ബിന്ദു കൃഷ്ണ തന്‍റെ അടുത്ത സുഹൃത്താണെന്ന് സരിത എസ് നായര്‍ പറഞ്ഞോ? വസ്‌തുത അറിയാം..

രാഷ്ട്രീയം

വിവരണം

സോളാര്‍ തട്ടിപ്പ് കേസില്‍ കുപ്രസിദ്ധയായ സരിത എസ്.നായരുടെ വെളിപ്പെടുത്തലുകള്‍ പലപ്പോഴും വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് സോളാര്‍ അഴിമതി കേസ്. കോണ്‍ഗ്രസ് മന്ത്രിമാരും നേതാക്കളുമായി സരിത നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെയും കൂടിക്കാഴ്ച്ചകളുടെയുമെല്ലാം വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിടുകയും വിവാദം ആളിപ്പടരുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടയില്‍ സരിത നിരവധി തവണ ഫോണില്‍ വിളിച്ച വനിത നേതാക്കളുടെയും കോള്‍ ലിസ്റ്റ് അന്ന് പുറത്ത് വന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇതാ ബിന്ദു കൃഷ്ണയും സരിതയുമായി ബന്ധപ്പെടുത്തി ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ അടുത്ത സുഹൃത്താണെന്ന് സരിത എസ്.നായര്‍ പറഞ്ഞു… എന്നതാണ് പ്രചരണം. സിപിഐഎം സൈബര്‍ കോമ്രേഡ്‌സ് –  ഒഫീഷ്യല്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ റാഫി റിസ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 361ല്‍ അധികം റിയാക്ഷനുകളും 109ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സരിത ഇങ്ങനെ പറഞ്ഞിട്ടുണ്ടോ. ബിന്ദുകൃഷ്ണയും സരിതയും തമ്മില്‍ സൗഹൃദമുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അന്വേഷിക്കാം.

വസ്‌തുത വിശകലനം

ഞങ്ങളുടെ പ്രതിനിധി മഹിള കോണ്‍ഗ്രസ് നേതാവായ ബിന്ദു കൃഷ്ണയുമായ ഫോണില്‍ ബന്ധപ്പെട്ട് പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. അവര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്-

സരിതയുമായി ഒരു തവണ പോലും ഫോണില്‍ സംസാരിച്ചിട്ടില്ല. നേരിട്ട് ഇതുവരെ കണ്ടിട്ടുമില്ല. മഹിള കോണ്‍ഗ്രസ് മുന്‍ നേതാവായിരുന്ന ലതിക സുഭാഷ്, കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഒസ്‌മാന്‍ ഉള്‍പ്പടെയുള്ളവരെ സരിത ഫോണില്‍ വിളിച്ചതിന്‍റെ രേഖകള്‍ മാധ്യമങ്ങള്‍ തന്നെ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. തന്‍റെ പേര് മാത്രമാണ് ആ ലിസ്റ്റില്‍ ഇല്ലാതിരുന്നത്. തനിക്കെതിരെ നിരന്തരം നടക്കുന്ന സൈബര്‍ ആക്രമണങ്ങളുടെ ഭാഗമായി തന്നെയാണ് ഇത്തരമൊരു വ്യാജ പ്രചരണമെന്നും താന്‍ സമൂഹമാധ്യമങ്ങളില്‍ രാഷ്ട്രീയമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ഇഷ്ടപ്പെടാത്തവരില്‍ ചിലരാണ് നിരന്തരം തനിക്കെതിരെ ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

സരിത എസ്.നായര്‍, ബിന്ദു കൃഷ്ണ എന്നീ കീവേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തെങ്കിലും സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത് പോലെ സരിത ബിന്ദുകൃഷ്ണയെ കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയതായി ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞില്ല.

നിഗമനം

സരിത ബിന്ദു കൃഷ്ണയെ കുറിച്ച് ഇത്തരമൊരു പരാമര്‍ശം നടത്തിയതായി ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബിന്ദു കൃഷ്ണയും സരിതയുമായി ഒരു സൗഹൃദവും ഇല്ലായെന്നും പ്രചരണം വ്യാജമാണെന്നും ഞങ്ങളോട് പ്രതികരിച്ചു. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ബിന്ദു കൃഷ്ണ തന്‍റെ അടുത്ത സുഹൃത്താണെന്ന് സരിത എസ് നായര്‍ പറഞ്ഞോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •