ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ സുധാ മൂര്‍ത്തി‍യുടെ ജീവിത കഥ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ കഥയുടെ പിന്നിലെ വസ്‌തുത ഇതാണ്..

സാമൂഹികം

വിവരണം

ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണും എഴുത്തുകാരിയുമായ സുധ മൂര്‍ത്തിയെ (ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തിയുടെ ഭാര്യ) കുറിച്ചുള്ള ഒരു കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും വൈറാലാകുകയാണ് ഈ സന്ദേശം. ഫിറോസ് മുഹമ്മദ് അലി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 92ല്‍ അധികം റിയാക്ഷനുകളും 26ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം-

ജീവനുള്ള ഒരു കഥ !

മുംബൈയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോകുന്ന ട്രെയിനിന്റെ  സീറ്റിനടിയിൽ ഒളിച്ചിരിക്കുന്ന പതിമൂന്നോ, പതിനാലോ വയസുള്ള  പെൺകുട്ടിയെ  ടിക്കറ്റ്  പരിശോധകൻ കണ്ടുപിടിച്ചു ചോദ്യം ചെയ്തു:

” ടിക്കറ്റ് എവിടെ ?”

ആ പെൺകുട്ടി വിറച്ചുകൊണ്ടു പറഞ്ഞു

“ഇല്ല സർ.”

“ടിക്കറ്റ് ഇല്ലെങ്കിൽ ട്രെയിനിൽ നിന്നിറങ്ങണം.

അല്ലെങ്കിൽ ഫൈൻ  അടയ്ക്കണം” പരിശോധകൻെറ  സ്വരം കടുത്തു.

“ഞാൻ ഈ കുട്ടിക്കുള്ള പണം  തരാം”

പിന്നിൽ നിന്ന് ഇതെല്ലാം കണ്ടുനിന്ന മറ്റൊരു യാത്രക്കാരിയായ  ഉഷ ഭട്ടാചാര്യയുടെ ശബ്ദം ഉയർന്നു…

“നിങ്ങൾക്ക് എവിടെ പോകണം?

ഉഷ ആ പെൺകുട്ടിയോട്  ചോദിച്ചു

പെൺകുട്ടി :  “മാഡം അറിയില്ല!”

ഉഷ: “എങ്കിൽ നീ എന്നോടൊപ്പം ബാംഗ്ലൂരിലേക്ക് വരൂ!”

നിങ്ങളുടെ പേര് എന്താണ്?”

പെൺകുട്ടി :”ചിത്ര”

ബാംഗ്ലൂരിലെത്തിയ ഉഷാ  ഭട്ടാചാര്യ  ചിത്രയെ  ഒരു സന്നദ്ധ സംഘടനയ്ക്ക് കൈമാറി.

അവളെ അവർ  ഒരു നല്ല സ്കൂളിൽ ചേർത്തു.

താമസിയാതെ ഉഷ ദില്ലിയിലേക്ക് മാറി.. അതിനാൽ ചിത്രയുമായുള്ള  ബന്ധം നഷ്ടപ്പെട്ടു.

വളരെ അപൂർവ്വമായി  ഫോൺ വഴി  സംസാരിച്ചിരുന്നു…

കുറച്ചുകാലത്തിന് ശേഷം  അതും നിന്നു..

ഏതാണ്ട് ഇരുപത് വർഷത്തിന് ശേഷം ഉഷ  ഭട്ടാചാര്യയെ സാൻ ഫ്രാൻസിസ്കോയിലേക്ക് (യുഎസ്എ) ഒരു പ്രഭാഷണത്തിനായി ക്ഷണിച്ചിരുന്നു..

പ്രഭാഷണത്തിന് ശേഷം, അവർ  താമസിച്ചിരുന്ന ഹോട്ടൽ ബിൽ അടയ്ക്കാൻ റിസപ്ഷനിൽ പോയപ്പോൾ, അല്പം അകലെ നിൽക്കുന്ന  ദമ്പതികളെ ഹോട്ടൽ  ജീവനക്കാർ  ചൂണ്ടിക്കാണിച്ചിട്ടു പറഞ്ഞു…

“മാഡം, അവർ നിങ്ങളുടെ ബിൽ അടച്ചു… അടച്ച ബില്ലിന്റെ  കോപ്പി ഇതാ!!.

അത്‍ഭുതത്തോടെ ഉഷ  അവരുടെ  സമീപത്തെത്തി ചോദിച്ചു” നിങ്ങൾ എന്തിനാണ് എന്റെ ബിൽ അടച്ചത്?”

“മാഡം, ഇത് മുംബൈയിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ ടിക്കറ്റിന് മുന്നിൽ ഒന്നുമല്ല”!!!!

ഉഷ: “നീ…ഹേ ..ചിത്ര!!!” …

ആ ചിത്ര മറ്റാരുമല്ല…

ഇൻ‌ഫോസിസ് ഫൗണ്ടേഷൻ ചെയർമാൻ സുധാ മൂർത്തി!!

ഇൻ‌ഫോസിസ് സ്ഥാപകൻ ശ്രീ നാരായണ മൂർത്തിയുടെ ഭാര്യയാണ് ചിത്ര എന്ന സുധാമൂർത്തി!!!! (ഇപ്പോഴാണെങ്കിലോ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ (ഭാര്യ അക്ഷത മൂർത്തി) അമ്മായിയമ്മ !!

അവരുടെ

“ദി ഡേ ഐ സ്റ്റോപ്പ് ഡ്രിങ്ക് മിൽക്ക്”

എന്ന പുസ്തകത്തിലെ അവരുടെ സ്വന്തം ജീവിത കഥയാണിത്!!!.

നിങ്ങൾ നൽകുന്ന സഹായം മറ്റൊരാളുടെ ജീവിതത്തെ മാറ്റിമറിക്കും !!!

മനുഷ്യർ എല്ലാ വീട്ടിലും ജനിക്കുന്നു, പക്ഷേ മനുഷ്യത്വം എല്ലാ മനുഷ്യരിലും ഉണ്ടാകണമെന്നില്ല !!!

ഇന്ന് സ്വത്തിനും പണത്തിനും സ്ഥാനത്തിനും വേണ്ടി കൂട്ടുകാരേയോ കൂടപ്പിറപ്പുകളേയോ ചതിക്കാനോ, പറ്റിക്കാനോ, പിടിച്ചുപറിക്കാനോ ഒന്നിനും മടിയില്ലാത്തവരായിരിക്കുന്നു.

_മനുഷ്യരിൽ പലരും സ്വന്തം തെറ്റുകൾ മറക്കാൻ മറ്റുള്ളവരുടെ മേൽ പഴിചാരാൻ ഒരു മടിയുമില്ലാത്തവർ._

പരസ്പരം സ്നേഹിക്കുക, സഹായിക്കുക…

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രചരിക്കുന്ന ഈ കഥ സുധ മൂര്‍ത്തിയെ കുറിച്ച് തന്നെയുള്ളതാണോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത വിശകലനം

സുധാ മൂര്‍ത്തിയുടെ ജീവിതത്തില്‍ ഇത്തരത്തില്‍ എന്തെങ്കിലും ഒരു അനുഭവമുണ്ടായിട്ടുണ്ടോ എന്ന് അറിയാന്‍ ആദ്യം തന്നെ കീ വേര്‍ഡുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്തു. ഇതില്‍ നന്നും  സ്പീക്കിങ് ട്രീ എന്ന വെബ്‌സൈറ്റിലൂടെ മുതേന്ദര്‍ വെലിശാല എന്ന വ്യക്തി 2016 ഡിസംബര്‍ 17ന് പങ്കുവെച്ച ഒരു  ബ്ലോഗ് കണ്ടെത്താന്‍ കഴിഞ്ഞു. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ സുധാ മൂര്‍ത്തിയുടെ ചെറുകഥ സമാഹാരത്തിലെ ഒരു ചെറുകഥ പങ്കുവയ്ക്കുന്നു എന്ന പേരിലാണ് ബോംബെ ടു ബാംഗളൂര്‍ എന്ന ചെറുകഥ മുതേന്ദര്‍ വെലിശാല സ്പീക്കിങ് ട്രീ എന്ന വെബ്‌സൈറ്റില്‍ പങ്കുവെച്ചിരിക്കുന്നത്.

ബോബെ ടു ബാംഗളൂര്‍ എന്ന ചെറുകഥയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇൻ്റര്‍നെറ്റില്‍ നിന്നും ശേഖരിച്ചതോടെ 2012ല്‍  ദ് ഡേ ഐ സ്റ്റോപ്‌ഡ് ഡ്രിങ്കിങ് മില്‍ക് (The day I stopped drinking milk)  എന്ന പേരില്‍ സുധ മൂര്‍ത്തി രചിച്ച ചെറുകഥ സമാഹരത്തിലെ 23 കഥകളിലെ ഒരു കഥയാണിതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. 

സമൂഹ്യ സേവന രംഗത്തും അധ്യാപന ജീവിതത്തലും യാത്രകളിലുമെല്ലാം സുധാ മൂര്‍ത്തി കണ്ട ജീവിത നേര്‍ക്കാഴ്ച്ചകളും അനുഭവങ്ങളുമാണ് ഈ ചെറുകഥ സമാഹരത്തിന്‍റെ ഉള്ളടക്കം അതെ സമയം പുസ്തകത്തില്‍ താന്‍ എഴുതിയ ഓരോ ചെറുകഥകളിലെയും കഥാപാത്രങ്ങള്‍ യഥാര്‍ത്ഥലുള്ളവരാണെന്നും അതില്‍ രണ്ട് പേര്‍ ഒഴികെ മറ്റുള്ളവരുടെ എല്ലാം പേരുകള്‍ പ്രതീക്തമാകമായി നല്‍കിയതാണെന്നും സുധാ മൂര്‍ത്തി പുസ്‌തകത്തിന്‍റെ ആമുഖത്തില്‍ എഴുതിയിട്ടുണ്ട്. വിഷ്ണു എന്നും പൊര്‍ട്ടാഡോ എന്നുമുള്ള രണ്ട് പേരുകള്‍ മാത്രമാണ് സമാഹരത്തില്‍ യഥാര്‍ത്ഥ പേരുകളുള്ളത്. അതായത് ട്രെയിനില്‍ ഉഷ (സുധ മൂര്‍ത്തി) ചിത്ര (സാങ്കല്‍പ്പിക പേര്) എന്ന പെണ്‍കുട്ടിയെ കണ്ടുമുട്ടിയതും അവളെ ഒപ്പം കൂട്ടിയതും വിദ്യാഭ്യാസം നല്‍കിയതും പിന്നീട് അവളുമായി വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയതുമെല്ലാം സുധ മൂര്‍ത്തിയുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ തന്നെയാണ്. 2012ല്‍ പെന്‍ഗ്യുന്‍ ബുക്‌സാണ് പുസ്‌തകം പുറത്തിറക്കിയിരിക്കുന്നത്.

മാത്രമല്ല സുധ മൂര്‍ത്തിയുടെ പിതാവ്  ഡോ.ആര്‍.എച്ച്.കുല്‍ക്കര്‍ണി വളരെ പ്രശസ്തനായ സര്‍ജന്‍ കൂടിയായിരുന്നു. കര്‍ണാടക ബിവിബി കോളജ് ഓഫ് എന്‍ജിനീയറങില്‍ നിന്നും ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സില്‍ ബിരുദവും ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയ സുധ മൂര്‍ത്തി കര്‍ണാടകയിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച് വളര്‍ന്നതാണ്.

സ്പീക്കിങ് ട്രീയില്‍ ബോംബെ ടു ബാംഗളൂര്‍ എന്ന ചെറുകഥ പങ്കുവെച്ചിട്ടുള്ളത്-

SpeakingTree.in 

ദ് ഡേ ഐ സ്റ്റോപ്‌ഡ് ഡ്രിങ്കിങ് മില്‍ക്ക് എന്ന ചെറുകഥ സമാഹരം (ഗൂഗിള്‍ ബുക്‌സ്)-

Google Books 

സുധാ മൂര്‍ത്തി തന്‍റെ കുടുംബത്തിനൊപ്പം –

Wiki Bio Business 

നിഗമനം

തന്‍റെ ജീവിതാനുഭവങ്ങളാണ് സുധാ മൂര്‍‍ത്തി ചെറുകഥകളിലൂടെ വിവരിച്ചിരിക്കുന്നത്. 23 ചെറുകഥകള്‍ അടങ്ങിയ സമാഹാരത്തില്‍ രണ്ടു പേരുടെ യഥാര്‍ത്ഥത്തിലുള്ള പേരുകള്‍ ഒഴി ബാക്കിയുള്ളവരുടെ പേരുകള്‍ മാറ്റം വരുത്തിയാണ് നല്‍കിയിരിക്കുന്നതെന്ന് പുസ്തകത്തിന്‍റെ ആമുഖത്തില്‍ സുധാ മൂര്‍ത്തി വ്യക്തമാക്കിയിട്ടുണ്ട്. അതായത് യഥാര്‍ത്ഥത്തില്‍ പ്രചരിക്കുന്ന സന്ദേശത്തിലെ ഉഷ എന്നത് സുധാ മൂര്‍ത്തിയും ചിത്ര എന്നത് സുധാ മൂര്‍ത്തിയുടെ സഹായത്തോടെ ജീവിതത്തില്‍ നേട്ടം കൈവരിച്ച പെണ്‍കുട്ടിയുമാണെന്ന് ദ് ഡേ ഐ സ്റ്റോപ്‌ഡ് ഡ്രിങ്കിങ് മില്‍ക് എന്ന പുസ്തകം വായിച്ചതില്‍ നിന്നും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ചിത്ര എന്നത് സുധാ മൂര്‍ത്തിയെന്ന തരത്തിലുള്ള പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്നും ഇതോടെ വ്യക്തമായി കഴിഞ്ഞു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ സുധാ മൂര്‍ത്തി‍യുടെ ജീവിത കഥ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ കഥയുടെ പിന്നിലെ വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False