സുമിത്രാ മഹാജനും സോണിയാ ഗാന്ധിയും ഒന്നിച്ചുള്ള പഴയ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം…

ദേശീയം രാഷ്ട്രീയം | Politics

വിവരണം 

Abdul Kareem‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും K SUDHAKARAN എന്ന പബ്ലിക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “മുൻ ലോകസഭാ സ്പീക്കർ സുമിത്ര മഹാജൻ എഐസിസി പ്രസിഡണ്ട് സോണിയാജിയെ സന്ദർശിച്ചു.

സംഘി ചാണക മൂരാച്ചികൾ അങ്കലാപ്പിൽ.

“എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ എഐസിസി പ്രസിഡണ്ട് സോണിയ ഗാന്ധിയും മുൻലോക്സഭാ സ്പീക്കറും ബിജെപി നേതാവുമായ സുമിത്രാ മഹാജനും സൗഹാർദ്ദ പൂർവം ആശ്ലേഷിച്ചു നിൽക്കുന്ന ഒരു ചിത്രമാണ് നൽകിയിട്ടുള്ളത്. സോണിയാ ഗാന്ധിയെ സുമിത്രാ മഹാജൻ സന്ദർശിച്ചു. ആ സന്ദർഭത്തിലുള്ള ചിത്രമാണിത്  എന്ന സന്ദേശമാണ് ചിത്രം നൽകുന്നത്.

archived linkFB post

സുമിത്രാ മഹാജൻ ബിജെപി വിട്ട് കോൺഗ്രസിലേക്ക് പോകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ദേശീയ പ്രാദേശിക വാര്‍ത്താ മാധ്യമങ്ങളൊന്നും ഇത്തരത്തിൽ വാർത്ത നൽകിയിട്ടില്ല. കോൺഗ്രസിനെയും കോൺഗ്രസ്സ് നേതൃത നിരയിലുള്ളവരെയും വിമർശിച്ചു പലതവണ സുമിത്ര മഹാജൻ പരാമർശങ്ങൾ നടത്തി വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. മുതിര്‍ന്ന ബിജെപി നേതാവായ സുമിത്ര മഹാജൻ ഈയടുത്ത് എപ്പോഴാണ് സോണിയാ ഗാന്ധിയെ സന്ദർശിച്ചത്..? സംഘപരിവാറിനെ അങ്കലാപ്പിലാക്കുന്ന തരത്തിൽ എന്തെങ്കിലും തീരുമാനങ്ങൾ സന്ദർശന വേളയിൽ ഉണ്ടായോ…? നമുക്ക് അറിയാൻ ശ്രമിക്കാം. 

വസ്തുതാ വിശകലനം 

ഞങ്ങൾ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് പരിശോധന നടത്തിയപ്പോൾ ഈ ചിത്രം 2015 ഓഗസ്റ്റ് 16 നു പത്രിക എന്ന ഹിന്ദി മാധ്യമം ഒരു വാർത്തയിൽ നൽകിയിക്കുന്നതു കണ്ടു. “സുമിത്രയും സോണിയയും അറ്റ് ഹോംസംഗമത്തിൽ ഒത്തുകൂടിയതിങ്ങനെ.. എന്ന തലക്കെട്ടിൽ നൽകിയിരിക്കുന്ന വാർത്തയുടെ പരിഭാഷ ഇങ്ങനെയാണ് : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടന്ന അറ്റ് ഹോം സംഗമത്തിലാണ് ഇരുവരും സൗഹൃദം പങ്കു വച്ചത്. വിവിധ പാർട്ടിയിൽ പെട്ട നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ്സ് പ്രസിഡണ്ട് സോണിയാ  ഗാന്ധിയും ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജനും സൗഹൃദപൂർവം പരസ്പരം ആശ്ലേഷിച്ചു. നിറഞ്ഞ ചിരിയോടെ ഇരുവരും ഏറെനേരം പരസ്പരം ആശീർവദിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു. 

ലോക്‌സഭയുടെ വർഷകാല സമ്മേളനത്തിൽ 25 കോൺഗ്രസ്സ് എംപിമാരെ സ്പീക്കർ സസ്‌പെൻഡ് ചെയ്തിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലഫ്റ്റനന്‍റ് ഗവർണ്ണർ നജീബ് ജംഗും ചടങ്ങിനെത്തി ഹസ്തദാനം നടത്തുകയും പരസ്പരം സൗഹൃദം പങ്കിടുകയും ചെയ്തു. 

പ്രധാനമന്ത്രി മോഡി സംഗമത്തിനെത്തിയവരെ ഹാർദ്ദവമായി  സ്വീകരിച്ചു. മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരുമായി അദ്ദേഹം പ്രത്യേകം സൗഹൃദ സംഭാഷണങ്ങൾ നടത്തി.  സംഗമത്തിന് ആതിഥേയത്വം വഹിച്ച രാഷ്ട്രപതി പ്രണാബ് മുഖർജിയും ഏറെ സൗഹാർദ്ദ പൂർവമാണ് ചടങ്ങിനെത്തിയവരെ വരവേറ്റത്. ഉപരാഷ്ട്രപതി മുഹമ്മദ് ഹമീദ് അൻസാരിയും അദ്ദേഹത്തിന്‍റെ ഭാര്യ സൽ‍മ അൻസാരിയും സംഗമത്തിന് എത്തിയിരുന്നു.” ഇതാണ് വാർത്തയുടെ ഉള്ളടക്കം. ആ സന്ദർഭത്തിലെ ചിത്രമാണ്  പോസ്റ്റിലുപയോഗിച്ചിരിക്കുന്നത്.

archived linkpatrika

സുമിത്രാ മഹാജൻ സോണിയാ ഗാന്ധിയെ സന്ദർശിച്ചതായി ഇതുവരെ വാർത്തകളില്ല. ഇത്തരത്തിൽ ഒരു കൂടിക്കാഴ്ച്ച നടന്നിരുന്നു എങ്കിൽ അത് ദേശീയ തലത്തിൽ ശ്രദ്ധ ലഭിക്കുന്ന ഒരു വാർത്തയായതിനാൽ മാധ്യമങ്ങൾ തീർച്ചയായും റിപ്പോർട്ട് ചെയ്തേനെ. സോണിയാ ഗാന്ധി സുമിത്രാ മഹാജനുമായി കൂടിക്കാഴ്ച്ച നടത്തിയ വാർത്തകൾ 2015- 16 കാലത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഇതല്ലാതെ സുമിത്ര മഹാജൻ സോണിയാ ഗാന്ധിയെ സന്ദർശിച്ചു എന്ന വാർത്ത ഇതേവരെ പുറത്തുവന്നിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്നതെല്ലാം തെറ്റിധാരണ സൃഷ്ടിക്കുന്ന വാർത്തകളാണ്.

നിഗമനം

ഈപോസ്റ്റിൽ നൽകിയിരിക്കുന്നത് തെറ്റിധാരണ സൃഷ്ടിക്കുന്ന വാർത്തയാണ്. സുമിത്രാ മഹാജൻ സോണിയാ ഗാന്ധിയെ സന്ദർശിച്ചിട്ടില്ല. പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം 2015 ൽ നടന്ന ഒരു സംഗമത്തിൽ നിന്നുള്ളതാണ്. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:സുമിത്രാ മഹാജനും സോണിയാ ഗാന്ധിയും ഒന്നിച്ചുള്ള പഴയ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം…

Fact Check By: Vasuki S 

Result: False