കെ.കെ.ഷൈലജയുടെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

രാഷ്ട്രീയം

വിവരണം

മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന വിഷയം. 35 വാര്‍ഡുകളുള്ള നഗരസഭയില്‍ 21 സീറ്റുകളില്‍ വിജയിച്ച് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. 14 സീറ്റുകളില്‍ യുഡിഎഫും വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. അതെ സമയം സിപിഎമ്മിന് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും മുന്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുടെ വാര്‍ഡില്‍ സിപിഎം തോറ്റു എന്ന പ്രചരണമാണ് കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളിലെ പ്രധാന പ്രചരണം. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇത്തരത്തില്‍ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഐവൈസി ആന്‍ഡ് കെഎസ്‌യു ഇടവ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 518ല്‍ അധികം റിയാക്ഷനുകളും 53ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മട്ടന്നൂര്‍ നഗരസഭ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തിയെങ്കിലും മുന്‍ ആരോഗ്യ മന്ത്രി കെ.കെ.ഷൈലജയുടെ വാര്‍ഡില്‍ സിപിഎം പരാജയപ്പെട്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ കെ.കെ.ഷൈലജ ടീച്ചറിന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ആരോപണവുമായി ബന്ധപ്പെട്ട പ്രതികരണം പങ്കുവെച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചതില്‍ നിന്നും വിഷയത്തെ കുറിച്ച് പ്രതികരിച്ച് കെ.കെ.ഷൈലജ പങ്കുവെച്ച  പ്രതികരണ കുറിപ്പ് കണ്ടെത്താന്‍ കഴിഞ്ഞു. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്-

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ആറാം തവണയും തുടർച്ചയായി എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങൾ വീണ്ടും വ്യാജ പ്രചാരണങ്ങൾ തുടങ്ങി. ഞാൻ വോട്ട് ചെയ്ത എൻ്റെ വാർഡിൽ എൽഡിഎഫ് തോറ്റെന്നാണ് പ്രചാരണം.

എൻ്റെ  വാർഡ് ഇടവേലിക്കൽ ആണ്. എൽഡിഎഫ് സ്ഥാനാർത്ഥി കെ രജത 661 വോട്ടാണ് ഈ തെരഞ്ഞെടുപ്പിൽ നേടിയത്. രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാർത്ഥിക്ക് മൂന്നക്കം തികയ്ക്കാൻ പോലും കഴിഞ്ഞില്ല കേവലം 81 വോട്ടാണ് യുഡിഎഫിനായി പോൾ ചെയ്തത് എൽഡിഎഫിന്റെ ഭൂരിപക്ഷം 580. എന്നിട്ടും യുഡിഎഫ് വിജയിച്ചുവെന്നൊക്കെയുള്ള പ്രചാരണം തോൽവിയിലുള്ള ജാള്യത മറച്ചു പിടിക്കാനാണ്.

Facebook Post 

മട്ടന്നൂര്‍ നഗരസഭ 15-ാം വാര്‍ഡ് ഇടവേലിക്കല്‍ ആകെ പോള്‍ ചെയ്ത വോട്ട് 780 ആണ്. ഇതില്‍ 661 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.രജതയ്ക്ക് ലഭിച്ചത്. 81 വോട്ട് യുഡിഎഫിനും. 580 വോട്ട് ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് വാര്‍ഡില്‍ ലഭിച്ചുള്ളത്. കൗണ്ടിങിന് ശേഷമുള്ള കണക്ക് ഇപ്രകാരമാണ്-

നിഗമനം

780ല്‍ 661 വോട്ട് നേടി മട്ടന്നൂര്‍ ഇടവേലിക്കല്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.രജതയാണ് വിജയിച്ചതെന്നതാണ് യാഥാര്‍ത്ഥ്യം. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 81 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞതെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. കെ.കെ.ഷൈലജയും പ്രചരണത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കെ.കെ.ഷൈലജയുടെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •