സ്ത്രീ സുരക്ഷ, അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് ഈ മൂന്ന് എംഎല്‍എമാരാണോ? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

സഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷവും ഭരണപക്ഷവും സഭയില്‍ ഇറങ്ങി ഏറ്റുമുട്ടിയ സംഭവമാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം. പ്രതിപക്ഷ എംഎല്‍എമാരെ മര്‍ദ്ദിച്ചു എന്ന ആരോപണത്തില്‍ ഭരണപക്ഷ എംഎല്‍എമാരായ സച്ചിന്‍ദേവ്, എച്ച്.സലാം എന്നിവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സ്ത്രീ സുരക്ഷ സംബന്ധിച്ച ബില്ല് ചര്‍ച്ചയ്ക്ക് എടുക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം. അതെസമയം സ്ത്രീപീഡന ആരോപണം നേരിട്ട യുഡിഎഫ് എംഎല്‍എമാരായ എം.വിന്‍സെന്‍റ്, എല്‍ദോസ് കുന്നപ്പിള്ളി, കുഞ്ഞാലിക്കുട്ടി എന്നിവരാണ് സഭയില്‍ സ്ത്രീ സുരക്ഷ സംബന്ധിച്ച ചര്‍ച്ചയ്ക്കായി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നിരഞ്ജന കണ്ണൂര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന് ഇതുവരെ 544ല്‍ റിയാക്ഷനുകളും 403ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

യഥാര്‍ത്ഥത്തില്‍ മുന്‍പ് ലൈംഗിക അതിക്രമ കേസില്‍ ആരോപണം നേരിട്ട മൂന്ന് പ്രതിപക്ഷ എംഎല്‍എമാരാണോ സ്ത്രീ സുരക്ഷ സംബന്ധിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം 

ആദ്യം തന്നെ നിയമസഭ, സ്ത്രീ സുരക്ഷ, അടിയന്തര പ്രമേയം എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും നിയമസഭയിലെ അടിയന്തര പ്രമേയത്തെ കുറിച്ച് മുഖ്യധാര മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനല്‍, മനോരമ ഓണ്‍ലൈന്‍ എന്നിവ പരിശോധിച്ചതില്‍ നിന്നും തൃക്കാക്കര എംഎല്‍എ ഉമ തോമസാണ് സഭയില്‍ സത്രീ സുരക്ഷ സംബന്ധിച്ച ചര്‍ച്ചയ്ക്കായി അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയതെന്ന് വ്യക്തമായി. എന്നാല്‍ നോട്ടീസിന് അനുമതി നിഷേധിച്ചതോടെ പ്രതിഷേധത്തിനിടയായി.

ഉമ തോമസ് തന്നെയാോ നോട്ടീസ് നല്‍കിയതെന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി ഉമ തോമസ് എംഎല്‍എയുമായി ഫോണില്‍ ബന്ധപ്പെട്ട് ഇത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത-

Reporter News 

നിഗമനം

ലൈംഗിക പീഡന കേസ് കുറ്റാരോപിതരായ പ്രതിപക്ഷ എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പിള്ളി, എം.വിന്‍സെന്‍റ്, കുഞ്ഞാലിക്കുട്ടി എന്നിവരാണ് നിയമസഭയില്‍ സത്രീസുരക്ഷ സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്ന പ്രചരണം തെറ്റാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. തൃക്കാക്കര എംഎല്‍എ ഉമ തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതും പിന്നീട് സഭ ഇത് അനുമതി നല്‍കാതിരുന്നത്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:സ്ത്രീ സുരക്ഷ, അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് ഈ മൂന്ന് എംഎല്‍എമാരാണോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False