചിട്ടില്ല. ക്രിസ് ജയിലിനെ പോലെ ഒരാൾ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരുകയാണെങ്കിൽ തീർച്ചയായും അത് അന്തർദ്ദേശീയ തലത്തിൽ മാധ്യമ വാർത്തയാകും. ബിജെപി നേതൃത്വം ഇക്കാര്യത്തെപ്പറ്റി യാതൊന്നും പറഞ്ഞിട്ടില്ല. കാവി നിരത്തിലെ കുര്‍ത്തയണിഞ്ഞ ക്രിസിന്‍റെ നെറ്റിയില്‍ തിലകം എഡിറ്റ് ചെയ്തു ചേര്‍ത്ത് വ്യാജ പ്രചരണത്തിനായി ഉപയോഗിക്കുകയാണ്. അതിനാൽ ഈ വാർത്ത വ്യാജമായി സൃഷ്ടിച്ചതാണെന്നു വ്യക്തമാണ്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണ്. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ ബിജെപിയിൽ ചേരുന്നു എന്ന മട്ടിലുള്ളതെല്ലാം വ്യാജ  പ്രചാരണമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Avatar

Title:വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റർ ക്രിസ് ഗെയിൽ ബിജെപിയിലേയ്ക്കെന്ന് വ്യാജ പ്രചരണം

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •