ചിത്രത്തിൽ കാണുന്ന പെൺകുട്ടി കോമല്‍ മിശ്രയല്ല, ശശികലയാണ്, ഇവൾ കോവിഡ് ബാധിച്ചു മരിച്ചിട്ടില്ല…

ദേശീയം സാമൂഹികം

വിവരണം 

കോവിഡ് 19 ഇന്നുവരെ 2589480 പേർക്ക് ലോകത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1696890 പേര് രോഗബാധിതരാണ്. ലോകമെമ്പാടും ഇതുവരെ 178509 പേർ  മരിച്ചിട്ടുണ്ട്. വിശ്രമമില്ലാത്ത രോഗീപരിചരണമാണ് കോവിഡ്  കർമ്മമുഖത്തുള്ള ആരോഗ്യ പ്രവർത്തകർക്ക് നേരിടേണ്ടി വരുന്നത്. പ്രാഥമിക ആവശ്യങ്ങൾ പോലും ഉപേക്ഷിച്ചാണ് പലരും വിശ്രമമില്ലാതെ പണിയെടുക്കുന്നത്. അപ്പോൾ ഇക്കൂട്ടർക്ക് രോഗം പകരാനുള്ള സാധ്യത അപകടകരമായ രീതിയിൽ കൂടുതലാണ്. ഇങ്ങനെ സുമനസ്സുകളായ അനേകം ഡോക്ടർമാരെയും നേഴ്‌സുമാരെയും  ലോകത്തെ പല രാജ്യങ്ങൾക്കും നഷ്ടമായിട്ടുണ്ട്. 

ഇന്നലെ മുതൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് 23കാരിയായ കോമള മിശ്ര എന്ന നേഴ്സ് കോവിഡ്  ബാധിച്ച് മരിച്ചു എന്നത്. ചിത്രം സഹിതമാണ് വാർത്തയുടെ പ്രചരണം. ചില പോസ്റ്റുകളിൽ പുണെയിലെ നായിഡു ആശുപത്രിലാണ് കോമൾ  ജോലി ചെയ്തിരുന്നത് എന്ന് പരാമർശിക്കുന്നു.

archived link
FB post

ഫേസ്‌ബുക്കിലെ പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: 

“ഇന്ത്യയിൽ കൊറോണ രോഗികൾ 20000 ആയി. മരണം 645. കേരളത്തിലെ തള്ളും കേട്ട്‌ പുറത്തിറങ്ങാൻ നിൽക്കരുത്‌. കേരളത്തിലെ കൊറോണ കണക്കുകൾ വെറും തള്ളാണ്‌. പാലക്കാടുകാരൻ കോയമ്പത്തൂരിൽ പോയി ചികിത്സ തേടിയാൽ അത്‌ കേരളം കണക്കിൽ പെടുത്തില്ല. മാഹിക്കാരൻ പരിയാരത്തു വെച്ചു മരണമടഞ്ഞാലും കേരളത്തിന്‍റെ കണക്കിൽ അതുണ്ടാവില്ല. കോവിഡ്‌ വൈറസ്‌ ശരീരത്തിൽ ബാധിച്ചാൽ 14- മുതൽ 28 ദിവസത്തിനുള്ളിൽ അറിയാൻ പറ്റും. കഴിഞ്ഞ മാസം 23 നു വിമാന സർവ്വീസുകൾ നിർത്തിയതാണ്‌. കേരളം ഇന്നലെ പറയുന്നു 19 പുതിയ രോഗികൾ എത്തി, എല്ലാം വിദേശത്തു നിന്നും വന്നവർ ആണെന്ന്. ഡൽഹിയാണ്‌ ആ വിദേശ രാജ്യം. കേരളം റൂട്ട്‌ മാപ്പൊന്നും ഇപ്പോൾ പുറത്തു വിടാത്തതിനു കാരണം എല്ലാം റൂട്ടും തബ്‌ലീഗ്‌ ൽ നിന്നും തുടങ്ങിയതായതു കൊണ്ടാണ്‌. തബ്‌ലീഗിൽ പങ്കെടുക്കാൻ 270 പേർ കേരളത്തിൽ നിന്നും പോയിരുന്നു. അതിൽ 180 പേരുടെ ഫോൺ ഇപ്പോൾ സ്വിച്ചോഫ്‌ ആണ്‌. ഇത്‌ ഇന്ത്യാ ടുഡേയിൽ വന്ന വാർത്തയാണ്‌. ഇവർ മുങ്ങിയതാണോ മരിച്ചതാണോ എന്ന് ആർക്കറിയാം. വീടുകളിൽ തുടരുക തന്നെയാണ് നല്ലത്..

ആതുരസേവനവഴിയിൽ സ്വജീവൻ പരിത്യജിച്ച് സ്വർഗ്ഗത്തിലെക്ക് ചിറകടിച്ച് പോയ മാലാഖക്കുഞ്ഞ് കുമാരീ കോമൾ മിശ്ര (23)”

എന്നാൽ ഈ വാദം തെറ്റാണ്. ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടി കോമള്‍ മിശ്രയല്ല, ശശികല താക്കറെ എന്ന പെണ്‍കുട്ടിയാണ്. എന്താണ് വാസ്തവം എന്ന് നോക്കാം 

വസ്തുതാ വിശകലനം 

ഞങ്ങൾ വാർത്തയുടെ കീ വേർഡ്‌സ്  ഉപയോഗിച്ച് ആദ്യം ഓൺലൈനിൽ അന്വേഷിച്ചു. ജനതാകാരക്ഷക് എന്ന മറാത്തി മാധ്യമം ഇതേ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാര്‍ത്തയില്‍ ഈ പെണ്‍കുട്ടി യാവത്മാൽ ജില്ലയില്‍ നിന്നുമുള്ളയാളാണ് എന്നു പരാമര്‍ശിച്ചിട്ടുണ്ട്. 

അതിനാൽ ഞങ്ങളുടെ പ്രതിനിധി യാവത്മാൽ ജില്ലയിലെ കലാംബ് താലൂക്കിലെ ജോഥ്മോഹ ഗ്രാമത്തിലെ സർപഞ്ചായ ധന്യേശ്വർ ദഹാരെയുമായി ബന്ധപ്പെട്ടു. അദ്ദേഹം നല്കിയ വിശദീകരണം ഇങ്ങനെയാണ്:  “തിങ്കളാഴ്ച മുതൽ ഞങ്ങൾക്ക് കോമൽ മിശ്രയുടെ നിര്യാണത്തെക്കുറിച്ച് അന്വേഷണങ്ങള്‍  ലഭിക്കുന്നുണ്ട്. അതിനുശേഷം ഞങ്ങൾ വിശദമായ അന്വേഷണം നടത്തി. വോട്ടർ പട്ടിക വരെ  പരിശോധിച്ചു നോക്കി. പക്ഷേ, കോമള്‍ മിശ്രയോ അവളുടെ കുടുംബാംഗങ്ങളോ ഇവിടെ താമസിക്കുന്നതായി കണ്ടെത്തിയില്ല. ജോദ്‌മോഹ ഗ്രാമത്തിന്റെ പേരിൽ ഇത്തരമൊരു തെറ്റായ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞങ്ങൾ അത്ഭുതപ്പെടുന്നു”  

ജോഥ്മോഹ ഗ്രാമത്തിലെ പോലീസ് ഓഫീസറായ പാട്ടീൽ സുമൻ രാജുർക്കറും കോമൽ മിശ്ര എന്ന പെൺകുട്ടിയെക്കുറിച്ചുള്ള സന്ദേശം തെറ്റാണെന്ന് വ്യക്തമാക്കി.  “ഞങ്ങളുടെ ഗ്രാമത്തിന്‍റെ പേരിൽ ഒരു സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായതിനുശേഷം ഞങ്ങൾ അന്വേഷണം നടത്തിയിരുന്നു.  എന്നാൽ, കോമള്‍ മിശ്ര എന്ന പെൺകുട്ടി പൂനെയിലെ നായിഡു ആശുപത്രിയിൽ ജോലി ചെയ്യുന്നില്ലെന്ന് മനസ്സിലായി. ഈ ഗ്രാമത്തില്‍ കോമള്‍ മിശ്ര എന്ന പേരിൽ ഒരു പെൺകുട്ടിയുമില്ല”. 

കോമൽ മിശ്രയുടെ പേരില്‍ വാര്‍ത്ത പ്രചരിക്കാൻ തുടങ്ങിയതിന് ശേഷം ഞാൻ ഗ്രാമത്തിൽ തന്നെ ചുറ്റിനടന്നതായി ജോഥ്മോഹ ആരോഗ്യമന്ത്രി രാജേഷ് വാദി പറഞ്ഞു. പക്ഷേ, ആ പേരിൽ ഒരു പെൺകുട്ടിയെ ഗ്രാമത്തിൽ കണ്ടെത്തിയില്ല. മാത്രമല്ല, അടുത്തുള്ള ഗ്രാമമായ ഖട്ടേശ്വറിലും സംഘം അന്വേഷിച്ചു. കഴിഞ്ഞ പത്തുവർഷമായി മിശ്ര എന്ന പേരില്‍ ഒരു കുടുംബവും അവിടെ താമസിക്കുന്നില്ല. പെൺകുട്ടി ആരാണെന്നും ആരുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെന്നും ഞങ്ങൾക്ക് അറിയില്ല. എന്നാൽ ഒരു കാര്യം ഉറപ്പിച്ച് പറയാം, ഈ രണ്ട് കാര്യങ്ങൾക്കും ജോഥ്മോഹ ഗ്രാമവുമായി യാതൊരു ബന്ധവുമില്ല. ”

