തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വിളക്ക് എണ്ണയും നല്ലെണ്ണയും നിരോധിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നല്ലെണ്ണയും വിളക്ക് എണ്ണയും നിരോധിച്ചു എന്നും ഇനി മുതല്‍ ക്ഷേത്രങ്ങളില്‍ വെളിച്ചെണ്ണ മാത്രമെ സ്വീകരിക്കുകയുള്ളു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി വ്യാപക പ്രചരണം നടക്കുകയാണ്. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമാണ് പ്രധാനമായും ഈ പ്രചരണം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നല്ലെണ്ണ, വിളക്കെണ്ണ തുടങ്ങിയ എണ്ണകൾ നിരോധിച്ചു. വെളിച്ചെണ്ണ മാത്രമേ ക്ഷേത്രങ്ങളിൽ ഇനി സ്വീകരിക്കൂ. ഭൂരിപക്ഷം നല്ലെണ്ണയും വിളക്കെണ്ണയും നിർമ്മിക്കുന്നത് വ്യാജമായാണ്. ഹോട്ടലുകളിലും മറ്റും മത്സ്യം , മാംസം തുടങ്ങിയവ വറുക്കുന്ന പാചക എണ്ണ പഴകുമ്പോൾ പ്ലാസ്റ്റിക്ക് വീപ്പകളിൽ സംഭരിച്ച് തമിഴ് നാട്ടിൽ കൊണ്ടുപോയി ശുദ്ധീകരിച്ച് നല്ലെണ്ണയുടെ എസ്സൻസ് ചേർത്ത് തകര പാട്ടയിലും, പ്ലാസ്റ്റിക്ക് കുപ്പികളിലും നിറച്ച് സീൽ ചെയ്ത് ഏതെങ്കിലും ബ്രാൻഡ് നെയിം കൊടുത്ത് കടകളിൽ എത്തും.. എന്ന തലക്കെട്ട് നല്‍കി ചിന്നക്കട കൊല്ലം – 1 എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 72ല്‍ അധികം റിയാക്ഷനുകളും 15ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ വിളക്ക് എണ്ണയും നല്ലെണ്ണയും നിരോധിച്ചിട്ടഉുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത അറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം പ്രതിനിധി ദേവസ്വം ബോര്‍ഡ് പിആര്‍ഒയുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്-

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ നല്ലെണ്ണയോ വിളക്കെണ്ണയോ ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിരോധിച്ചു എന്ന ഉത്തരവ് ഇറക്കുകയോ മറ്റ് അറിയിപ്പ് നല്‍കുകയോ ചെയ്തിട്ടില്ല. സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യാധാര മാധ്യമങ്ങളിലും ഇത്തരമൊരു ഉത്തരവിനെ കുറിച്ച് യാതൊരു വാര്‍ത്തകളും വന്നിട്ടില്ലായെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

നിഗമനം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ വിളക്ക് എണ്ണയും നല്ലെണ്ണയും ചിങ്ങം ഒന്ന് മുതല്‍ നിരോധിച്ചു എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും ഇത്തരത്തിലൊരു ഉത്തരവ് ഇറക്കിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് പിആര്‍ഒ തന്നെ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വിളക്ക് എണ്ണയും നല്ലെണ്ണയും നിരോധിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •