പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പിന്‍വലിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

രാഷ്ട്രീയം | Politics

വിവരണം

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാജ്യത്തെ വിവിധ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും നടത്തിയ എന്‍ഐഎ റെയ്‌ഡിനെ തുടര്‍ന്ന് നിരവധി പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ മാത്രം 25ഓളം പേരെ പിടികൂടിയിട്ടുണ്ട്. ഇവരില്‍ പലരെയും ഡ‍ല്‍ഹിയിലേക്ക് എന്‍ഐഎ സംഘം കൊണ്ടുപോയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ നാളെ (സെപ്റ്റംബര്‍ 23) പോപ്പുലര്‍ ഫ്രണ്ട് സംസ്ഥനത്ത് ഹര്‍ത്താലിന് ആഹ്വാനവും ചെയ്തു. എന്നാല്‍ ഈ ഹര്‍ത്താല്‍ പിന്‍വലിച്ചു എന്ന പേരില്‍ മീഡിയ വണ്‍ ചാനലിന്‍റെ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അഡ്വ. സനല്‍ പി ഭാസ്‌കര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നന്നും പങ്കുവെച്ചിരക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 114ല്‍ അധികം റിയാക്ഷനുകളും 59ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

ഇതിന് പിന്നാലെ മറ്റൊരു സന്ദേശവും വാട്‌സാപ്പില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു എന്ന സന്ദേശമാണ് വാ‌ട്സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഇതാണ് വാട്‌സാപ്പില്‍ പ്രചരിക്കുന്ന സന്ദേശം –

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നാളെ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

മീഡിയ വണ്ണിന്‍റെ പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡിനെ കുറിച്ച് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി മീഡിയ വണ്‍ വെബ്‌ ഡെസ്‌ക് പ്രതിനിധിയുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രചരിക്കുന്നത് മീഡിയ വണിന്‍റെ ന്യൂസ് കാ‍ര്‍ഡ് അല്ലയെന്നും ആരോ വ്യാജമായി നിര്‍മ്മിച്ച് നടത്തുന്ന വ്യാജ പ്രചരണമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും വെബ്‌ഡെസ്ക് പ്രതിനിധി പ്രതികരിച്ചു.

ഭാരത് ജോഡോ യാത്രയെ തുടര്‍ന്ന് പിഎഫ്ഐ നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഹര്‍ത്താല്‍ പിന്‍വലിച്ചു എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രതിനിധി സത്താര്‍ പറഞ്ഞു. ഹര്‍ത്താല്‍ പിന്‍വലിച്ചു എന്നത് വ്യാജ പ്രചരണമാണെന്നും നാളെ ഹര്‍ത്താല്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിഗമനം

ഹര്‍ത്താല്‍ പിന്‍വലിച്ചു എന്ന തരത്തില്‍ മീഡിയ വണ്‍ ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്ന് ചാനല്‍ പ്രതിനിധികള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ പിന്‍വലിച്ചിട്ടില്ലെന്നും നാളെ ഹര്‍ത്താല്‍ നടക്കുമെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രതിനിധിയും പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പിന്‍വലിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False