സിപിഎം മുൻ പോളിറ്റ് ബ്യുറോ അംഗം മൊറാർജി ദേശായിയുടെ ചെറുമകളാണോ തൃപ്തി ദേശായി…?

ദേശിയം രാഷ്ട്രീയം | Politics

വിവരണം 

ശ്രീ കുമാർ മേനോൻ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  നവംബർ 26  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 1000  ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “പരമാവധി ഷെയർ…

അറിയട്ടെ കമ്മികളുടെ കള്ളത്തരം 😠😠😠😠” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ് : സിപിഎം സൈബർ നുണ പ്രചാരണം തിരിച്ചറിയുക. മല  കയറാൻ വരുന്ന തൃപ്തി ദേശായി സിപിഎം മുൻ പോളിറ്റ് ബ്യുറോ അംഗം മൊറാർജി ദേശായിയുടെ ചെറുമകൾ. ഹിന്ദു വിരുദ്ധരായ സിപിഎമ്മുകാരുടെ തനിനിറം എല്ലാ ഹിന്ദുക്കളിലും എത്തിക്കുക. എല്ലാവരും പെട്ടെന്ന് ഷെയർ ചെയ്യുക. സ്വാമി ശരണം.” ഈ വാചകങ്ങൾക്കൊപ്പം തൃപ്തി ദേശായിയുടെ ചിത്രവും നൽകിയിട്ടുണ്ട്.

archived linkFB post

ശബരിമല യുവതീ പ്രവേശനം സാധ്യമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി വിധി വരുന്നതിനു മുമ്പ് തന്നെ തൃപ്തി ദേശായി മല  ചവിട്ടുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 2018 ൽ സുപ്രീം കോടതി വിധിക്കു ശേഷം അവർ മല  ചവിട്ടാൻ തയ്യാറുള്ള മറ്റൊരു സംഘത്തോടൊപ്പമെത്തിച്ചേർന്നു. എന്നാൽ ഭക്തരുടെ കടുത്ത പ്രതിഷേധം മൂലം അവർക്ക് നിരാശരായി മടങ്ങേണ്ടി വന്നു. ഇത്തവണയും തൃപ്തിയും കൂട്ടരും ദർശനത്തിനു വേണ്ടി എത്തിയെങ്കിലും സംസ്ഥാന സർക്കാർ നിലപാട് അനുകൂലമല്ലാത്തതിനാൽ തൃപ്തിയുടെ സംഘം മടങ്ങി. 

തൃപ്തി ദേശായി മൊറാർജി ദേശായിയുടെ ചെറുമകൾ ആണെന്നാണ് പോസ്റ്റിൽ അവകാശപ്പെടുന്നത്. മൊറാർജി ദേശായി സിപിഎം പോളിറ്റ് ബ്യുറോ അംഗമാണെന്നും പോസ്റ്റിൽ മറ്റൊരു വാദഗതിയുണ്ട്. നമുക്ക് ഈ വാദഗതികളെ  പറ്റി അന്വേഷിച്ചു നോക്കാം.

വസ്തുതാ വിശകലനം 

മൊറാർജി ദേശായി ഇന്ത്യയുടെ നാലാമത്തെ പ്രധാനമന്ത്രിയായിരുന്നുവെന്ന് എല്ലാവർക്കും  അറിയാം. കൂടാതെ അദ്ദേഹം ഉപപ്രധാനമന്ത്രിയായും കേന്ദ്ര ആഭ്യന്തര മന്ത്രിയായും ധനകാര്യമന്ത്രിയായും എംപിയായുമെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം സിപിഎം പോളിറ്റ് ബ്യുറോ അംഗമായിരുന്നില്ല എന്ന് ചരിത്ര രേഖകൾ വ്യക്തമാക്കുന്നു.

archived linkwikipedia

മൊറാർജി ദേശായി  ഗുജറാത്തി വംശജനായിരുന്നു. 1896 ഫെബ്രുവരി 29 ന് എട്ട് മക്കളിൽ മൂത്തവനായ ബ്രിട്ടീഷ് ഇന്ത്യയിലെ ബൾസാർ ജില്ലയിലെ (ഇന്നത്തെ വൽസാദ് ജില്ല, ഗുജറാത്ത്, ബോംബെ പ്രസിഡൻസി) ഭഡെലി ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് ഒരു സ്കൂൾ അദ്ധ്യാപകനായിരുന്നു. മൊറാർജി ദേശായി കോൺഗ്രസ്സ് പാർട്ടിയിലൂടെയാണ് അധികാരത്തിലെത്തിയത്. കോണ്ഗ്രസ് പാര്‍ട്ടി 1969 ല്‍ പിളര്‍ന്നപ്പോള്‍ അദ്ദേഹം ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 

