ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ ഗോവ കോണ്‍ഗ്രസിന്‍റെ ഫെയ്‌സ്ബുക്ക് പേജും പേര് മാറ്റിയോ? വസ്‌തുത ഇതാണ്..

രാഷ്ട്രീയം | Politics

വിവരണം

ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവും ഗോവ പ്രതിപക്ഷ നേതാവുമായിരുന്ന ദിഗംബര്‍ കമ്മത്ത് ഉള്‍പ്പടെ എട്ട് എംഎല്‍എമാരാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. ഇനി മൂന്ന് എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസിന് ഗോവയിലുള്ളത്.

ഇതിനിടയിലാണ് സമൂഹമാധ്യമങ്ങളില്‍ ഗോവ കോണ്‍ഗ്രസിന്‍റെ ഫെയ്‌സ്ബുക്ക് പേജിന്‍റെ പേര് വരെ മാറ്റി അതും ബിജെപി സ്വന്തമാക്കി എന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. Indian National Congress – Goa changed its name to BJP – Goa എന്ന് മാറ്റിയെന്നാണ് പ്രചരണം. ഇതിന്‍റെ നോട്ടിഫിക്കേഷന്‍ സ്ക്രീന്‍ഷോട്ട് സഹിതമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഫേസ്ബുക് പേജുo ബിജെപിയിലേക്ക് പോയി. ആദ്യമായാണ് ഒരു ഫേസ്ബുക് പേജ് പാർട്ടി മാറുന്നത്.. എന്ന തലക്കെട്ട് നല്‍കി സവാദ് ടി.എം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 300ല്‍ അധികം റിയാക്ഷനുകളും 13ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്‍റെ ഗോവ സംസ്ഥാന കമ്മിറ്റിയുടെ ഫെയ്‌സ്ബുക്ക് പേജും എംഎല്‍എമാര്‍ പാര്‍ട്ടി മാറിയതോടെ പേര് മാറ്റി ബിജെപി ഗോവ എന്ന് ആക്കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ കോണ്‍ഗ്രസ് ഗോവ എന്ന് ഫെയ്‌സ്ബുക്കില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വേരിഫൈഡ് ഫെയ്‌സ്ബുക്ക് പേജ്  ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്നും പേജില്‍ നിന്നും കോണ്‍ഗ്രസിന്‍റെ വാര്‍ത്ത സമ്മേളനത്തിന്‍റെ ലൈവും മറ്റ് പ്രസ്താവനകളും പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞു. അതായത് ഗോവ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിന്‍റെ പേര് മാറ്റിയെന്ന പ്രചരണം വ്യാജമാണെന്നും ഇപ്പോഴും ഔദ്യോഗിക പേജ് ആക്‌ടീവാണെന്നും ഇതോടെ വ്യക്തമാണ്.

ഗോവ കോണ്‍ഗ്രസ് എന്ന ഔദ്യോഗിക പേജിന്‍റെ സ്ക്രീന്‍ഷോട്ട്-

INC Goa FB Page 

നിഗമനം

ഗോവ കോണ്‍ഗ്രസ് എന്ന കോണ്‍ഗ്രസ് ഗോവ സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക പേജ് പേര് മാറ്റി ബിജെപി ഗോവ എന്നാക്കിയെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഗോവ കോണ്‍ഗ്രസ് എന്ന വേരിഫൈഡ് പേജ് ഇപ്പോഴും കോണ്‍ഗ്രസ് ഉപയോഗത്തിലും ഉടമസ്ഥതയിലും തന്നെയാണുളളത്. പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് മറ്റ് ഏതോ പേജിന്‍റെയോ അല്ലെങ്കില്‍ എഡിറ്റ് ചെയ്ത് വ്യാജമായി നിര്‍മ്മിച്ചതോ ആണെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ ഗോവ കോണ്‍ഗ്രസിന്‍റെ ഫെയ്‌സ്ബുക്ക് പേജും പേര് മാറ്റിയോ? വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False