
വിവരണം
രാഷ്ട്രീയ നേതാക്കള്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ പറ്റിയോ ആശയങ്ങളെ കുറിച്ചോ പുകഴ്ത്തിയോ ഇകഴ്ത്തിയോ പരാമര്‍ശം നടത്തി എന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സാധാരണയാണ്. ഇങ്ങനെയുള്ള പ്രചരണങ്ങളില്‍ പലതും അടിസ്ഥാന രഹിതവും വ്യാജവുമായിരിക്കും എന്നാണ് അവലോകനത്തിനൊടുവില്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള ഫാക്റ്റ് ചെക്കുകള്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ വെബ്സൈറ്റിലോ അല്ലെങ്കില്‍ ഫേസ്ബുക്ക് പേജിലോ കാണാന്‍ സാധിക്കും.
ഇത്തരത്തില്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. ഏഷ്യാനെറ്റ് ചാനലിന്‍റെ എംബ്ലത്തോടൊപ്പം പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളുടെ ചിത്രവും ഒപ്പം വാര്‍ത്തയായി ഏതാനും വാചകങ്ങളുമാണ് പോസ്റ്റിലുള്ളത്. “രാഷ്ട്രീയ പരമായി എതിർപ്പുണ്ടെങ്കിലും കേരളത്തിലെ കരുത്തൻമാരായ മുഖ്യമന്ത്രിമാരിൽ ഒരാളാണ് പിണറായി വിജയനെന്ന് പാണക്കാട് തങ്ങൾ. ഏഷ്യാനെറ്റ് ന്യൂസുമായി നടത്തിയ അഭിമുഖത്തിലാണ് തങ്ങള്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.”

പിണറായി വിജയനെ പുകഴ്ത്തി പാണക്കാട് തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖത്തിനിടയില്‍ പരാമര്‍ശം നടത്തി എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് വ്യാജ പ്രചാരണമാണെന്ന് ഫാക്റ്റ് ക്രെസണ്ടോ അന്വേഷണത്തില്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ പലരും ഇതേ വാര്‍ത്ത പ്രചരിപ്പിക്കുന്നതായി കണ്ടു.

ചില പ്രചരണങ്ങള്‍ക്ക് മാസങ്ങള്‍ പഴക്കമുണ്ട്. 2020 ജൂണ്‍ മാസം മുതല്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ ഉണ്ട്.

ഞങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യേകിച്ച് ഏഷ്യാനെറ്റിന്‍റെ മാധ്യമ വെബ്സൈറ്റില്‍ തിരഞ്ഞു നോക്കി. എന്നാല്‍ ഇത്തരത്തില്‍ യാതൊരു വാര്‍ത്തയും അവര്‍ പ്രസിദ്ധീകരിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അതിനാല്‍ ഞങ്ങള്‍ വ്യക്തതയ്ക്കായി ഏഷ്യാനെറ്റ് ചാനല്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ അജയഘോഷിനോട് സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇത് വ്യാജ പ്രചാരണമാണെന്നും ഇങ്ങനെ ഒരു വാര്‍ത്ത ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചിട്ടില്ല എന്നുമാണ്.
അപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് ഉറപ്പായ സ്ഥിതിക്ക് ഞങ്ങള്‍ മുസ്ലീം ലീഗ് ആസ്ഥാനവുമായി ബന്ധപ്പെട്ടു. ലീഗ് എംപി അബ്ദുല്‍ വഹാബിന്‍റെ പേര്‍സണല്‍ സ്റ്റാഫ് അംഗം അബ്ദുല്‍ റഹ്മാന്‍ പറഞ്ഞത് ഇത് പൂര്‍ണ്ണമായും വ്യാജ പ്രചാരണമാണ് എന്നാണ്. അദ്ദേഹം ഞങ്ങള്‍ക്ക് പാണക്കാട് ശിഹാബ് ഹൈദരലി തങ്ങളുടെ സെക്രട്ടറിയുടെ കോണ്ടാക്റ്റ് നമ്പര്‍ നല്‍കി. പിന്നീട് സെക്രട്ടറിയോട് സംസാരിച്ചപ്പോഴും ഇതേ മറുപടി തന്നെയാണ് ലഭിച്ചത്. ഏഷ്യാനെറ്റ് ന്യൂസില്‍ ഇങ്ങനെ ഒരു അഭിമുഖം ശിഹാബ് തങ്ങള്‍ നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പരാമര്‍ശങ്ങള്‍ ഒന്നും തന്നെ എവിടെയും നടത്തിയിട്ടില്ല എന്നുമാണ് അവിടെ നിന്നും അറിയിച്ചത്.
പോസ്റ്റിലെ വാര്‍ത്ത വ്യാജ പ്രചാരണം മാത്രമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പാണക്കാട് ശിഹാബ് തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസില്‍ എന്നല്ല, ഒരിടത്തും ഒരു പരാമര്‍ശം പോലും നടത്തിയിട്ടില്ല. മറ്റുള്ളതെല്ലാം വ്യാജ പ്രചാരണം മാത്രമാണ്.

Title:‘മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പാണക്കാട് ശിഹാബ് തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തില്‍ പരാമര്‍ശം നടത്തി’ എന്നത് വ്യാജ പ്രചരണമാണ്…
Fact Check By: Vasuki SResult: False