1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ രൂപം കൊണ്ട ശേഷം കൽക്കട്ടയിൽ നടന്ന ആദ്യ പാർട്ടി കോൺഗ്രസിലാണ് പാർട്ടിയുടെ പോളിറ്റ് ബ്യുറോ ഇന്ത്യൻ ചാപ്റ്റർ ആരംഭിച്ചത്. സിപിഐയിൽ നിന്നും സിപിഎം വേർപെട്ട ശേഷമാണ് പൊളിറ്റ് ബ്യൂറോ രൂപംകൊണ്ടത്. അതിനു മുമ്പ് പൊതുവായി സെൻട്രൽ  സെക്രട്ടേറിയറ്റ് എന്നാണ് കേന്ദ്ര കമ്മറ്റി അറിയപ്പെട്ടിരുന്നത്. അതിന്‍റെ ആദ്യകാല അംഗങ്ങളുടേതു മുതലുള്ള പേര് വിവരങ്ങൾ വിക്കിപീഡിയയിൽ ലഭ്യമാണ്. മൊറാർജി ദേശായിയുടെ പേര് ഈ ലിസ്റ്റിൽ ഇല്ല. 

ഇനി മൊറാർജി ദേശായിയുടെ ചെറുമകൾ ആണ് തൃപ്തി ദേശായി എന്ന് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം ഞങ്ങൾ അന്വേഷിച്ചു. 

“കർണ്ണാടകയിലെ നിപാൻ താലൂക്കിലാണ് തൃപ്തി ദേശായിയുടെ ജനനം. തൃപ്തിയുടെ പിതാവ് തെക്കൻ മഹാരാഷ്ട്രയിലെ ആൾദൈവം ഗഗൻഗിരി മഹാരാജിന്‍റെ കീഴില്‍ ആശ്രമ ജീവിതം സ്വീകരിച്ചു.  അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം തൃപ്തി പിന്നീട് ജീവിച്ചു. പൂനൈയിലെ ശ്രീമതി നതിബാൽ ദാമോദർ താക്കർസേ വുമൻസ് സർവ്വകലാശാലയിൽ ഹോംസയൻസിൽ ബിരുദപഠനത്തിന് ചേർന്നെങ്കിലും കുടുംബത്തിലെ പ്രശ്‌നങ്ങളെ തുടർന്ന് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും പഠനം അവസാനിപ്പിക്കേണ്ടി വന്നു.ആറ് വയസ്സുള്ള മകനുമുണ്ട്.” ഈ വിവരങ്ങൾ വിക്കിപീഡിയയിലുണ്ട്. തൃപ്തിയെ പറ്റി വിവരണമുള്ള ഒരു ലേഖനത്തിലും അവർ മൊറാർജിയുടെ ചെറുമകൾ ആണെന്ന് പറഞ്ഞിട്ടില്ല. 

എന്നാൽ ഈ പോസ്റ്റിലല്ലാതെ മറ്റൊരിടത്തും ഇക്കാര്യം ആരും പരാമർശിച്ചിട്ടില്ല. തൃപ്തി ദേശായിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിലൊന്നും താൻ മൊറാർജി ദേശായിയുടെ ചെറുമകൾ ആണെന്ന് പരാമർശിച്ചിട്ടില്ല. 

പോസ്റ്റിൽ നൽകിയിരിക്കുന്നത് തെറ്റിധാരണ സൃഷ്ടിക്കുന്ന വിവരങ്ങളാണ്. സത്യമായവയല്ല. രണ്ടു പേരുടെ പേരിലും പൊതുവായി ദേശായി എന്ന പദം ഉള്ളതിനാല്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതാകാം.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും തെറ്റാണ്. മൊറാർജി ദേശായി സിപിഎം പോളിറ്റ് ബ്യുറോ അംഗമായിരുന്നില്ല. തൃപ്തി ദേശായി മൊറാർജി ദേശായിയുടെ ചെറുമകൾ അല്ല. തെറ്റിധാരണ സൃഷ്ടിക്കുന്ന വാർത്ത പ്രചരിപ്പിക്കുന്ന  ഈ പോസ്റ്റ് ഷെയർ ചെയ്യാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക. 

Avatar

Title:സിപിഎം മുൻ പോളിറ്റ് ബ്യുറോ അംഗം മൊറാർജി ദേശായിയുടെ ചെറുമകളാണോ തൃപ്തി ദേശായി…?

Fact Check By: Vasuki S 

Result: False