തുടര്‍ന്ന് ഞങ്ങളുടെ പ്രതിനിധി ഗ്രാമവാസികളുമായി സംസാരിച്ചു.. മിശ്ര എന്ന പേരില്‍ ഗ്രാമത്തിൽ കുടുംബങ്ങളൊന്നുമില്ലെന്നും അവർ പറഞ്ഞു. ഒരു വ്യക്തി പ്രതികരിച്ചത് ഇങ്ങനെയാണ്:  “ഞാന്‍ ഈ സമുദായത്തില്‍ പെട്ട ആളാണ്. എന്നാൽ ഞങ്ങളുടെ സമുദായത്തിലെ ആരും ഈ ഗ്രാമത്തിൽ ഇല്ല. ഈ പോസ്റ്റ് വൈറലായതിന് ശേഷം എന്റെ ബന്ധുക്കളിൽ പലരും എന്നോട് ചോദിച്ചു. പെൺകുട്ടി ജോഥ്മോഹ ഗ്രാമത്തിൽ നിന്നുള്ളയാളല്ലെന്ന് ഞാൻ അവരോട് പറഞ്ഞു. ”

യവത്മാൽ ജില്ലയിലെ ജോദ്‌മോഹ ഗ്രാമത്തിൽ കോമൽ മിശ്ര എന്ന പെൺകുട്ടി ഇല്ലെന്ന് വ്യക്തമാണ്.

പോസ്റ്റിലെ ചിത്രത്തിലെ പെണ്‍കുട്ടിയെ അന്വേഷണത്തിനൊടുവില്‍ ഞങ്ങള്‍ കണ്ടെത്തി. വൈറലായ ഫോട്ടോ ശശികല താക്കറെ എന്ന പെൺകുട്ടിയുടെതാണ്. ഭണ്ഡാര ജില്ലയിലെ ധർമ്മപുരി നിവാസിയായ  ശശികല തനിക്കെതിരെ കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനെതിരെ  സകോലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

ഫാക്റ്റ് ക്രെസെൻഡോയോട് സംസാരിച്ച ശശികല വ്യക്തമാക്കിയത് ഇങ്ങനെയാണ്: “ഞാൻ കഴിഞ്ഞ 3 മാസമായി സെന്ദുർവാഫയിലെ ഒരു നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്നു. ഏപ്രിൽ 20 ന് എന്റെ ഒരു സുഹൃത്ത് വാട്ട്‌സ്ആപ്പിൽ വൈറലായ ഒരു പോസ്റ്റിന്റെ ഫോട്ടോ എനിക്ക് അയച്ചു. കോമൽ മിശ്ര എന്ന നഴ്‌സിന്റെ മരണവാർത്ത പ്രചരിപ്പിക്കാൻ എന്‍റെ ഫോട്ടോ ഉപയോഗിച്ചിരിക്കുകയാണ്.  ഈ ഫോട്ടോ ഫേസ്ബുക്കിലെ എന്‍റെ ഡിപിയായിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ആരോ ഇത് ഉപയോഗിക്കുന്നു. ഞാൻ സകോലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

ശശികല തന്‍റെ പരാതിയുടെ ഒരു ഫോട്ടോ ഫാക്റ്റ് ക്രെസെൻഡോയ്ക്ക് കൈമാറി. . കൂടാതെ, സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അവർ ഒരു വീഡിയോ ഞങ്ങള്‍ക്ക് അയച്ചു.

നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്ന പെൺകുട്ടിയുടെ പേര് ശശികല താക്കറെ എന്നാണ്. സോഷ്യൽ മീഡിയയിൽ കോമൽ മിശ്രയുടെ പേരിൽ വൈറലായ പോസ്റ്റ് അസത്യമാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ശശികല താക്കറെ എന്ന പെൺകുട്ടിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജ കിംവദന്തികൾ പ്രചരിപ്പിക്കുകയാണ്. ജോഥ്മോഹ ഗ്രാമത്തിൽ നിന്നുള്ളയാളല്ല,  ഭണ്ഡാര ജില്ലയിലെ ധർമ്മപുർ നിവാസിയാണ് ശശികല. അവൾക്ക് കൊറോണ ബാധിച്ചിട്ടില്ല, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Avatar

Title:ചിത്രത്തിൽ കാണുന്ന പെൺകുട്ടി കോമല്‍ മിശ്രയല്ല, ശശികലയാണ്, ഇവൾ കോവിഡ് ബാധിച്ചു മരിച്ചിട്ടില്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •