‘അനില്‍ അക്കര എംഎല്‍എ സ്വപ്ന സുരേഷിനെ അഡ്മിറ്റ്‌ ചെയ്ത ദിവസം രാത്രി ആശുപത്രിയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയെന്ന് എന്‍ഐഎ പറഞ്ഞു’വെന്ന പ്രചരണം തെറ്റാണ്…

രാഷ്ട്രീയം

വിവരണം

കേരളത്തില്‍ രണ്ടു മാസം മുമ്പ് വിവാദമായ സ്വര്‍ണ്ണ കടത്ത് കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വിവരങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ രംഗം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ് മെന്‍റ്  സംഘം ചോദ്യം ചെയ്യുകയുണ്ടായി. ഇനിയും ചോദ്യം ചെയ്യുമെന്നാണ് വാര്‍ത്തകള്‍. 

ഇക്കഴിഞ്ഞ ദിവസം മുതല്‍ വടക്കാഞ്ചേരി എം എല്‍ എ അനില്‍ അക്കര യുടെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു ആരോപണം പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റിലെ വിവരങ്ങള്‍ ഇങ്ങനെയാണ്: 

“സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി കൂടി ആയ അനില്‍ അക്കര രാത്രി രഹസ്യ സന്ദര്‍ശനം നടത്തിയെന്ന് എന്‍ഐഎ” 

archived linkFB post

എന്നാല്‍ അനില്‍ അക്കര സന്ദര്‍ശനം നടത്തിയത് രഹസ്യമായി ആയിരുന്നില്ല. കൂടാതെ ഇദ്ദേഹം സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതിയുമല്ല. 

വിശദാംശങ്ങള്‍ ഇങ്ങനെ

ഞങ്ങള്‍ വാര്‍ത്തയെ പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലാണ് ഈ പ്രചരണം നടക്കുന്നതെന്ന് മനസ്സിലായി. മുഖ്യധാരാ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട്   ഇങ്ങനെയാണ്: 

തനിക്കെതിരെയുള്ള പ്രചാരണത്തെ പറ്റി അനില്‍ അക്കര ഞങ്ങളുടെ പ്രതിനിധിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്: ഞാന്‍ സ്വപ്നയെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്ത ദിവസം അവിടെ പോയിരുന്നു. അത് രഹസ്യമായിട്ടല്ല. അവിടെ ഞാന്‍ ചെന്നതിനു തെളിവായി ഫേസ്ബുക്കില്‍ ലൈവ് ഇടുകയും ചെയ്തു. എന്‍ ഐ എ ഉദ്യോഗസ്ഥര്‍ കൂടി ഈ വിവരം അറിയണം എന്നുള്ളത് കൊണ്ട് ഞാന്‍ ലൈവില്‍ അവരെ പരാമര്‍ശിച്ചിരുന്നു.  വീഡിയോ എന്‍റെ ഫെസ്ബുക്കിലുണ്ട്. അവിടെ ചില രാഷ്ട്രീയ കളികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന ബോധ്യമുള്ളതിനാല്‍ തന്നെയാണ് പോയത്. അതിന്‍റെ കാര്യങ്ങള്‍ മുഴുവന്‍ ഫേസ്ബുക്ക് ലൈവില്‍ വ്യക്തമായി പറയുന്നുണ്ട്. 

archived link

ഞാന്‍ ഉന്നയിച്ച പ്രസക്തമായ കാര്യങ്ങള്‍ മറയ്ക്കാനായാണ് എന്‍റെ പേരില്‍ വ്യാജ പ്രചരണം നടത്തുന്നത്.  

archived linkmalayalam.news18

മുഖ്യമന്ത്രിയുമൊത്തുള്ള ഇഫ്താര്‍ വിരുന്നില്‍ വച്ചാണ് ഞാന്‍ സ്വപ്ന സുരേഷിനെ ആകെ കണ്ടിട്ടുള്ളത്. ഇതല്ലാതെ എനിക്ക് അവരുമായി യാതൊരു ബന്ധവുമില്ല. 

സ്വപ്ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ ഞാന്‍ രഹസ്യ സന്ദര്‍ശനം നടത്തി എന്ന ആരോപണത്തെ പറ്റിയും ലൈവില്‍ ഞാന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്

archived link

മനപൂര്‍വം വ്യാജ ആരോപണം കെട്ടിച്ചമച്ച്‌ പ്രതിരോധത്തിലാക്കാന്‍ വെറുതേ ശ്രമിക്കുകയാണ്.”

ഇതാണ് സ്വപ്ന സുരേഷിനെ അഡ്മിറ്റ്‌ ചെയ്ത ആശുപത്രിയില്‍ അനില്‍ അക്കര  രഹസ്യ സന്ദര്‍ശനം നടത്തി എന്ന വാര്‍ത്തയ്ക്ക് അനില്‍ അക്കര എംഎല്‍എ ഞങ്ങളുടെ പ്രതിനിധിക്ക് നല്‍കിയ മറുപടി. അനില്‍ അക്കര രഹസ്യ സന്ദര്‍ശനം നടത്തി എന്ന തരത്തില്‍ യാതൊരു വിവരങ്ങളും എന്‍ ഐ എ ഓഫീസില്‍ നിന്നും മാധ്യമങ്ങള്‍ക്ക്  കൈമാറിയിട്ടില്ല  എന്ന്  കൊച്ചി ഓഫീസിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, ഈ കേസിലെ വിവരങ്ങള്‍ക്ക് അന്വേഷണത്തിന്‍റെ  ഭാഗമായി രഹസ്യാത്മകത ഉണ്ടെന്നും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിന് ചില  മാനദണ്ഡങ്ങൾ ഉണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.  

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയാണ്. അനില്‍ അക്കര എം എല്‍ എ  സ്വപ്ന സുരേഷിനെ അഡ്മിറ്റ്‌ ചെയ്ത ദിവസം രാത്രി ആശുപത്രിയില്‍ രഹസ്യ സന്ദര്‍ശനം നടത്തിഎന്ന് എന്‍ ഐ എ പറഞ്ഞു  എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ആശുപത്രിയില്‍ എത്തിയ അനില്‍ അക്കര സ്വപ്നയെ സന്ദര്‍ശിച്ചിട്ടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ അനില്‍ അക്കര രഹസ്യമായി സന്ദര്‍ശിച്ചു എന്ന് എന്‍ ഐ എ ആര്‍ക്കും വിവരം നല്‍കിയിട്ടില്ല.  ആശുപത്രിയില്‍ പോയി എന്നറിയിച്ചു കൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ ലൈവ് ചെയ്തിരുന്നു. 

Avatar

Title:‘അനില്‍ അക്കര എംഎല്‍എ സ്വപ്ന സുരേഷിനെ അഡ്മിറ്റ്‌ ചെയ്ത ദിവസം രാത്രി ആശുപത്രിയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയെന്ന് എന്‍ഐഎ പറഞ്ഞു’വെന്ന പ്രചരണം തെറ്റാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •